
റിയാദ്: സൗദി കിഴക്കന്‍ പ്രവിശ്യയില്‍ മസ്തിഷ്‌കാഘാതം പിടിപെട്ട് ശരീരത്തിന്റെ ഒരുവശം തളര്‍ന്നുകിടപ്പിലായിരുന്ന തമിഴ്നാട് കുംഭകോണം സ്വദേശി മുഹമ്മദ് സുല്‍ത്താന്‍ ജഹീര്‍ ഹുസൈന്‍ ചികിത്സക്കായി നാട്ടിലേക്ക് മടങ്ങി. നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യപ്രവര്‍ത്തകരുടെ ഇടപെടലാണ് തുണയായത്. ദമ്മാമില്‍ ഒരു സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ജഹീര്‍ ഹുസൈന്‍.
രണ്ടാഴ്ച മുമ്പ് അദ്ദേഹത്തിന് ജോലിസ്ഥലത്ത് പെട്ടെന്ന് ദേഹസ്വാസ്ഥ്യം ഉണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു. മസ്തിഷ്‌കാഘാതം മൂലം ശരീരത്തിന്റെ ഒരുവശം തളര്‍ന്നു പോയിരുന്നു. ഉടനെ തന്നെ സ്‌പോണ്‍സര്‍ അദ്ദേഹത്തെ ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെനിന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കിങ് ഫഹദ് ആശുപത്രിയിലേക്കും മാറ്റി. പക്ഷെ അവിടെയും ഒരു മാറ്റവും ഉണ്ടായില്ല. പിന്നീട് സ്‌പോണ്‌സറുടെയും കൂട്ടുകാരുടെയും വീട്ടുകാരുടെയും അഭിപ്രായം മാനിച്ചു നാട്ടില്‍പോയി തുടര്‍ ചികിത്സ നടത്താം എന്ന തീരുമാനത്തില്‍ എത്തി. ആരോഗ്യസ്ഥിതി മൂലം നാട്ടിലേയ്ക്ക് അയയ്ക്കുന്നതിന് പല തടസ്സങ്ങള്‍ ഉണ്ടായി. ദമ്മാമിലെ മലയാളി മാധ്യമപ്രവര്‍ത്തകന്‍ ഹബീബ് ഏലംകുളമാണ് ഈ വിഷയം നവയുഗം ജീവകാരുണ്യപ്രവര്‍ത്തകനായ പദ്മനാഭന്‍ മണിക്കുട്ടനെ അറിയിച്ചത്.
തുടര്‍ന്ന് നവയുഗം ജീവകാരുണ്യവിഭാഗം ഈ കേസ് ഏറ്റെടുക്കുകയായിരുന്നു. ഡോക്ടറുമായും ആശുപത്രി അധികൃതരുമായും പലതവണ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന്, ഒരു വീല്‍ചെയറില്‍ ജഹീര്‍ ഹുസൈനെ നാട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ സമ്മതപത്രം നല്‍കാം എന്ന് അവര്‍ അറിയിച്ചു. വീല്‍ചെയറില്‍ പോകുന്ന രോഗിയുടെ കൂടെ പോകാന്‍ ഒരാള്‍ നിയമപ്രകാരം ആവശ്യമായിരുന്നു.
നവയുഗം തന്നെ മുമ്പ് തൊഴില്‍ കോടതി വഴി ഫൈനല്‍ എക്‌സിറ്റ് അടിച്ചുവാങ്ങി നല്‍കിയ മറ്റൊരു തമിഴ്നാട് സ്വദേശിയെ കൂടെപ്പോകാന്‍ തയാറാക്കി. ഇവര്‍ക്ക് രണ്ടുപേര്‍ക്കും വേണ്ട വിമാനടിക്കറ്റ് ജഹീറിന്റെ സ്‌പോണ്‍സര്‍ തന്നെ നല്‍കാനും തയാറായി. അനിശ്ചിതങ്ങള്‍ക്കൊടുവില്‍, എല്ലാവര്‍ക്കും നന്ദി പറഞ്ഞു ജഹീര്‍ ഹുസൈന്‍ ദമ്മാം വിമാനത്താവളത്തില്‍ നിന്നും നാട്ടിലേയ്ക്ക് പറന്നു.
(ഫോട്ടോ: നാട്ടിലേക്ക് മടങ്ങുന്ന ജഹീര്‍ മണിക്കുട്ടനൊപ്പം )
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam