വാഹനവുമായി റോഡിലിറങ്ങി നിരവധി വാഹനങ്ങളില്‍ ഇടിച്ചു, ഒടുവില്‍ രക്ഷപ്പെടാന്‍ വെടിവെപ്പ്; യുവാവ് അറസ്റ്റില്‍

By Web TeamFirst Published Apr 1, 2023, 3:58 PM IST
Highlights

സൗദി തലസ്ഥാനമായ റിയാദില്‍ നിരവധി കാര്‍ ഷോറൂമുകളുള്ള ഒരു സ്‍ട്രീറ്റിലായിരുന്നു യുവാവിന്റെ അതിക്രമമെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

റിയാദ്: സൗദി അറേബ്യയില്‍ തന്റെ വാഹനവുമായി റോഡിലിറങ്ങി നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച യുവാവ് അറസ്റ്റില്‍. ഒടുവില്‍ തോക്കെടുത്ത് ആകാശത്തേക്ക് വെടിവെച്ചാണ് ഇയാള്‍ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

സൗദി തലസ്ഥാനമായ റിയാദില്‍ നിരവധി കാര്‍ ഷോറൂമുകളുള്ള ഒരു സ്‍ട്രീറ്റിലായിരുന്നു യുവാവിന്റെ അതിക്രമമെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. മറ്റ് വാഹനങ്ങളില്‍ ബോധപൂര്‍വം ഇടിപ്പിച്ചുണ്ടാക്കിയ അപകടങ്ങളില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ഏഴ് വാഹനങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്‍തു. ഈ സമയം കാറില്‍ യുവാവിനൊപ്പം മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു. 

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാണ് സെക്യൂരിറ്റി പട്രോള്‍ സംഘങ്ങള്‍ അവിടെയെത്തിയതെന്ന് റിയാദ് പൊലീസ് വക്താവ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവാവിനെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്‍തു. പിടിയിലാവുമ്പോള്‍ ഇയാള്‍ സ്വബോധത്തിലല്ലായിരുന്നുവെന്നും പൊലീസ് വക്താവ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന യുവാവിനെ കണ്ടെത്താന്‍ വ്യാപക അന്വേഷണം പുരോഗമിക്കുകയാണെന്നും റിയാദ് പൊലീസ് അറിയിച്ചു.

Read also: യാചകരെ എത്തിക്കുന്നതിന് ഏജന്‍സികള്‍, മാസ ശമ്പളം ഉറപ്പ്; കര്‍ശന മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍

click me!