Asianet News MalayalamAsianet News Malayalam

യാചകരെ എത്തിക്കുന്നതിന് ഏജന്‍സികള്‍, മാസ ശമ്പളം ഉറപ്പ്; കര്‍ശന മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍

പുണ്യമാസത്തില്‍ ഭിക്ഷാടകരുടെ എണ്ണം വര്‍ദ്ധിക്കുന്നത് തടയാന്‍ പ്രത്യേക ബോധവത്കരണ ക്യാമ്പയിന് ഷാര്‍ജ പൊലീസ് തുടക്കം കുറിച്ചിട്ടുണ്ട്. സമൂഹത്തിന്റെ സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും ഭിക്ഷാടകരെ ശ്രദ്ധയില്‍പെടുന്നവര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും പൊലീസ് പറയുന്നു. 

Salaried beggars recruited through agencies in to UAE authorities warn public afe
Author
First Published Apr 1, 2023, 2:22 PM IST

ഷാര്‍ജ: റമദാന്‍ മാസത്തില്‍ ഭിക്ഷാടകരുടെ എണ്ണം വര്‍ദ്ധിക്കുന്നത് കണക്കിലെടുത്ത് യുഎഇയില്‍ ഉടനീളം ശക്തമായ പരിശോധനയാണ് അധികൃതര്‍ നടത്തുന്നത്. ഭിക്ഷാടനം സാമ്പത്തിക കുറ്റകൃത്യമാണെന്നും ഒപ്പം ആളുകളുടെ സുരക്ഷയ്ക്കും സുരക്ഷിതത്വത്തിനും ഭീഷണിയാണെന്നും ഷാര്‍ജ പൊലീസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ബോധവത്കരണ സന്ദേശത്തില്‍ പറയുന്നു. കൃത്യമായ ശമ്പളം പറഞ്ഞുറപ്പിച്ച് ഭിക്ഷാടനത്തിനായി എത്തുന്നവരുമുണ്ടെന്ന് പൊലീസ് പറയുന്നു.

പുണ്യമാസത്തില്‍ ഭിക്ഷാടകരുടെ എണ്ണം വര്‍ദ്ധിക്കുന്നത് തടയാന്‍ പ്രത്യേക ബോധവത്കരണ ക്യാമ്പയിന് ഷാര്‍ജ പൊലീസ് തുടക്കം കുറിച്ചിട്ടുണ്ട്. സമൂഹത്തിന്റെ സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും ഭിക്ഷാടകരെ ശ്രദ്ധയില്‍പെടുന്നവര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും പൊലീസ് പറയുന്നു. റമദാന്‍ മാസം മുന്നില്‍ കണ്ട് ഭിക്ഷാടനത്തിനായി നിരവധിപ്പേരാണ് സന്ദര്‍ശക വിസയില്‍ യുഎഇയില്‍ എത്തിയിട്ടുള്ളതെന്ന് ഷാര്‍ജ പൊലീസ് ഓപ്പറേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ മേജര്‍ ജനറല്‍ ഇബ്രാഹിം അല്‍ അജെല്‍ പറഞ്ഞു. ഇത്തരക്കാരില്‍ പലരെയും അറസ്റ്റ് ചെയ്‍തിട്ടുണ്ട്. അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അധികവും. എന്നാല്‍ രാജ്യത്ത് താമസ വിസയില്‍ കഴിയുന്നവരും കുടുംബത്തോടൊപ്പം താമസിക്കുന്ന പ്രവാസികളുമൊക്കെ ഭിക്ഷാടനത്തിന് പിടിയിലായിട്ടുണ്ട്.

പൊലീസ് അടുത്തിടെ കസ്റ്റഡിയിലെടുത്ത ചില യാചകരെ ചോദ്യം ചെയ്‍തപ്പോഴാണ് തങ്ങളെ ദുബൈയിലും ഷാര്‍ജയിലുമുള്ള ചില ട്രാവല്‍ ഏജന്‍സികള്‍ കൊണ്ടുവന്നതാണെന്ന് അവര്‍ സമ്മതിച്ചത്. ജോലിയ്ക്ക് എടുക്കുന്നത് പോലെ നിയമനം നല്‍കിയാണ് ഇവരെ എത്തിക്കുന്നത്. നിശ്ചിത തുക ശമ്പളം നല്‍കും. അതിന് പകരമായി ഭിക്ഷാടനം നടത്തി കിട്ടുന്ന പണം ഈ ഏജന്‍സികളെ ഏല്‍പ്പിക്കണമെന്നതായിരുന്നു വ്യവസ്ഥയെന്നും പൊലീസ് പറയുന്നു.

മറ്റ് ഏതൊരു കമ്പനിയെയും പോലെ തങ്ങള്‍‍ക്ക് അനുയോജ്യമായവരെ മാത്രമാണ് ഇവര്‍ ഇതിനായി എത്തിക്കുന്നത്. സ്‍ത്രീകളും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുമായ ആളുകളെയും കൊണ്ടുവന്ന് അനുകമ്പ പിടിച്ചുപറ്റുകയും റമദാന്‍ മാസത്തില്‍ ദാനധര്‍മങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ജനങ്ങളെ ചൂഷണം ചെയ്യുകയുമാണ് ഇത്തരം ആളുകളെന്നും അധികൃതര്‍ വിശദീകരിച്ചു. രേഖകളില്‍ ഇവരെല്ലാം വിനോദസഞ്ചാരികളാണെങ്കിലും ഭിക്ഷാടനത്തില്‍ ഏര്‍പ്പെടുന്ന നിരവധിപ്പേരുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഇത്തരക്കാരെ കണ്ടെത്താന്‍ പൊലീസ് കഠിന പരിശ്രമം നടത്തുന്നുണ്ട്. പൊതുജനങ്ങളുടെയും സഹകരണം പൊലീസിന് ഇക്കാര്യത്തില്‍ ആവശ്യമുണ്ട്. പിടിക്കപ്പെടുന്നവര്‍ക്ക് മൂന്ന് മാസം ജയില്‍ ശിക്ഷയും 5000 ദിര്‍ഹം പിഴയും ലഭിക്കാവുന്ന കറ്റകൃത്യമാണ് ഇതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

Follow Us:
Download App:
  • android
  • ios