
റിയാദ്: ദീർഘകാലം സൗദി അറേബ്യയിൽ പ്രവാസിയും വ്യവസായിയുമായിരുന്ന മലപ്പുറം കോട്ടക്കൽ പുതുപ്പറമ്പ് സ്വദേശി ഹംസ പൂക്കയിൽ (65) നാട്ടിൽ നിര്യാതനായി. ഹൃദയസ്തംഭനമുണ്ടായി കഴിഞ്ഞ 10 ദിവസമായി അബോധാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. തിങ്കളാഴ്ച അർദ്ധരാത്രിയായിരുന്നു അന്ത്യം. മൃതദേഹം ചൊവ്വാഴ്ച 11.30ന് ഞാറത്തടം ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി.
മലപ്പുറം എം.എസ്.പിയിൽ ലഭിച്ച ജോലി രാജിവെച്ച് 1981ലാണ് ഹംസ പൂക്കയിൽ സൗദി അറേബ്യയിലെത്തിയത്. മക്കയിൽ റെഡിമെയിഡ് ഷോപ്പിൽ സെയിൽസ്‍മാനായിട്ടായിരുന്നു പ്രവാസത്തിന്റെ തുടക്കം. പിന്നീട് ജിദ്ദയിലെ ഷറഫിയ്യ, ബാബ് മക്ക എന്നീ പ്രദേശങ്ങളിലെ ബദറുദ്ദീൻ, ബദർ അൽതമാം ഹോസ്‍പിറ്റലുകളിലും റിയാദിലെ ശിഫ അൽജസീറ പോളിക്ലിനിക്കിലും ദീർഘകാലം മാനേജിങ്ങ് ഡയറക്ടർ, ജനറൽ മാനേജർ പദവികൾ വഹിച്ചു.
വിവിധ അസുഖങ്ങളെ തുടർന്ന് 40 വർഷത്തെ പ്രവാസം മതിയാക്കി 2021ലാണ് നാട്ടിലേക്ക് മടങ്ങിയത്. ശാരീരികമായി ക്ഷീണിതനായിരുന്നപ്പോഴും സാമൂഹിക, സന്നദ്ധ, ജനസേവന, ജീവകാരുണ്യ മേഖലകളിലെ സജീവമായിരുന്നു. നമ്പിയത്ത് ഹെൽത്ത് കെയർ (എടരിക്കോട്, പുത്തനത്താണി), നമ്പിയത്ത് ഓഡിറ്റോറിയം (പുതുപ്പറമ്പ്) എന്നിവയുടെ മാനേജിങ് ഡയറക്ടർ, തിരൂരിലെ ശിഹാബ് തങ്ങൾ മെമ്മോറിയൽ ആശുപത്രി ഡയറക്ടർ ബോർഡ് അംഗം എന്നീ പദവികൾ വഹിച്ചുവരികയായിരുന്നു. പുറമേ നിരവധി ജീവകാരുണ്യ - ജനസേവന സംരംഭങ്ങൾക്കും നേതൃത്വം നൽകിയിരുന്നു.
പ്രമുഖ പ്രവാസി വ്യവസായി കെ.ടി. റബീയുള്ളയുടെ സഹോദരിയും മലപ്പുറം ഈസ്റ്റ് കോഡൂർ കരുവാൻതൊടി ആലക്കാട്ടിൽ ഫസലുല്ലയുടെ മകളുമായ ഖദീജയാണ് ഭാര്യ. ഫാത്തിമ നുസ്‌റത്ത്, ഡോ. നജ്മ ഹംസ, ഡോ. നിബ ഹംസ, മുഹമ്മദ് നവാഫ് എന്നിവർ മക്കളാണ്. അബ്ദുൽ അസീസ് കുറിയേടത്ത് (പൊന്മുണ്ടം), ഡോ. മുഹമ്മദ് തസ്‌ലീം ചെരിച്ചിയിൽ (കോഴിച്ചെന), നിസാമുദ്ദീൻ തെരുവത്ത് വീട്ടിൽ (രണ്ടത്താണി) എന്നിവർ മരുമക്കളാണ്.
Read also: സന്ദർശന വിസയിലെത്തിയ മലയാളി സൗദിയില്‍ കുഴഞ്ഞുവീണ് മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ