സൗദിയില്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി സിവില്‍ ഡിഫന്‍സ്

By Web TeamFirst Published Nov 27, 2022, 11:14 PM IST
Highlights

വെള്ളക്കെട്ടും മലവെള്ളപ്പാച്ചിലും ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി. 

റിയാദ്: സൗദി അറേബ്യയില്‍ തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. തബൂക്കിലെ അല്‍വജഹ്, ദബാ, ഹഖല്‍, നിയോം, ശര്‍മാ, ഉംലുജ്, തൈമാ, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, അല്‍ജൗഫ്, മദീന പ്രവിശ്യകളുടെ വിവിധ ഭാഗങ്ങള്‍, ഹായില്‍, മക്ക, ജിദ്ദ, റാബിഗ്, തായിഫ്, ജമൂം, അല്‍കാമില്‍, ഖുലൈല്, അല്ലൈത്ത് എന്നിവിടങ്ങളിലാണ് കനത്ത മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്.

ഖുന്‍ഫുദ, അര്‍ദിയാത്ത്, അസീര്‍, ജിസാന്‍, അല്‍ബാഹ, റിയാദിലെ അഫീഫ്, ദവാദ്മി, മജ്മ, സുല്‍ഫി, അല്‍ഗാത്ത് എന്നിവിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളക്കെട്ടും മലവെള്ളപ്പാച്ചിലും ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി. 

Read More - സൗദി അറേബ്യയില്‍ അശ്രദ്ധമായി വാഹനമോടിച്ച് യുവതിയെയും രണ്ട് കുട്ടികളെയും ഇടിച്ചിട്ട ഡ്രൈവര്‍ അറസ്റ്റില്‍

അതേസമയം ജിദ്ദയില്‍ വ്യാഴാഴ്ച ഉണ്ടായ കനത്ത മഴയിലും പ്രളയത്തിലും നാശനഷ്ടങ്ങള്‍ സംഭവിച്ച വസ്തുക്കളുടെ കണക്കെടുപ്പ് ആരംഭിച്ചു. മഴക്കെടുതിയില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തി ഡാറ്റ ശേഖരിക്കാന്‍ ഇലക്ട്രോണിക് രീതിയിലാണ് സ്വീകരിക്കുക.

നാശനഷ്ട വിലയിരുത്തല്‍ കമ്മറ്റിയില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളും ഉള്‍പ്പെടുന്നു. കമ്മറ്റിക്ക് മുമ്പില്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചതിന് ശേഷമാണ് നാശനഷ്ട വിലയിരുത്തല്‍ നടപടിക്രമങ്ങളിലേക്ക് കടക്കുക. ജിദ്ദയിൽ പെയ്തൊഴിഞ്ഞത് 13 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ മഴയെന്നാണ് റിപ്പോര്‍ട്ട്. 2009-ന് ശേഷം ജിദ്ദയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മഴയാണ് വ്യാഴാഴ്ച ജിദ്ദയിലുണ്ടായതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽഖഹ്ത്വാനി പറഞ്ഞു. രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെയാണ് മഴ നീണ്ടുനിന്നത്.

Read More -  നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; പ്രവാസികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്

രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെയാണ് മഴ ഏറ്റവും ഉയർന്ന അളവ് രേഖപ്പെടുത്തിയത്. നിരീക്ഷണ കേന്ദ്രങ്ങൾ അനുസരിച്ച് ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത് ഗവർണറേറ്റിന്റെ തെക്ക് ഭാഗത്താണ്. അത് 179.7 മില്ലിമീറ്ററാണെന്ന് നിരീക്ഷണ കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്. 

click me!