Latest Videos

മൂന്ന് പതിറ്റാണ്ടു കാലം നാട്ടില്‍ പോകാന്‍ കഴിയാതെ കുടുങ്ങിയ പ്രവാസി ഒടുവില്‍ നിയമ കുരുക്കഴിച്ച് നാട്ടിലേക്ക്

By Bino Puthen PurackalFirst Published Oct 16, 2022, 12:35 PM IST
Highlights

കുംടുംബത്തിലെ കഷ്ടപ്പാടുകൾക്ക് അറുതിവരുത്താനും പ്രയാസങ്ങളില്ലാത്ത നല്ല നാളുകൾ ജീവിതത്തിലുണ്ടാകുമെന്നും ആശിച്ചാണ് 1993 നവംബർ മാസം രാജു തങ്കമ്മ മസ്കറ്റിലേക്ക് വിമാനം കയറിയത്. 29 വര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസമായിരുന്നു മടക്കം

ഒടുവിൽ അത് സംഭവിച്ചു. ഒരിക്കലുമുണ്ടാകില്ലെന്ന് കരുതിയ ആ തിരിച്ചു പോക്ക്. നീണ്ട 29 വര്‍ഷങ്ങളാണ് പ്രിയപ്പെട്ടവര്‍ക്ക് അരികിലേക്ക് തിരികെയെത്താൻ തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി രാജു തങ്കമ്മയ്ക്ക് കാത്തിരിക്കേണ്ടി വന്നത്. ആ കാത്തിരിപ്പിന് ഒടുവില്‍ അവസാന നിമിഷം വരെ നീണ്ട അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് രാജു ബുധനാഴ്ച കൊച്ചിയിലേക്ക് വിമാനം കയറി.
 
സിനിമാക്കഥ പോലെയാണ് രാജുവിൻറെ ജീവിതം. പത്തൊമ്പതാം വയസിൽ പ്രണയം. വൈകാതെ വിവാഹം. പിന്നെ ജീവിതം കരുപ്പിടിപ്പിക്കാൻ പ്രവാസം. 1993 നവംബറിൽ ഭാര്യ ലാലിയോടും അഞ്ചു വയസുള്ള മൂത്ത മകനോടും ഒരു വയസുപോലും തികയാത്ത രണ്ടാമത്തെ കുഞ്ഞിനോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ രാജു ഒരിക്കലും കരുതിക്കാണില്ല, ഇനി അവരിലേക്കെത്താൻ ദശാബ്ദങ്ങളുടെ കാത്തിരിപ്പ് വേണ്ടി വരുമെന്ന്.

1993 നവംബറിലാണ് രാജു ഒമാനിലെത്തുന്നത്. ഭാര്യാപിതാവാണ് രാജുവിന് ബര്‍ക്ക വിലായത്തിലെ മുളന്തയിൽ ജോലി വാങ്ങി നൽകിയത്. ഫാമിലായിരുന്നു രാജുവിന് ജോലി. പക്ഷേ ജോലിയുമായി ഒത്തുപോകാനാകാതെ വന്നതോടെ രാജു തൊഴിലിടത്തു നിന്ന് ഒളിച്ചോടി. അന്നു മുതൽ രാജുവിന്റെ ജീവിതം അനിശ്ചിതത്വമായി മാറി. 

ജീവിക്കാൻ വേണ്ടി പല തൊഴിലുകൾ ചെയ്തു. പെയിന്റു പണിക്കാരനായി, കൂലിപ്പണിക്കാരനായി. ചുമടെടുത്തു. പക്ഷേ എല്ലാവരും രാജജുവിന്റെ നിസാഹയത ചൂഷണം ചെയ്തു. അനധികൃതമായി ഒമാനിൽ തങ്ങുന്ന രാജുവിന് പരാതിപ്പെടാനാകില്ല എന്ന ഉറപ്പുണ്ടായിരുന്നവര്‍ ചെയ്ത ജോലിയുടെ പണം നൽകിയില്ല. മറ്റുചിലര്‍ അര്‍ഹിക്കുന്ന കൂലി നിഷേധിച്ചു. മുളന്തയിൽ നിന്ന് മസ്കത്തിലേക്കെത്തിയെങ്കിലും രാജുവിന്റെ അവസ്ഥയ്ക്ക് മാറ്റമുണ്ടായില്ല. തന്നെ ചതിച്ചവരിലേറെയും മലയാളികൾ തന്നെയാണെന്ന് രാജു വേദനയോടെ ഓര്‍ക്കുന്നു

ഒമാനിൽ പലതവണ പൊതുമാപ്പ് പ്രഖ്യാപിക്കപ്പെട്ടെങ്കിലും രാജുവിന്റെ മടക്കം മാത്രം പലകാരണങ്ങളാൽ മുടങ്ങി. നാട്ടിൽ പോയാൽ എങ്ങനെ ജീവിക്കുമെന്ന ആശങ്കയും, തനിക്ക് കിട്ടാനുള്ള പണത്തിന്റെ കണക്കുമെല്ലാം ഇയാളെ പിന്നോട്ട് വലിച്ചിരിക്കാം. ഇതിനിടയിൽ രാജുവിന്റെ അമ്മ മരിച്ചു. മക്കൾ വളര്‍ന്ന് വലുതായി. വിവാഹിതരായി. കൊച്ചുമക്കളുണ്ടായി. പക്ഷേ അവരെ മൊബൈൽ ഫോണിന്റെ സമചതുരത്തിൽ കാണാനായിരുന്നു രാജുവിന്റെ വിധി. 

ഒടുവിൽ ഏഷ്യാനെറ്റ് ന്യൂസിൻറെ ഇടപെടലിലൂടെയാണ് രാജുവിൻറെ അവസ്ഥ പുറം ലോകമറിയുന്നത്. വിവരമറിഞ്ഞ സാമൂഹ്യപ്രവര്‍ത്തകരും എംബസി ഉദ്യോഗസ്ഥരും വിഷയത്തിൽ ഇടപെട്ടു. ഒടുവിൽ ഈ വര്‍ഷം ഫെബ്രുവരി 22ന് നാട്ടിലേക്ക് പോകാനുള്ള എമര്‍ജൻസി സര്‍ട്ടിഫിക്കറ്റ് ഇന്ത്യൻ എംബസിയിൽ നിന്ന് ലഭിച്ചു. ഒമാൻ ഭരണകൂടവും അനുഭാവ നിലപാട് സ്വീകരിച്ചു. പക്ഷേ ടിക്കറ്റുമായി വിമാനത്താവളത്തിലെത്തിയപ്പോൾ സാങ്കേതിക നടപടിക്രമങ്ങളുടെ പേരിൽ യാത്ര മുടങ്ങി. ഒരു വട്ടമല്ല, മൂന്നു തവണയാണ് രാജുവിന് വിമാനത്താവളത്തിൽ നിന്ന് തിരികെ പോരേണ്ടി വന്നത്. 

ഒടുവിൽ ബുധനാഴ്ച എല്ലാ അനിശ്ചിതത്വങ്ങളും അവസാനിച്ചു. നാലാമത്തെ ശ്രമം വിജയിച്ചു. 29 കൊല്ലത്തെ കാത്തിരിപ്പിന് ഒടുവിൽ രാജു തങ്കമ്മ നാട്ടിലേക്ക് വിമാനം കയറി. തൻറെ പ്രിയപ്പെട്ടവരുടെ അടുക്കലേക്ക്. ഒരു നല്ല ഭര്‍ത്താവായി, അച്ഛനായി, മുത്തച്ഛനായി രാജു അവര്‍ക്കൊപ്പമുണ്ടാകും ഇനിയുള്ള കാലം. അവസാനമായി ഒരു നോക്ക് കാണാനാകാതെ പോയ അമ്മ എന്നും രാജുവിന്റെ ഒപ്പം തന്നെയുണ്ട്. രാജു തങ്കമ്മയായി.
 

Read also: പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു

click me!