Halal Certificate: സൗദിയിൽ മാംസാഹാര സാധനങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

By Web TeamFirst Published Jan 28, 2022, 11:51 PM IST
Highlights

വിപണിയിലെത്തുന്ന മാംസാഹാര സാധനങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി 

റിയാദ്: സൗദി അറേബ്യയിലെ (Saudi Arabia) വിപണിയിലെത്തുന്ന മാംസാഹാര സാധനങ്ങൾക്ക് (Meat food products) ഹലാൽ സർട്ടിഫിക്കറ്റ് (Halal Certificate) നിർബന്ധമാക്കി. ഇറക്കുമതി (Imported) ചെയ്യുന്നതടക്കമുള്ള മാംസവുമായി ബന്ധപ്പെട്ട എല്ലാ ഭക്ഷ്യ ഉത്പന്നങ്ങൾക്കും ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഹലാൽ വ്യക്തമാക്കുന്ന ലോഗോയോ അടയാളങ്ങളോ (Logos and Signs) സർട്ടിഫിക്കേഷനായി പരിഗണിക്കില്ല. പകരം അംഗീകൃത ഹലാൽ ഏജൻസികളുടെ സർട്ടിഫിക്കറ്റുള്ള ഉൽപന്നങ്ങൾക്ക് (Certified products) മാത്രമായിരിക്കും രാജ്യത്ത് അനുമതി നൽകുക. 

മാംസ വിഭവങ്ങളും അവയുടെ ഉത്പന്നങ്ങളുമടക്കമുള്ള ഭക്ഷ്യ ഉൽപന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അറിയിച്ചു. പ്രാദേശികമോ ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ ഭക്ഷ്യ ഉത്പന്നങ്ങൾക്കും ഇത് ബാധകമായിരിക്കും. ഹലാൽ സർട്ടിഫിക്കറ്റ് ആവശ്യമായ ഭക്ഷ്യ ഉത്പന്നങ്ങളുടെ പട്ടിക ഇതിനായി അതോറിറ്റി പുറത്തിറക്കിയിട്ടുണ്ട്. ജെലാറ്റിൻ, കൊളാജൻ, വിവിധ തരം ചീസുകൾ നിർമിക്കുന്ന അനിമൽ റെനെറ്റ്, അനിമൽ ഓയിൽ, കൊഴുപ്പ് തുടങ്ങിയ ഭക്ഷ്യ ഉത്പന്നങ്ങൾക്കും ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ജൂലൈ ഒന്ന് മുതൽ നിയമം കർശനമായി പ്രാബല്യത്തിൽ കൊണ്ടുവരുമെന്നും അതോറിറ്റി വ്യക്തമാക്കി.

click me!