Judge Sentenced: പരാതിക്കാരായ യുവതികളുമായി അവിഹിത ബന്ധം; സൗദിയില്‍ ജഡ്ജിക്ക് ശിക്ഷ

By Web TeamFirst Published Jan 24, 2022, 11:04 PM IST
Highlights

ഭര്‍ത്താക്കന്‍മാര്‍ക്കെതിരെ കോടതിയെ സമീപിച്ച രണ്ട് യുവതികളുമായി അവിഹിത ബന്ധം സ്ഥാപിച്ച ജഡ്ജിക്കെതിരെ നടപടി

റിയാദ്: പരാതിക്കാരായ യുവതികളുമായി അവിഹിത ബന്ധം സ്ഥാപിക്കുകയും മറ്റ് ജഡ്‍ജിമാരെ അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്‍ത കുറ്റത്തിന് സൗദി അറേബ്യയില്‍ മുന്‍ ജഡ്‍ജിക്ക് ശിക്ഷ. അഴിമതി കേസുകള്‍ പരിഗണിക്കുന്ന റിയാദ് ക്രിമിനല്‍ കോടതിയുടെ പ്രത്യേക ബെഞ്ചാണ് മക്ക ജനറല്‍ കോടതിയിലെ മുന്‍ ജഡ്‍ജിക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചത്.

ഭര്‍ത്താക്കന്‍മാര്‍ക്കെതിരെ കോടതിയെ സമീപിച്ച രണ്ട് യുവതികളുമായാണ് ജഡ്‍ജി അവിഹിത ബന്ധം സ്ഥാപിച്ചത്. ഒരു യുവതിയും ഭര്‍ത്താവും തമ്മിലുള്ള കേസില്‍ യുവതിക്ക് അനുകൂലമായി വിധി നല്‍കുകയും അവരുടെ മുന്‍ഭര്‍ത്താവിന്റെ അപ്പീല്‍ സ്വീകരിക്കാതിരിക്കാന്‍ അന്യായമായി ഇടപെടുകയും ചെയ്‍തു. യുവതികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഇയാള്‍ ഒരു യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കുകയുമ  ചെയ്‍തു.

വിവാഹമോചനം ആവശ്യപ്പെട്ടും ഭര്‍ത്താവില്‍ നിന്ന് ജീവനാംശം തേടിയും കോടതിയെ സമീപിച്ച മറ്റൊരു യുവതിയുമായും ഇയാള്‍ അവിഹിത ബന്ധം സ്ഥാപിച്ചു. കേസുമായി ബന്ധപ്പെട്ട നടപടികള്‍ക്കിടയിലാണ് മറ്റ് ജഡ്‍ജിമാരെക്കുറിച്ച് അസഭ്യം പറഞ്ഞത്. ജഡ്‍ജി ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്നും കൈക്കൂലി സ്വീകരിച്ചെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. ജഡ്‍ജി അവിഹിത ബന്ധം സ്ഥാപിച്ച സ്‍ത്രീകളുടെ ഭര്‍ത്താക്കന്മാര്‍ നല്‍കിയ സ്വകാര്യ അവകാശ ഹര്‍ജിയില്‍ 30 ദിവസം ജയില്‍ ശിക്ഷയും വിധിച്ചിട്ടുണ്ട്. 

click me!