Accident : ദുബൈയില്‍ ഏഴ് വ്യത്യസ്ത വാഹനാപകടങ്ങളില്‍ ഏഴുപേര്‍ക്ക് ഗുരുതര പരിക്ക്

By Web TeamFirst Published Nov 29, 2021, 9:36 AM IST
Highlights

വ്യാഴാഴ്ച ദുബൈ-അല്‍ ഐന്‍ റോഡില്‍ ഔട്ട്‌ലെറ്റ് മാളിന് മുമ്പിലായിരുന്നു ആദ്യ അപകടം. വാഹനങ്ങള്‍ നിശ്ചിത അകലം പാലിക്കാത്തതിനാല്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. കാറിന് കാര്യമായ കേടുപാടുകളും ഉണ്ടായി.

ദുബൈ: ദുബൈയില്‍(Dubai) വാരാന്ത്യത്തിലുണ്ടായ ഏഴ് വ്യത്യസ്ത വാഹനാപകടങ്ങളില്‍(road accidents) ഏഴ് പേര്‍ക്ക് ഗുരുതര പരിക്ക്. ഭൂരിഭാഗം വാഹനാപകടങ്ങളും ഗതാഗത നിയമലംഘനങ്ങള്‍(traffic law violation) മൂലമാണുണ്ടായതെന്ന് ദുബൈ ട്രാഫിക് പൊലീസ് ജനറല്‍ വിഭാഗം ആക്ടിങ് ഡയറക്ടര്‍ കേണല്‍ ജുമാ സാലിം ബിന്‍ സുവൈദാന്‍ പറഞ്ഞു.

വ്യാഴാഴ്ച ദുബൈ-അല്‍ ഐന്‍ റോഡില്‍ ഔട്ട്‌ലെറ്റ് മാളിന് മുമ്പിലായിരുന്നു ആദ്യ അപകടം. വാഹനങ്ങള്‍ നിശ്ചിത അകലം പാലിക്കാത്തതിനാല്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. കാറിന് കാര്യമായ കേടുപാടുകളും ഉണ്ടായി. ട്രക്കിന് നിസ്സാര കേടുപാടുകള്‍ മാത്രമേ സംഭവിച്ചുള്ളൂ. വ്യാഴാഴ്ച വൈകിട്ട് ഹെസ്സ റോഡില്‍ മോട്ടോര്‍സിറ്റി ക്രോസ് റോഡില്‍ ഒരു മോട്ടോര്‍ സൈക്കിള്‍ ചുവന്ന ലൈറ്റില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അടുത്ത അപകടമുണ്ടായത്. അപകടത്തില്‍ മോട്ടോര്‍ സൈക്കിള്‍ ഓടിച്ച ആള്‍ക്ക് സാരമായ പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ഹാപ്പിനസ് റോഡില്‍ ഒരു കാര്‍ ഏഷ്യന്‍ വനിതയെ ഇടിച്ചു വീഴ്ത്തിയിരുന്നു. വനിതയ്ക്ക് ഗുരുതര പരിക്കേറ്റു.

അന്ന് രാവിലെ അവീര്‍ റോഡില്‍ ഡ്രാഗന്‍ മാര്‍ട്ടിന് മുമ്പിലായി നടന്ന നാലാമത്തെ അപകടത്തില്‍ വാഹനം റോഡില്‍ നിന്ന് തെന്നിമാറി സിമിന്റ് ബാരിയറില്‍ ഇടിക്കുകയായിരുന്നു. സമാനമായ രീതിയില്‍ മോട്ടോര്‍ സൈക്കിള്‍ റോഡില്‍ നിന്ന് തെന്നി മാറി സിമിന്റ് ബാരിയറിലിടിച്ചാണ് മറ്റൊരു അപകടമുണ്ടായത്. മോട്ടോര്‍ സൈക്കിള്‍ ഓടിച്ചയാള്‍ക്ക് ഗുരുതര പരിക്കേറ്റു. 

യുഎഇയില്‍ മദ്യ ഉപയോഗം സംബന്ധിച്ച നിയമങ്ങളില്‍ ഭേദഗതി

ശനിയാഴ്ച രാവിലെ ബിസിനസ് ബേ ക്രോസ്സിങ് പാലത്തിലേക്കുള്ള അല്‍ ഖൈല്‍ റോഡിലും മിനാ ജബല്‍ അലി റോഡിലുമാണ് അടുത്ത രണ്ട് അപകടങ്ങള്‍ ഉണ്ടായത്. ചെറിയ വാഹനം ട്രക്കുമായി കൂട്ടിയിടിച്ചാണ് ഒരു അപകടമുണ്ടായത്. രണ്ടു വാഹനത്തിന്റെ ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. ആവശ്യമായ അകലം പാലിക്കാതെ വാഹനങ്ങളോടിക്കുന്നതാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് കേണല്‍ ജുമാ സാലിം ബിന്‍ സുവൈദാന്‍ വ്യക്തമാക്കി. 


 

click me!