Gulf News : യുഎഇയില്‍ മദ്യ ഉപയോഗം സംബന്ധിച്ച നിയമങ്ങളില്‍ ഭേദഗതി
മദ്യം ഉപയോഗിക്കുന്നതില്‍ ഉള്‍പ്പെടെ ഒരു കൂട്ടം നിയമങ്ങളില്‍ പുതിയ ഭേദഗതികള്‍ പ്രഖ്യാപിച്ചു യുഎഇ

അബുദാബി: യുഎഇയില്‍ മദ്യ ഉപയോഗം സംബന്ധിച്ച ഒരു കൂട്ടം നിയമങ്ങളില്‍ പുതിയ ഭേദഗതികള്‍ പ്രഖ്യാപിച്ചു. ശനിയാഴ്‍ചയാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. പൊതു സ്ഥലങ്ങളിലും ലൈസന്‍സില്ലാത്തെ സ്ഥലങ്ങളിലും മദ്യം ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്നതടക്കമുള്ള ഭേദഗതികളാണ് കൊണ്ടുവരുന്നത്.
21 വയസില്‍ താഴെയുള്ള വ്യക്തിക്ക് മദ്യം വില്‍പന നടത്തുന്നതും മദ്യപിക്കാന്‍ പ്രേരിപ്പിക്കുന്നതും പുതിയ നിയമപ്രകാരം കുറ്റകരമാണ്. യുഎഇയുടെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് കൊണ്ടുവരുന്ന നിയമ ഭേദഗതികളുടെ ഭാഗമായാണ് മദ്യ ഉപയോഗം സംബന്ധിച്ച നിയമങ്ങളിലും മാറ്റം വരുന്നത്. ഭാവിയിലേക്ക് രാജ്യത്തെ സജ്ജമാക്കുന്നതിനുള്ള പരിഷ്‍കാരങ്ങളാണ് 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് യുഎഇ നടപ്പാക്കുന്നത്.
നാല്‍പതോളം നിയമങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് ഇപ്പോള്‍ കൊണ്ടുവരുന്ന ഈ മാറ്റങ്ങള്‍ അര നൂറ്റാണ്ട് കാലത്തെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമ പരിഷ്‍കാരമാണ്. പ്രാദേശിക തലത്തിലും ഫെഡറല്‍ തലത്തിലുമുള്ള സഹകരണത്തോടെ നിയമ പരിഷ്‍കാരങ്ങള്‍ നടപ്പാക്കുകയാണ് രാജ്യം. ഫെഡറല്‍, പ്രാദേശിക തലങ്ങളിലെ 50 ഭരണ സംവിധാനങ്ങളില്‍ നിന്നുള്ള 540 വിദഗ്ധര്‍ കഴിഞ്ഞ അഞ്ച് മാസം നീണ്ട പരിശ്രമങ്ങളിലൂടെയാണ് നിയമ ഭേദഗതികള്‍ തയ്യാറാക്കിയത്. നൂറിലധികം സ്വകാര്യ സ്ഥാപനങ്ങളുമായും ഇവര്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.