
മനാമ: മൊബൈല്‍ ഗെയിം കളിക്കാന്‍ മോഷണം നടത്തിയ കൗമാരക്കാരന് ശിക്ഷ. ബഹ്‌റൈനിലാണ് സംഭവം. പബ്ജി ഗെയിം കളിക്കുന്നതിന് വേണ്ടിയാണ് പതിനാറുകാരന്‍ സ്വന്തം പിതാവിന്റെ അക്കൗണ്ടില്‍ നിന്ന് 11,000 ദിനാര്‍ ((23 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) മോഷ്ടിച്ചത്.
വിചാരണ പൂര്‍ത്തിയാക്കിയ ഹൈ ക്രിമിനല്‍ കോടതി, കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ 16കാരന് ആറുമാസം ജയില്‍ശിക്ഷയും 1,000 ദിനാര്‍ പിഴയും വിധിക്കുകയായിരുന്നു. പിതാവിന്റെ ഡിജിറ്റല്‍ ഒപ്പ് ദുരുപയോഗം ചെയ്ത് കൃത്രിമം നടത്തിയതാണ് കുട്ടി പണം മോഷ്ടിച്ചത്. പിതാവ് സ്ഥലത്തില്ലായിരുന്ന സമയത്താണ് സംഭവം നടന്നത്. 65കാരനായ പിതാവ് പണമിടപാട് നടത്തുന്ന ബെനഫിറ്റ് പേ ആപ്പില്‍ പിതാവിന്റെ അനുവാദം ഇല്ലാതെ ലോഗിന്‍ ചെയ്ത കുട്ടി പണം തട്ടിയെടുക്കുകയായിരുന്നു. കുട്ടിയുടെ പിതാവില്‍ നിന്ന് വിവാഹ മോചനം നേടിയ അമ്മയ്ക്കും കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നെങ്കിലും കേസില്‍ അമ്മയ്‍ക്ക് ശിക്ഷ വിധിച്ചിട്ടില്ല.
പ്രായപൂര്‍ത്തിയായ ഒരാള്‍ക്കൊപ്പം കുറ്റകൃത്യത്തില്‍ പങ്കാളി ആയതുകൊണ്ടാണ് കേസ് കുട്ടികളുടെ കോടതിയില്‍ വിചാരണ നടത്താതിരുന്നത്. ശിക്ഷാ കാലാവധി പകുതി പിന്നിട്ട് കഴിയുമ്പോള്‍ ചില്‍ഡ്രന്‍സ് റിഫോര്‍മേഷന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്റര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. പാകിസ്ഥാനില്‍ പോയി തിരികെ വന്നപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞതെന്നും ഇത് തനിക്ക് ഞെട്ടലുണ്ടാക്കിയെന്നും കുട്ടിയുടെ പിതാവ് പബ്ലിക് പ്രോസിക്യൂഷനോട് വ്യക്തമാക്കി.
Read More: സ്വകാര്യ മേഖലയിലെ 72 ശതമാനം പ്രവാസികളുടെയും ശമ്പളം 200 ദിനാറില്‍ താഴെയെന്ന് കണക്കുകള്‍
14,000 ദിനാറുണ്ടായിരുന്ന ബാങ്ക് അക്കൗണ്ടില്‍ 3,000 ദിനാര്‍ മാത്രം അവശേഷിച്ചത് കണ്ടെത്തിയതോടെയാണ് മോഷണം നടന്നതായി മനസ്സിലായത്. 2020ലാണ് കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹമോചിതരായത്. ആറു മക്കളാണ് ദമ്പതികള്‍ക്കുള്ളത്. മക്കളെല്ലാം 44കാരിയായ മാതാവിനൊപ്പം മുഹറഖിലാണ് താമസിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ