സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളില്‍ 2,241 പേര്‍ 200 ദിനാറില്‍ താഴെ തുക ശമ്പളം വാങ്ങുന്നുണ്ട്. ഇത് ആകെ സ്വദേശി ജീവനക്കാരുടെ രണ്ട് ശതമാനം മാത്രമാണ്.

മനാമ: ബഹ്റൈനിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളില്‍ 72 ശതമാനം പേരും 200 ദിനാറില്‍ താഴെയാണ് (ഏകദേശം 43,000ല്‍ താഴെ ഇന്ത്യന്‍ രൂപ) പ്രതിമാസം സമ്പാദിക്കുന്നതെന്ന് കണക്കുകള്‍. ബഹറൈന്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് ഈ വിവരമുള്ളത്. 3,04,152 പുരുഷന്മാരും 18,466 സ്‍ത്രീകളും ഉള്‍പ്പെടെ ആകെ 4,49,325 പ്രവാസികള്‍ ബഹ്റൈനിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്.

ഈ വര്‍ഷം രണ്ടാം പാദത്തിലെ കണക്കുകള്‍ പ്രകാരം 3,22,618 പ്രവാസികള്‍ 200 ദിനാറില്‍ താഴെ ശമ്പളം വാങ്ങുന്നുണ്ട്. ആദ്യ പാദത്തില്‍ 3,10,525 ആയിരുന്നു ഈ വിഭാഗത്തിലുള്ള പ്രവാസികളുടെ എണ്ണം. 60,900 പ്രവാസികളുടെ പ്രതിമാസ ശമ്പളം 200 ദിനാര്‍ മുതല്‍ 399 ദിനാര്‍ വരെയാണ്. 33,188 പ്രവാസികള്‍ 400 ദിനാര്‍ മുതല്‍ 599 ദിനാര്‍ വരെ ശമ്പളം വാങ്ങുന്നുണ്ട്. 8,439 പേരുടെ ശമ്പളം 600 ദിനാര്‍ മുതല്‍ 799 ദിനാര്‍ വരെയും 19,356 പേരുടേത് 800 മുതല്‍ 999 ദിനാര്‍ വരെയുമാണ്. 19,356 പേരും ആയിരം ദിനാറിലധികം മാസം ശമ്പളം കൈപ്പറ്റുന്നവരാണ്.

കണക്കുകള്‍ പ്രകാരം കുവൈത്തിലെ പ്രവാസികളില്‍ 109 സ്‍ത്രീകള്‍ ഉള്‍പ്പെടെ 2298 പേര്‍ 18 വയസില്‍ താഴെയുള്ളവരും 8524 പേര്‍ 60 വയസിന് മുകളിലുള്ളവരുമാണ്. ആകെ പ്രവാസികളില്‍ 41 ശതമാനത്തിന്റെയും പ്രായം 30നും 39 വയസിനും ഇടയിലാണ്. 40നും 49നും ഇടയില്‍ പ്രായമുള്ളവര്‍ 26 ശതമാനവും 20നും 29നും ഇടയില്‍ പ്രായമുള്ളവര്‍ 20 ശതമാനവുമാണ്. 10 ശതമാനം പേരാണ് 50 മുതല്‍ 59 വയസുവരെ പ്രായമുള്ളവര്‍.

അതേസമയം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളില്‍ 2,241 പേര്‍ 200 ദിനാറില്‍ താഴെ തുക ശമ്പളം വാങ്ങുന്നുണ്ട്. ഇത് ആകെ സ്വദേശി ജീവനക്കാരുടെ രണ്ട് ശതമാനം മാത്രമാണ്. 200 മുതല്‍ 399 ദിനാര്‍ വരെ സ്വകാര്യ മേഖലയില്‍ ശമ്പളം വാങ്ങുന്നത് 39,507 സ്വദേശികളാണ്. 21,816 സ്വദേശികള്‍ 400 മുതല്‍ 599 ദിനാര്‍ വരെ സ്വകാര്യ മേഖലയില്‍ നിന്ന് ശമ്പളം പറ്റുമ്പോള്‍ 10,330 പേര്‍ 600 മുതല്‍ 799 വരെ സ്വകാര്യ മേഖലയില്‍ നിന്ന് ശമ്പളം വാങ്ങുന്നവരാണ്. 5,875 പേരാണ് 800നും 999 ദിനാറിനും ഇടയില്‍ ശമ്പളം വാങ്ങുന്നത്. 1000 ദിനാറിന് മുകളില്‍ ശമ്പളം വാങ്ങുന്ന 19,133 സ്വദേശികളാണ് ബഹ്റൈനിലെ സ്വകാര്യ മേഖലയിലുള്ളത്.

Read also: നവജാത ശിശുവിനെ ഓണ്‍ലൈനില്‍ പരസ്യം നല്‍കി വില്‍പന; അമ്മ ഉള്‍പ്പെടെ മൂന്ന് പ്രവാസി വനിതകള്‍ ജയിലിലായി