
ദോഹ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധീനതയിലുള്ള ട്രംപ് ഗ്രൂപ്പ് ഖത്തറിൽ നിക്ഷേപം നടത്തുന്നു. ദോഹയിൽ നിന്ന് 40 കിലോമീറ്ററോളം മാറി സിമെയ്‌സിമ തീരത്ത് നടപ്പാക്കുന്ന ടൂറിസം പ്രൊജക്ടിലാണ് ട്രംപ് ഗ്രൂപ് നിക്ഷേപം നടത്തുന്നത്. ഖത്തറിന്റെ തീരമേഖലയായ സിമെയ്‌സിമയിൽ ഒരുങ്ങുന്ന കോസ്റ്റൽ പ്രൊജക്ടിന്റെ ഭാഗമായി ട്രംപ് ലക്ഷ്വറി ഗോൾഫ് ക്ലബും ആഡംബര വില്ലകളുമാണ് കമ്പനി ഖത്തറിൽ നിർമിക്കാനൊരുങ്ങുന്നത്. ഇതിനായി ഖത്തരി റിയൽ എസ്റ്റേറ്റ് കമ്പനിയായ ഖത്തരിയ ദിയാറും സൗദി അറേബ്യ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് കമ്പനിയായ ദാർ ഗ്ലോബലും കരാറിൽ ഒപ്പുവച്ചു. ദാർ ഗ്ലോബൽ ട്രംപ് ഓർഗനൈസേഷനുമായി ചേർന്ന് ഇതിനകംതന്നെ നിരവധി പദ്ധതികൾ പ്രഖ്യാപിച്ച് നടപ്പാക്കുന്നുണ്ട്. അതിന്റെ തുടർച്ചയായാണ് ട്രംപ് റിയൽ എസ്റ്റേറ്റിന്റെ ഖത്തറിലേക്കുള്ള വരവ്.
ഏകദേശം 300 കോടി ഡോളറാണ് പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്. 7.90 ലക്ഷം ചതുരശ്ര മീറ്ററിലായി 18 ഹോൾ ഗോൾഫ് കോഴ്‌സ്, ഗോൾഫ് ക്ലബ് ഹൗസ്, അത്യാഡംബര വില്ലകൾ എന്നിവ നിർമിക്കും. ലോകോത്തര നിലവാരമുള്ള ട്രംപ് ഗ്രൂപ്പ് ഖത്തറിൽ വരുന്നതിൽ അഭിമാനമുണ്ടെന്ന് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രിയും ഖത്തരി ദിയാർ ചെയർമാനുമായ അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ പറഞ്ഞു. ട്രംപ് ഓർഗനൈസേഷൻ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റും ഡോണൾഡ് ട്രംപിന്റെ മകനുമായ എറിക് ട്രംപ് ചടങ്ങിൽ പങ്കെടുത്തു.
80 ലക്ഷം ചതുരശ്ര മീറ്ററില് നടപ്പാക്കുന്ന വൻ പദ്ധതിയാണ് സിമെയ്‌സിമ പ്രൊജക്ട്. ആറര ലക്ഷം ചതുരശ്ര മീറ്ററിൽ വരുന്ന ലാൻഡ് ഓഫ് ലെജന്റ്‌സ് തീം പാർക്കും പദ്ധതിയിൽ ഉൾപ്പെടുന്നു. 550 ബില്യൺ അമേരിക്കൻ ഡോളറാണ് പദ്ധതിക്ക് ആകെ ചെലവ് കണക്കാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ