സൗദി അറേബ്യയിലേക്കുള്ള തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ തൊഴില്‍ കരാര്‍ സമര്‍പ്പിക്കണം

By Web TeamFirst Published Jun 1, 2023, 11:43 PM IST
Highlights

വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുന്നോടിയായി മെഡിക്കല്‍ പരിശോധന നടത്തി പോസിറ്റീവ് ഫലം വന്നതിന് ശേഷമാണ് തൊഴില്‍ കരാറില്‍ ഒപ്പുവെക്കാറുള്ളത്. 

റിയാദ്: സൗദി അറേബ്യയിലേക്കുള്ള തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ ഇനി മുതല്‍ പാസ്‌പോര്‍ട്ടുകള്‍ക്കൊപ്പം തൊഴില്‍ കരാര്‍ കൂടി സമര്‍പ്പിക്കണം. തൊഴില്‍ കരാര്‍ സമര്‍പ്പിക്കാത്ത പക്ഷം വിസ സ്റ്റാമ്പ് ചെയ്യില്ലെന്ന് മുംബൈയിലെ സൗദി കോണ്‍സുലേറ്റ് രാജ്യത്തെ എല്ലാ റിക്രൂട്ട്‌മെന്റ് ഏജന്‍സികളെയും അറിയിച്ചു. 

വിസ സ്റ്റാമ്പ് ചെയ്യാന്‍ തൊഴില്‍ കരാര്‍ വേണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ന്യൂഡല്‍ഹിയിലെ സൗദി എംബസിയില്‍ മാത്രമാണ് ഇക്കാര്യം കര്‍ശനമായി നടപ്പാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ മുംബൈ കോണ്‍സുലേറ്റും വിസ സ്റ്റാമ്പ് ചെയ്യാന്‍ തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. സൗദിയിലെ ചേംബര്‍ ഓഫ് കൊമേഴ്‌സ് സര്‍ട്ടിഫൈ ചെയ്ത തൊഴില്‍ കരാറുകളാണ് വിസ സ്റ്റാമ്പിംഗിന് സമര്‍പ്പിക്കേണ്ടത്. 

വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുന്നോടിയായി മെഡിക്കല്‍ പരിശോധന നടത്തി പോസിറ്റീവ് ഫലം വന്നതിന് ശേഷമാണ് തൊഴില്‍ കരാറില്‍ ഒപ്പുവെക്കാറുള്ളത്. മെഡിക്കല്‍ പരിശോധനയില്‍ പരാജയപ്പെട്ടാല്‍ പിന്നീട് വിസ സ്റ്റാമ്പ് ചെയ്യാനാവില്ലെന്നതാണ് ഇതിന് കാരണം. തൊഴിലാളിയും തൊഴിലുടമയും ഒപ്പുവെച്ച കരാറില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് അറ്റസ്റ്റേഷനും പുര്‍ത്തിയാക്കണം. അതിന് ശേഷമാണ് പാസ്‌പോര്‍ട്ടിനൊപ്പം വിസ സ്റ്റാമ്പ് ചെയ്യാന്‍ സമര്‍പ്പിക്കേണ്ടത്.

Read also: പ്രവാസികള്‍ ശ്രദ്ധിക്കുക! വിസ പതിക്കാനുള്ള പാസ്‍പോർട്ടുകൾ അഞ്ചാം തീയ്യതി മുതല്‍ സമർപ്പിക്കാൻ എംബസിയുടെ നിർദേശം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!