
കുവൈത്ത് സിറ്റി: കുവൈത്തിലെ (Kuwait) ബാങ്കില്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി (Robbery at knife-point) പണം കൊള്ളടയിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‍തു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ 28 വയസുകാരനെ ഹവല്ലി (Hawalli) പൊലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. തൈമയിലുള്ള (Taima) ബാങ്ക് ശാഖയിലാണ് ഇയാള്‍ കത്തിയുമായെത്തി മോഷണം നടത്തിയത്.
ഹവല്ലിയിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് പ്രതി പിടിയിലായത്. മോഷണത്തിന് ശേഷം ഇയാള്‍ ഇവിടെ ഒളിവില്‍ കഴിയുകയായിരുന്നു. ജഹ്‍റയിലെ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ സഹകരണത്തോടെ ഹവല്ലിയില്‍ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിയുടെ ഒളിത്താവളം കണ്ടെത്തുകയായിരുന്നു. പിടിയിലാവുന്ന സമയത്ത് ഇയാള്‍ സ്വബോധത്തിലല്ലായിരുന്നുവെന്നും യുവാവിനെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
തന്റെ കടങ്ങള്‍ തീര്‍ക്കാനാണ് മോഷണം നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ബാങ്കില്‍ നിന്ന് കൈക്കലാക്കിയ പണവുമായി ഒരു ടാക്സിയില്‍ അബ്‍ദുല്ല അല്‍ മുബാറക് ഏരിയയിലുള്ള തന്റെ സഹോദരന്റെ വീട്ടിലേക്കാണ് പോയത്. പണത്തിന്റെ ഭൂരിഭാഗവും ഇവിടെ സൂക്ഷിച്ചു. ലോണ്‍ അടച്ച് തീര്‍ക്കുന്നതിനൊപ്പം പുതിയ ഫോണും വസ്‍ത്രങ്ങളും വാങ്ങാനും പദ്ധതിയുണ്ടായിരുന്നു. പണം സഹോദരന്റെ വീട്ടില്‍ ഒളിപ്പിച്ച ശേഷം ഹവല്ലിയിലെത്തി ഒരു അപ്പാര്‍ട്ട്മെന്റ് വാടകയ്‍ക്ക് എടുത്ത് അവിടെ ഒളിച്ചിരിക്കുകയായിരുന്നു.
ബാങ്കില്‍ മോഷണം നടത്തിയെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ച ഇയാള്‍, ഭീഷണിപ്പെടുത്താനുപയോഗിച്ച കത്തി എവിടെയാണുള്ളതെന്ന് അറിയില്ലെന്നും പറഞ്ഞു. ബാങ്കിലെ സെക്യൂരിറ്റി ഗാര്‍ഡ് പ്രതിയെ തിരിച്ചറിഞ്ഞു. മയക്കുമരുന്ന് ഉപയോഗം, കാര്‍ മോഷണം എന്നിങ്ങനെയുള്ള കേസുകള്‍ നേരത്തെ തന്നെ ഇയാള്‍ക്കെതിരെ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഹവല്ലിയിലും ഫര്‍വാനിയയിലും നേരത്തെ കേസുകളില്‍ ഉള്‍പ്പെട്ട പ്രതിക്കെതിരെ ജഹ്റയില്‍ ഇത് ആദ്യത്തെ കേസാണെന്നും പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam