
ബഹിരാകാശ മേഖലയിൽ കൃത്രിമ ബുദ്ധിയുടെ (എഐ) ഉപയോഗം പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. ഭാവിയിൽ ഉപഗ്രഹ ശൃംഖലകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിലും ബഹിരാകാശ പേടകങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിലും എഐ നിർണായക പങ്ക് വഹിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. നിലവിൽ ഭൂമിയുടെ ഭ്രമണപഥത്തിൽ ഏകദേശം 16,000 സജീവമായ ഉപഗ്രഹങ്ങളുണ്ട്. അടുത്ത വർഷങ്ങളിൽ ഉപഗ്രഹങ്ങളുടെ എണ്ണം പതിനായിരങ്ങളിലേക്ക് ഉയരുമെന്നാണ് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇത്രയും വലിയ ഉപഗ്രഹ ശൃംഖലകളെ ഭൂമിയിലെ മനുഷ്യ നിയന്ത്രണ കേന്ദ്രങ്ങളിൽ നിന്ന് മാത്രം നിയന്ത്രിക്കുന്നത് കൂടുതൽ സങ്കീർണമാകും.
നിരവധി ഉപഗ്രഹങ്ങൾ ഒരേസമയം പ്രവർത്തിക്കുമ്പോൾ അവ തമ്മിലുള്ള ആശയവിനിമയം, ഡാറ്റ കൈമാറ്റം, പരസ്‍പര ഇടപെടൽ ഒഴിവാക്കൽ, സാങ്കേതിക പ്രശ്‍നങ്ങൾ പരിഹരിക്കൽ തുടങ്ങിയ കാര്യങ്ങളിൽ അതിവേഗ തീരുമാനങ്ങൾ ആവശ്യമായി വരും. ചില സാഹചര്യങ്ങളിൽ ഭൂമിയിൽ നിന്നുള്ള നിർദേശത്തിനായി കാത്തിരിക്കാതെ ഏതാനും സെക്കൻഡുകൾക്കുള്ളിൽ തീരുമാനമെടുക്കേണ്ടിവരും. ഈ സാഹചര്യത്തിലാണ് ഉപഗ്രഹങ്ങളിലെ തന്നെ എ.ഐ അധിഷ്‍ഠിത സംവിധാനങ്ങളുടെ പ്രാധാന്യം വർധിക്കുന്നത്.
നിലവിൽ ഉപഗ്രഹങ്ങൾ ശേഖരിക്കുന്ന ഭൂരിഭാഗം വിവരങ്ങളും ഭൂമിയിലേക്ക് അയച്ച ശേഷമാണ് വിശകലനം ചെയ്യുന്നത്. കാലാവസ്ഥ നിരീക്ഷണം, കൃഷി, പ്രകൃതിദുരന്തങ്ങൾ, ഭൂവിനിയോഗം, മലിനീകരണ നിരീക്ഷണം തുടങ്ങിയ മേഖലകളിൽ ഉപഗ്രഹങ്ങൾ വലിയ അളവിൽ ചിത്രങ്ങളും വിവരങ്ങളും ശേഖരിക്കുന്നുണ്ട്. എന്നാൽ ഭ്രമണപഥത്തിൽ തന്നെ എഐ ഉപയോഗിച്ച് ഈ വിവരങ്ങൾ പരിശോധിക്കാനായാൽ, ആവശ്യമായ ഡാറ്റ മാത്രം ഭൂമിയിലേക്ക് അയച്ചാൽ മതിയാകും. ഇതിലൂടെ സമയവും ചെലവും കുറയ്ക്കാനും വേഗത്തിലുള്ള തീരുമാനങ്ങൾ എടുക്കാനും സാധിക്കും. പ്രതിരോധ മേഖലയിൽ ഈ സാങ്കേതികവിദ്യയ്ക്ക് വലിയ പ്രാധാന്യമുണ്ടാകും. അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിലുള്ള വിവര വിശകലനം നിർണായകമായതിനാൽ, ഭ്രമണപഥത്തിലെ എഐ സംവിധാനങ്ങൾ കൂടുതൽ ഫലപ്രദമാകുമെന്നാണ് വിലയിരുത്തൽ.
ഉപഗ്രഹ ശൃംഖലകളുടെ ശേഷി നിയന്ത്രിക്കുന്നതിലും എഐ സഹായകരമാകും. ഉപഗ്രഹ സേവനങ്ങളുടെ ആവശ്യം എല്ലായിടത്തും ഒരുപോലെ ആയിരിക്കില്ല. നഗരങ്ങളിലെ തിരക്ക്, വലിയ പരിപാടികൾ, ദുരന്തബാധിത പ്രദേശങ്ങൾ, വിമാനങ്ങൾ, കപ്പലുകൾ, പ്രതിരോധ ആവശ്യങ്ങൾ എന്നിവയെ ആശ്രയിച്ച് ബാൻഡ്‌വിഡ്ത്തിന്റെ ആവശ്യം മാറിക്കൊണ്ടിരിക്കും. എഐ സംവിധാനങ്ങൾക്ക് ഈ മാറ്റങ്ങൾ തിരിച്ചറിഞ്ഞ് ഉപഗ്രഹ സിഗ്നലുകളുടെ ദിശ മാറ്റാനും ഊർജ ഉപയോഗം ക്രമീകരിക്കാനും ആവശ്യമായ മേഖലകളിലേക്ക് ശേഷി മാറ്റാനും കഴിയും. ഇതിലൂടെ പരിമിതമായ വിഭവങ്ങൾ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാൻ സാധിക്കും.
എഐയുടെ വ്യാപകമായ ഉപയോഗത്തിന് മുന്നിൽ സാങ്കേതിക വെല്ലുവിളികൾക്കൊപ്പം നിയമപരമായ ചോദ്യങ്ങളും ഉയരുന്നുണ്ട്. നിലവിലെ നിയമങ്ങളും കരാറുകളും പ്രധാനമായും മനുഷ്യർ നിയന്ത്രിക്കുന്ന സംവിധാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു എഐ സംവിധാനം തെറ്റായ തീരുമാനം എടുത്ത് മറ്റൊരു സേവനത്തെ ബാധിക്കുകയോ നഷ്‍ടമുണ്ടാക്കുകയോ ചെയ്താൽ ഉത്തരവാദിത്തം ഉപഗ്രഹ ഓപ്പറേറ്റർക്കാണോ, നിർമാതാവിനാണോ, സോഫ്റ്റ്‌വെയർ കമ്പനിക്കാണോ എന്നത് വ്യക്തമാക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ എഐക്ക് പൂർണ നിയന്ത്രണം നൽകുന്നതിന് പകരം, ഏത് തീരുമാനങ്ങൾ എഐക്ക് സ്വതന്ത്രമായി എടുക്കാം, ഏതിനാണ് മനുഷ്യന്‍റെ അനുമതി ആവശ്യമുള്ളത് എന്നതിൽ വ്യക്തമായ മാനദണ്ഡങ്ങൾ ആവശ്യമാണ്.
ഉപഗ്രഹങ്ങളുടെ പ്രവർത്തനത്തിന് പുറമെ, ബഹിരാകാശ പേടകങ്ങളുടെ രൂപകൽപ്പനയിലും നിർമാണത്തിലും എഐ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. എഞ്ചിനീയർമാർക്ക് സോഫ്റ്റ്‌വെയർ വികസനം, സാങ്കേതിക വിവരങ്ങൾ കണ്ടെത്തൽ, ഡിസൈൻ ആശയങ്ങൾ പരിശോധിക്കൽ, പുതിയ പരിഹാരങ്ങൾ കണ്ടെത്തൽ തുടങ്ങിയ കാര്യങ്ങളിൽ എ.ഐ സഹായം നൽകും. പേടക ഘടനകൾ, ആന്‍റിനകൾ, വൈദ്യുതി സംവിധാനങ്ങൾ, പേലോഡുകൾ, ദൗത്യ പദ്ധതികൾ എന്നിവയുടെ പ്രാഥമിക രൂപകൽപ്പനകൾ വേഗത്തിൽ തയ്യാറാക്കാൻ എ.ഐയ്ക്ക് കഴിയും. എന്നാൽ സുരക്ഷ ഉറപ്പാക്കുന്നതിനും അന്തിമ തീരുമാനങ്ങൾ എടുക്കുന്നതിനും മനുഷ്യ വിദഗ്ധരുടെ പങ്ക് തുടരും.
ബഹിരാകാശ മേഖലയിൽ എ.ഐയുടെ പൂർണ സാധ്യതകൾ പ്രയോജനപ്പെടുത്താൻ സുരക്ഷിതമായ സംവിധാനങ്ങളും വ്യക്തമായ നിയമങ്ങളും ആവശ്യമാണ്. ശക്തമായ സൈബർ സുരക്ഷ, ഡാറ്റ സംരക്ഷണം, നിയന്ത്രണ മാനദണ്ഡങ്ങൾ, വിശ്വസനീയമായ പരിശോധനാ രീതികൾ എന്നിവ ഇല്ലാതെ എ.ഐയുടെ ഉപയോഗം അപകടസാധ്യതകൾ സൃഷ്ടിക്കാം. സെൻസിറ്റീവ് വിവരങ്ങൾ സംരക്ഷിക്കാൻ ചില എ.ഐ മോഡലുകൾ കമ്പനികളുടെയോ സർക്കാർ സ്ഥാപനങ്ങളുടെയോ സ്വന്തം നെറ്റ്‌വർക്കുകളിൽ തന്നെ പരിശീലിപ്പിക്കേണ്ടിവരും.
എ.ഐ സാങ്കേതികവിദ്യ അതിവേഗം വികസിക്കുകയാണ്. എന്നാൽ അതിനെ സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും ഉപയോഗിക്കാൻ ആവശ്യമായ വിശ്വാസവും ചട്ടങ്ങളും ഒരുക്കുകയാണ് ബഹിരാകാശ വ്യവസായത്തിന്റെ അടുത്ത വലിയ വെല്ലുവിളി. ബഹിരാകാശ പേടകങ്ങളുടെ കൂടുതൽ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ എ.ഐ സാങ്കേതികമായി തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഇനി അതിന് ആവശ്യമായ വിശ്വാസവും സംവിധാനങ്ങളും ഒരുക്കാൻ വ്യവസായ മേഖല എത്ര വേഗത്തിൽ മുന്നോട്ട് പോകുമെന്നതാണ് നിർണായകം.