
ഫ്ലോറിഡ: ഏഴ് തവണ മാറ്റിവച്ച ആക്‌സിയം 4 ദൗത്യ വിക്ഷേപണം ഇന്ന് നടക്കുമെന്ന് ഉറപ്പായി. ആക്സിയം 4 വിക്ഷേപണത്തിനായി ഫാല്‍ക്കണ്‍ 9 റോക്കറ്റും ഡ്രാഗണ്‍ മൊഡ്യൂളും പൂര്‍ണസജ്ജമാണെന്ന് സ്പേസ് എക്സ് അറിയിച്ചു. ഫ്ലോറിഡയിലെ കാലാവസ്ഥയും വിക്ഷേപണത്തിന് അനുകൂലമാണ്. മിഷന്‍ ലോഞ്ചിന് 90 ശതമാനം അനുയോജ്യമാണ് ഫ്ലോറിഡയിലെ ഇപ്പോഴത്തെ കാലാവസ്ഥയെന്നും സ്പേസ് എക്സ് അറിയിച്ചു. കാലാവസ്ഥാ പ്രശ്‌നങ്ങളും സാങ്കേതിക കാരണങ്ങളും കൊണ്ട് പലകുറി മാറ്റിവെക്കേണ്ടിവന്ന ആക്‌സിയം 4 വിക്ഷേപണത്തിന് ഏറ്റവും അനുയോജ്യമായ സമയമാണിത് എന്ന് ഉറപ്പിക്കുന്നതാണ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐഎസ്എസ്) ആക്സിയം 4 ദൗത്യത്തിന്‍റെ വിക്ഷേപണം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.01ന് ആണ് നടക്കുക. സ്പേസ് എക്സിന്‍റെ ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. രാവിലെ 11 മണി മുതല്‍ വിക്ഷേപണത്തിന്‍റെ തത്സമയ വിവരങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും അറിയാം.
ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല, മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരടങ്ങുന്നതാണ് ആക്സിയം 4 ദൗത്യസംഘം. പരിചയസമ്പന്നയായ പെഗ്ഗി വിറ്റ്സണാണ് ആക്സിയം ദൗത്യത്തിന്‍റെ കമാന്‍ഡര്‍. ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപിക്കുന്ന ഡ്രാഗൺ പേടകത്തിലാണ് ആക്സിയം 4 ദൗത്യ സംഘം ഐഎസ്എസിലേക്ക് യാത്ര ചെയ്യുക. ജൂൺ 26ന് വൈകുന്നേരം നാലരയോടെ നാലംഗ ദൗത്യ സംഘവുമായി ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. പതിനാല് ദിവസത്തെ ദൗത്യമാണ് ആക്സിയം ലക്ഷ്യമിടുന്നത്. ഐഎസ്എസില്‍ വിവിധ പരീക്ഷണങ്ങളിലും ഗവേഷണങ്ങളിലും ഇവര്‍ ഭാഗവാക്കാകും.
മെയ് 29നായിരുന്നു ആക്സിയം 4 ദൗത്യം നടക്കേണ്ടിയിരുന്നത്. എന്നാല്‍ വിവിധ കാരണങ്ങളാല്‍ ഏഴ് തവണ ലോഞ്ച് മാറ്റിവെക്കേണ്ടിവരികയായിരുന്നു. കാലാവസ്ഥാ പ്രശ്‌നങ്ങളും ഫാല്‍ക്കണ്‍ 9 റോക്കറ്റിലെ ലിക്വിഡ് ഓക്‌സിജന്‍ ലീക്കും ഐഎസ്എസിലെ റഷ്യന്‍ മൊഡ്യൂളിലെ സാങ്കേതിക പ്രശ്‌നങ്ങളും ആക്‌സിയം 4 വിക്ഷേപണം നീളാന്‍ കാരണമായി.