
കെന്നഡി സ്‌പേസ് സെന്‍റര്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇന്ത്യക്കാരനായ ശുഭാംശു ശുക്ല അടക്കം നാല് സഞ്ചാരികളെ വഹിച്ചുകൊണ്ടുള്ള ആക്‌സിയം 4 ദൗത്യ വിക്ഷേപണം ഉടന്‍. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ ഇന്ന് ഉച്ചയ്ക്ക് ഇന്ത്യന്‍ സമയം 12.01ന് ആക്സിയം വിക്ഷേപണം നടക്കും. ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല, മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്‌സിയം 4 ക്രൂവിലുള്ളത്. ലോകം കാത്തിരിക്കുന്ന ആക്‌സിയം 4 ദൗത്യ വിക്ഷേപണം എങ്ങനെ തത്സമയം കാണാമെന്ന് നോക്കാം.
ആക്സിയം 4 ദൗത്യ വിക്ഷേപണം തത്സമയം
ആക്സിയം 4 ദൗത്യ വിക്ഷേപണത്തിന്‍റെ തത്സമയ വിവരങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും അറിയാം. നാസ+ വെബ്‌സൈറ്റും, സ്പേസ് എക്‌സ് വെബ്‌സൈറ്റും, സ്പേസ് എക്‌സിന്‍റെ എക്സ് അക്കൗണ്ടുമാണ് ആക്‌സിയം 4 വിക്ഷേപണം ഔദ്യോഗികമായി സ്‌ട്രീമിംഗ് ചെയ്യുന്നത്. വിക്ഷേപണത്തിന് മുന്നോടിയായി വെബ്‌കാസ്റ്റ് ഇതിനകം ആരംഭിച്ചു.
വിവിധ കാരണങ്ങളാല്‍ ഏഴ് തവണ മാറ്റിവെക്കേണ്ടിവന്ന ആക്സിയം 4 വിക്ഷേപണമാണ് ഇന്ന് നടക്കാനിരിക്കുന്നത്. മെയ് 29നായിരുന്നു ആക്സിയം 4 ദൗത്യം നടക്കേണ്ടിയിരുന്നത്. എന്നാല്‍ കാലാവസ്ഥാ പ്രശ്‌നങ്ങളും ഫാല്‍ക്കണ്‍ 9 റോക്കറ്റിലെ ലിക്വിഡ് ഓക്‌സിജന്‍ ലീക്കും ഐഎസ്എസിലെ റഷ്യന്‍ മൊഡ്യൂളിലെ സാങ്കേതിക പ്രശ്‌നങ്ങളും ആക്‌സിയം 4 വിക്ഷേപണം നീളാന്‍ കാരണമായി. ജൂൺ 26ന് വൈകുന്നേരം നാലരയോടെ നാലംഗ ദൗത്യ സംഘവുമായി ഡ്രാഗൺ പേടകം ഐഎസ്എസില്‍ ഡോക്ക് ചെയ്യും. പതിനാല് ദിവസത്തെ ദൗത്യമാണ് ആക്സിയം ലക്ഷ്യമിടുന്നത്. ഐഎസ്എസില്‍ വിവിധ പരീക്ഷണങ്ങളിലും ഗവേഷണങ്ങളിലും സംഘം ഭാഗമാകും.
41 വർഷങ്ങൾക്ക് ശേഷം ഇന്ത്യക്കാരന്‍ ബഹിരാകാശത്തേക്ക്
നീണ്ട 41 വർഷങ്ങൾക്ക് ശേഷം ഒരു ഇന്ത്യക്കാരന്‍ ബഹിരാകാശത്തേക്ക് പോകുകയാണ് ആക്സിയം 4 ദൗത്യത്തിലൂടെ. ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയാണ് ആക്സിയം 4 ദൗത്യത്തില്‍ ഐഎസ്എസിലേക്ക് പോകുന്നത്. 1984ൽ റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിൽ രാകേഷ് ശർമ്മ നടത്തിയ ഐതിഹാസിക ബഹിരാകാശ സന്ദര്‍ശനത്തിന് നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ശുഭാംശു ശുക്ലയുടെ യാത്ര. എന്നാല്‍ രാകേഷ് ശര്‍മ്മയുടെ യാത്ര അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കായിരുന്നില്ല. അതിനാല്‍, ആക്സിയം ദൗത്യം വിജയമാകുന്നതോടെ ഐഎസ്എസിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടം ശുഭാംശു ശുക്ലയുടെ പേരിലാകും.