വീണ്ടും അഗ്നിഗോളമായി ചൊവ്വാ സ്വപ്നങ്ങള്‍; സ്റ്റാർഷിപ്പ് പൊട്ടിത്തെറിയില്‍ പ്രതികരിച്ച് ഇലോണ്‍ മസ്‌ക്

Published : Jun 21, 2025, 10:07 AM ISTUpdated : Jun 21, 2025, 10:10 AM IST
Elon Musk Starship Blast

Synopsis

സ്റ്റാര്‍ഷിപ്പിന്‍റെ ഗ്രൗണ്ട് ടെസ്റ്റിനിടെയാണ് റോക്കറ്റ് പൊട്ടിത്തെറിച്ചത് 

ടെക്‌സസ്: പരീക്ഷണത്തിനിടെ സ്‌പേസ് എക്‌സിന്‍റെ കൂറ്റൻ സ്റ്റാർഷിപ്പ് റോക്കറ്റ് കഴിഞ്ഞ ദിവസം തീഗോളമായിരുന്നു. ശതകോടീശ്വരൻ ഇലോൺ മസ്‌കിന്‍റെ ചൊവ്വാ സ്വപ്‌നങ്ങള്‍ക്ക് അടുത്ത തിരിച്ചടിയാണിത്. സ്റ്റാര്‍ഷിപ്പിന്‍റെ പത്താമത്തെ പരീക്ഷണ പറക്കലിനായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായുള്ള ഗ്രൗണ്ട് ടെസ്റ്റിനിടെയാണ് റോക്കറ്റ് സ്‍ഫോടനം. ടെക്സസിലെ ബ്രൗൺസ്‌വില്ലെ സ്റ്റാർബേസിൽ വച്ചായിരുന്നു സ്റ്റാര്‍ഷിപ്പ് അഗ്നിഗോളമായത്.

സ്റ്റാര്‍ഷിപ്പ് പൊട്ടിത്തെറിക്കുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലാണ്. ഏറ്റവും പുതിയ സ്റ്റാര്‍ഷിപ്പ് അപകടത്തിനുള്ള കൃത്യമായ കാരണം നിലവിൽ വ്യക്തമല്ല. പരീക്ഷണത്തിന് മുമ്പ് ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും പാലിച്ചിരുന്നു എന്ന് കമ്പനി ഊന്നിപ്പറഞ്ഞു. എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്നും സ്‌പേസ് എക്‌സ് അവകാശപ്പെട്ടു. സംഭവത്തെക്കുറിച്ച് സ്പേസ് എക്സ് ഉടമ ഇലോൺ മസ്‍കിന്‍റെ ആദ്യ പ്രതികരണം ശ്രദ്ധേയമായി. സ്റ്റാര്‍ഷിപ്പ് മെച്ചപ്പെടുത്തലിനുള്ള സമയമാണിത് (Room for improvement) എന്നാണ് മസ്ക് എക്സില്‍ കുറിച്ചത്.

 

 

സ്റ്റാർഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിക്കുന്ന വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. കുറഞ്ഞത് രണ്ട് സ്ഫോടനങ്ങളെങ്കിലും റോക്കറ്റില്‍ നടന്നിട്ടുണ്ടെന്ന് വീഡിയോ വ്യക്തമാക്കുന്നു. പത്താമത്തെ പരീക്ഷണ പറക്കലിനായി തയ്യാറെടുക്കുകയായിരുന്ന ഷിപ്പ് 36 പ്രോട്ടോടൈപ്പ് സ്ഫോടനത്തില്‍ പൂർണ്ണമായും നശിച്ചു. റോക്കറ്റ് എഞ്ചിനുകളുടെ സ്റ്റാറ്റിക് ഫയർ ടെസ്റ്റിനിടെയാണ് അപകടം സംഭവിച്ചത്. സ്‌ഫോടനത്തെ തുടർന്ന് അവശിഷ്ടങ്ങൾ ചിതറിപ്പോയി. ഇതോടെ വിക്ഷേപണത്തിനുള്ള ഒരുക്കങ്ങൾ അനിശ്ചിതമായി നിർത്തിവച്ചു. ജൂൺ 29ന് വിക്ഷേപിക്കാനായിരുന്നു സ്‌പേസ് എക്‌സ് ലക്ഷ്യമിട്ടിരുന്നത്.

സ്റ്റാർഷിപ്പ് റോക്കറ്റ് ഉപയോഗിച്ച് ചൊവ്വയിലേക്ക് മനുഷ്യരെ അയയ്ക്കുക എന്നതാണ് ഇലോൺ മസ്‌കിന്‍റെ ലക്ഷ്യം. 123 മീറ്റർ ഉയരമുള്ളതും പൂർണ്ണമായും പുനരുപയോഗിക്കാവുന്ന തരത്തിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നതുമായ ബഹിരാകാശ വിക്ഷേപണ വാഹനമാണ് സ്റ്റാർഷിപ്പ്. ഇതിൽ 150 മെട്രിക് ടൺ വരെ ചരക്കുകളെയും ജീവനക്കാരെയും ഭ്രമണപഥത്തിലേക്കും അതിനപ്പുറത്തേക്കും കൊണ്ടുപോകാൻ ലക്ഷ്യമിടുന്നു. എന്നാൽ സ്റ്റാർഷിപ്പ് റോക്കറ്റ് തുടർച്ചയായ പരാജയങ്ങളാൽ വലയം ചെയ്യപ്പെട്ടിരിക്കുകയാണ് എന്നതാണ് ശ്രദ്ധേയം. സ്റ്റാർഷിപ്പ് പ്രോഗ്രാമിനെ ബാധിക്കുന്ന നിരവധി അപകട സംഭവങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയതാണ് ഇപ്പോഴത്തെ സ്ഫോടനം.

എന്നാൽ ആവർത്തിച്ചുള്ള തിരിച്ചടികൾക്കിടയിലും സ്‌പേസ് എക്‌സ് ചൊവ്വാ പദ്ധതികളുമായി തുടരുന്നു എന്നത് ശ്രദ്ധേയമാണ്. ലോകത്തിലെ ഏറ്റവും ശക്തമായ വിക്ഷേപണ സംവിധാനത്തിന്‍റെ വികസനത്തിലെ നിർണായകമായ പഠന നിമിഷങ്ങളായിട്ടാണ് സ്‌പേസ് എക്‌സ് ഇത്തരം പാളിച്ചകളെ വിശേഷിപ്പിക്കുന്നത്. അതേസമയം, അടുത്ത സ്റ്റാര്‍ഷിപ്പ് പരീക്ഷണത്തിനായി ഇതുവരെ സ്‌പേസ് എക്‌സ് ഒരു സമയപരിധി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഭാവി വിക്ഷേപണങ്ങളുമായി മുന്നോട്ടുപോകുന്നതിന് മുമ്പ് സ്പേസ് എക്സ് നിലവിലെ പരീക്ഷണ ഡാറ്റ സമഗ്രമായി വിശകലനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

 

PREV
Read more Articles on
click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ