
അന്റാർട്ടിക്കയിൽ പ്രവർത്തിക്കുന്ന ലോകപ്രശസ്‍ത ന്യൂട്രിനോ നിരീക്ഷണ കേന്ദ്രമായ ഐസ്‌ക്യൂബ് (IceCube Neutrino Observatory) 2021-ൽ കണ്ടെത്തിയ വൻ ഊർജമുള്ള ഒരു ന്യൂട്രിനോയുടെ ഉറവിടം കണ്ടെത്തി ഗവേഷകർ. ഐസി 210922എ (IC 210922A) എന്ന പേരിലുള്ള ഈ ന്യൂട്രിനോ ഭൂമിയിലൂടെ അതിവേഗത്തിൽ കടന്നുപോയിരുന്നുവെങ്കിലും അത് എവിടെ നിന്നാണ് വന്നതെന്നത് ഇതുവരെ ദുരൂഹമായിരുന്നു. പുതിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ, ഏകദേശം 1100 കോടി പ്രകാശവർഷങ്ങൾ അകലെയുള്ള ഷാഡോ ബ്ലാസ്റ്റർ (Shadow Blaster) എന്ന നക്ഷത്ര രൂപീകരണ ഗാലക്സിയിൽ നിന്നാണ് ഈ ന്യൂട്രിനോ ഉത്ഭവിച്ചതെന്ന് ഗവേഷകർ കണ്ടെത്തി. പ്രകാശവേഗത്തിന് അടുത്ത് സഞ്ചരിക്കുന്ന അതിസൂക്ഷ്മമായ മൗലിക കണികകളാണ് ന്യൂട്രിനോകൾ (Neutrinos). പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള കണികകളിൽ ഒന്നാണിവ.
ജൂൺ 17-ന് പ്രസിദ്ധീകരിച്ച പഠനത്തിൽ, പ്രധാന ഗവേഷകനായ യുജി ഉറാറ്റയും സംഘവും ഷാഡോ ബ്ലാസ്റ്ററിന്റെ യഥാർത്ഥ സ്വഭാവം വിശദീകരിക്കുന്നു. ഔദ്യോഗികമായി ജെസിഎംടി0402−0424 (JCMT0402−0424) എന്നറിയപ്പെടുന്ന ഈ ഗാലക്സിയെ കണ്ടെത്താൻ ജെയിംസ് ക്ലർക്ക് മാക്സ്വെൽ ടെലിസ്കോപ്പ്, സബ്‌മില്ലിമീറ്റർ അറേ, അറ്റകാമ ലാർജ് മില്ലിമീറ്റർ/സബ്‌മില്ലിമീറ്റർ അറേ (ALMA) തുടങ്ങിയ ശക്തമായ നിരീക്ഷണ ഉപകരണങ്ങളാണ് ഉപയോഗിച്ചത്.
ഗവേഷകരുടെ അഭിപ്രായത്തിൽ, ഗാലക്സിയിൽ നിന്നുള്ള പ്രകാശം ഇടയിലുള്ള ഒരു ഭീമൻ എലിപ്റ്റിക്കൽ ഗാലക്സിയുടെ ഗുരുത്വാകർഷണത്തിന്റെ സ്വാധീനത്താൽ നാല് വ്യത്യസ്ത ചിത്രങ്ങളായി വിഭജിക്കപ്പെട്ടു. “ഗ്രാവിറ്റേഷണൽ ലെൻസിങ്” എന്നറിയപ്പെടുന്ന ഈ പ്രതിഭാസം ശാസ്ത്രജ്ഞർക്ക് ഗാലക്സിയുടെ ആന്തരിക ഘടന കൂടുതൽ വ്യക്തമായി പഠിക്കാൻ സഹായിച്ചു. ഏകദേശം 1,500 പ്രകാശവർഷം മാത്രം വ്യാപ്‍തിയുള്ള അതിസാന്ദ്രമായ ഒരു കേന്ദ്രഭാഗം അവിടെ കണ്ടെത്തിയെങ്കിലും, ന്യൂട്രിനോകളുടെ ഉറവിടമായി സാധാരണ കണക്കാക്കപ്പെടുന്ന അതിവിശാലമായ ബ്ലാക്ക് ഹോളിന്റെ സാന്നിധ്യത്തിന് തെളിവുകൾ ലഭിച്ചില്ല.
ഈ കണ്ടെത്തൽ ന്യൂട്രിനോകളുടെ ഉത്ഭവത്തെക്കുറിച്ചുള്ള നിലവിലെ ധാരണകളിൽ നിർണായക മാറ്റമുണ്ടാക്കുന്നതാണ്. ഇതുവരെ ഉയർന്ന ഊർജമുള്ള ന്യൂട്രിനോകൾ പ്രധാനമായും സജീവ ബ്ലാക്ക് ഹോളുകളുമായി ബന്ധപ്പെട്ടാണെന്ന് കരുതിയിരുന്നു. എന്നാൽ ബ്ലാക്ക് ഹോൾ പ്രവർത്തനമില്ലാത്ത സ്റ്റാർബർസ്റ്റ് ഗാലക്സികൾക്കും ഇത്തരം ന്യൂട്രിനോകൾ സൃഷ്ടിക്കാൻ കഴിയുമെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു.
ഐസ്‌ക്യൂബ് കണ്ടെത്തുന്ന ന്യൂട്രിനോകളുടെ ഏകദേശം 20 ശതമാനം വരെ ഇത്തരം സ്റ്റാർബർസ്റ്റ് ഗാലക്സികളിൽ നിന്നാകാം എന്ന് ഗവേഷകരുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ഏകദേശം 1000 കോടി വർഷങ്ങൾക്ക് മുമ്പ് പ്രപഞ്ചത്തിൽ ഇത്തരം ഗാലക്സികൾ ധാരാളമായി ഉണ്ടായിരുന്നതിനാൽ, ഇന്ന് നിരീക്ഷിക്കപ്പെടുന്ന ന്യൂട്രിനോകളുടെ വലിയൊരു പങ്കിന്റെ ഉറവിടം ഇവ ആയിരിക്കാമെന്നും ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. ഈ കണ്ടെത്തൽ പ്രപഞ്ചത്തിലെ വൻ ഊർജ കണങ്ങളുടെ ഉത്ഭവ രഹസ്യം മനസിലാക്കുന്നതിലേക്ക് ഒരു സുപ്രധാന ചുവടുവയ്പ്പായാണ് കണക്കാക്കപ്പെടുന്നത്.