
ആപ്പിൾ തങ്ങളുടെ വരാനിരിക്കുന്ന ഐഫോൺ 17 ലൈനപ്പ് ആഗോളതലത്തിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് . പുതിയ സീരീസിൽ നാല് വ്യത്യസ്ത മോഡലുകൾ ഉൾപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിവയായിരിക്കും ഈ മോഡലുകൾ. സ്റ്റാൻഡേർഡ് ഐഫോൺ 17 മോഡലിന് അതിന്റെ മുൻഗാമിയെ അപേക്ഷിച്ച് അൽപ്പം വലിയ സ്‌ക്രീൻ ഉണ്ടായിരിക്കുമെന്നാണ് ഏറ്റവും പുതിയ സൂചനകൾ. ഐഫോൺ 16 ബേസ് വേരിയന്റിൽ ഉൾപ്പെടുത്തിയിരുന്ന 6.1 ഇഞ്ച് സ്‌ക്രീനിൽ നിന്നുള്ള ഒരു അപ്‌ഗ്രേഡായിരിക്കും ഇത്. ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ പങ്കിട്ട ഒരു പോസ്റ്റാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
ആപ്പിളിന്റെ അടുത്ത സ്മാർട്ട്‌ഫോണിലെ ഡിസ്‌പ്ലേ അപ്‌ഗ്രേഡുകളെക്കുറിച്ച് ഉൾപ്പെടെ സൂചന നൽകുന്ന വിവരങ്ങൾ തുടർച്ചയായി പുറത്തുവരുന്നുണ്ട്. ഈ സ്‍മാർട്ട്ഫോണിൽ ലഭിക്കാൻ സാധ്യതയുള്ള ടെമ്പേർഡ് ഗ്ലാസിന്‍റെ വിവരങ്ങൾ അടുത്തിടെ ആമസോണിലെ ഒരു ലിസ്റ്റിംഗിലൂടെ പുറത്തുവന്നിരുന്നു. ആപ്പിൾ ഐഫോൺ 17 ലെ ഡിസ്‌പ്ലേയുടെ വലുപ്പം മാത്രമല്ല, അതിന്റെ പ്രകടനവും അപ്‌ഗ്രേഡ് ചെയ്യും എന്നും റിപ്പോർട്ടുകൾ പറയുന്നു. ഏറ്റവും പുതിയ ഐഫോൺ 16 , ഐഫോൺ 16 പ്ലസ് എന്നിവയുൾപ്പെടെ ആപ്പിളിന്റെ എല്ലാ നോൺ-പ്രോ മോഡലുകളിലും 60Hz ഡിസ്‌പ്ലേ സജ്ജീകരിച്ചിരിക്കുന്നു. ഈ വർഷം, ആപ്പിളിന്റെ അടിസ്ഥാന ഐഫോൺ 17 ഉം ഐഫോൺ 17 എയർ മോഡലും 120Hz LTPO ഒഎൽഇഡി സ്‌ക്രീനുകളുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു .
ഐഫോൺ 17, ഐഫോൺ 17 എയർ എന്നിവയിലും സാംസങ്ങിന്റെ ഏറ്റവും പുതിയ M14 ഒഎൽഇഡി പാനലുകൾ ഉണ്ടായിരിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ വർഷം, ആപ്പിൾ അതിന്റെ ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് മോഡലുകളിൽ സാംസങ്ങിൽ നിന്നുള്ള പുതിയ ഒഎൽഇഡി സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നു. എന്നാൽ 2025 ലെ നിരയിലെ നാല് മോഡലുകളിലും ഒരേ ഒഎൽഇഡി സ്‌ക്രീനുകൾ ഉണ്ടായിരിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. മെച്ചപ്പെട്ട 3nm ആർക്കിടെക്ചർ ഉപയോഗിച്ച് നിർമ്മിച്ച A19 പ്രോസസറാണ് ഐഫോൺ 17 ലൈനപ്പിന് കരുത്ത് പകരുന്നതെന്ന് പ്രതീക്ഷിക്കുന്നു. മികച്ച പ്രകടനത്തിനായി പ്രോ, പ്രോ മാക്സ് വേരിയന്റുകളിൽ കൂടുതൽ നൂതനമായ A19 പ്രോ ചിപ്പ് ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. അതേസമയം സ്റ്റാൻഡേർഡ് ഐഫോൺ 17, 17 എയർ എന്നിവയ്ക്ക് സാധാരണ A19 ഉപയോഗിക്കാം. അല്ലെങ്കിൽ മുമ്പത്തെ A18 ചിപ്‌സെറ്റ് നിലനിർത്താനും സാധ്യതയുണ്ട്.
2025-ൽ അടിസ്ഥാന ഐഫോൺ മോഡലുകളുടെ പ്രാരംഭ വില നിലവിലേതുതന്നെ തുടരാൻ സാധ്യതയുണ്ട് എന്നാണ് വിവിധ റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. ഐഫോൺ 17 ഇന്ത്യൻ വിപണിയിൽ 89,900 രൂപയ്ക്ക് എത്തും എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ ഐഫോൺ 17 എയറിന് 99,900 രൂപ വിലവരും. അതേസമയം, പ്രീമിയം ഐഫോൺ 17 പ്രോ, പ്രോ മാക്സ് വേരിയന്റുകൾക്ക് യഥാക്രമം 1,39,900 രൂപയും 1,64,900 രൂപയും വിലയുണ്ടാകുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം