മിൽക്കിവേയുടെ കേന്ദ്ര ഭാഗത്തോട് ചേർന്ന് ഭൂമിയിൽ നിന്ന് ഏകദേശം 27,000 പ്രകാശവർഷം അകലെയുള്ള G+0.693–0.027 എന്ന മോളിക്യൂളർ മേഘത്തിലാണ് ഈ കണ്ടെത്തൽ നടന്നത്

ഭൂമിക്ക് പുറത്ത് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ സൾഫർ ജൈവ തന്മാത്ര കണ്ടെത്തി ശാസ്ത്രജ്ഞർ. ജീവന്‍റെ ഉത്ഭവവുമായി ബന്ധപ്പെട്ട രാസപ്രക്രിയകൾ മനസിലാക്കുന്നതിൽ ഒരു സുപ്രധാന കണ്ണിയാണ് നക്ഷത്രാന്തര ബഹിരാകാശത്ത് കണ്ടെത്തിയ ഈ ജൈവ തന്മാത്രയെന്ന് ഗവേഷകർ പറയുന്നു. 2,5-സൈക്ലോഹെക്‌സാഡീൻ-1-തയോൺ എന്നറിയപ്പെടുന്ന ഈ തന്മാത്രയിൽ 13 ആറ്റങ്ങൾ അടങ്ങിയിരിക്കുന്നുവെന്നും പ്രപഞ്ച ഉത്ഭവത്തെക്കുറിച്ചുള്ള ഒരു മിസ്സിംഗ് ലിങ്ക് ആണ് ഇതെന്നും ഗവേഷകർ പറയുന്നു. ജർമ്മനിയിലെ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എക്‌സ്‌ട്രാറ്റെറസ്ട്രിയൽ ഫിസിക്‌സിലെ മിത്സുനോരി അരാകി നേതൃത്വം നൽകിയ ഈ പഠന റിപ്പോർട്ട് അടുത്തിടെ നേച്ചർ അസ്‍ട്രോണമി ജേണലിൽ പ്രസിദ്ധീകരിച്ചു.

സൾഫർ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?

പ്രപഞ്ചത്തിലെ ഏറ്റവും സമൃദ്ധമായ പത്താമത്തെ മൂലകമാണ് സൾഫർ. ഭൂമിയിലെ അമിനോ ആസിഡുകൾക്കും പ്രോട്ടീനുകൾക്കും അനിവാര്യമായ ഘടകമാണ് സൾഫർ. എന്നാൽ നക്ഷത്രങ്ങൾക്കിടയിലെ അന്തരീക്ഷത്തിൽ വലിയ സൾഫർ അണുക്കൾ അപൂർവമായി മാത്രമാണ് കണ്ടെത്തിയിരുന്നത്. അതുകൊണ്ടുതന്നെ ഇപ്പോൾ കണ്ടെത്തിയ 13 ആറ്റങ്ങൾ അടങ്ങിയ 2,5-സൈക്ലോഹെക്‌സാഡീൻ-1-തിയോൺ എന്ന സംയുക്തം ഈ കുറവ് നികത്തുന്നു.

ജീവന്‍റെ രസതന്ത്രം മനസിലാക്കുന്നതിലെ 'കാണാതായ ലിങ്ക്'

കാർബണും ഹൈഡ്രജനും കൂടി ഉൾപ്പെടുന്ന പുതുതായി കണ്ടെത്തിയ തന്മാത്ര, ബഹിരാകാശത്ത് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ സൾഫർ അടങ്ങിയ തന്മാത്രയാണ്. ഇതിന് മുമ്പ് കണ്ടെത്തിയ ഏറ്റവും വലുതിന് ഒമ്പത് ആറ്റങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും കണ്ടെത്തിയ മിക്ക സൾഫർ അടങ്ങിയ തന്മാത്രകൾക്കും മൂന്നോ നാലോ അഞ്ചോ ആറ്റങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അതിനാൽ ഇത് വളരെ അപൂർവമാണെന്നും പഠനത്തിലെ മുഖ്യ ഗവേഷകനായ മിത്സുനോരി അരാക്കി പറഞ്ഞു.

മിൽക്കിവേയുടെ കേന്ദ്ര ഭാഗത്തോട് ചേർന്ന് ഭൂമിയിൽ നിന്ന് ഏകദേശം 27,000 പ്രകാശവർഷം അകലെയുള്ള G+0.693–0.027 എന്ന മോളിക്യൂളർ മേഘത്തിലാണ് ഈ കണ്ടെത്തൽ നടന്നത്. ഈ പ്രദേശം നക്ഷത്രങ്ങളും ഗ്രഹങ്ങളും രൂപപ്പെടുന്ന 'സ്റ്റാർ നഴ്‌സറി'കളിലൊന്നായി ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നു. നക്ഷത്രങ്ങളും ഗ്രഹവ്യവസ്ഥകളും രൂപപ്പെടുന്ന ഇത്തരം മേഘങ്ങളിൽ ജീവന്‍റെ അടിസ്ഥാന ഘടകങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ പറയുന്നു. ഇതിലൂടെ ഭൂമിക്ക് പുറത്ത് പോലും ജീവൻ ഉണ്ടാകാനുള്ള സാധ്യത വർധിക്കുന്നുവെന്നും ഗവേഷകർ വിലയിരുത്തുന്നു.

ഇതുവരെ ബഹിരാകാശത്തിൽ കണ്ടെത്തിയ സൾഫർ ഘടകങ്ങൾ ചെറുതായിരുന്നുവെന്നും, വലിയ സൾഫർ ജൈവമോളിക്ക്യൂളുകളുടെ അഭാവം ഒരു ശാസ്ത്രീയ ദുരൂഹതയായിരുന്നുവെന്നും ഗവേഷകർ പറയുന്നു. പുതിയ കണ്ടെത്തൽ ആ ദുരൂഹതയ്ക്ക് ഭാഗികമായെങ്കിലും മറുപടി നൽകുന്നു. കൂടാതെ ധൂമകേതുക്കളിലും ഉൽക്കാശിലകളിലുമൊക്കെ കാണപ്പെടുന്ന ജൈവസംയുക്തങ്ങളുമായി ഇതിന് ബന്ധമുണ്ടാകാം. അങ്ങനെ ഭൂമിയിലെ ജീവിതത്തിന് ആവശ്യമായ രാസഘടകങ്ങൾ ബഹിരാകാശത്തിൽ തന്നെ രൂപപ്പെട്ടിരിക്കാമെന്ന സിദ്ധാന്തം ഇതിലൂടെ കൂടുതൽ ശക്തമാകുന്നതായും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

ഗവേഷകർ തന്മാത്രയെ തിരിച്ചറിഞ്ഞത് ഇങ്ങനെ

സൾഫർ, കാർബൺ, ഹൈഡ്രജൻ എന്നിവ അടങ്ങിയ ദുർഗന്ധം വമിക്കുന്ന ഒരു ദ്രാവകമായ തയോഫെനോളിൽ ഒരു വൈദ്യുത ഡിസ്ചാർജ് പ്രയോഗിച്ചാണ് ഗവേഷകർ ആദ്യം തന്മാത്രയെ സമന്വയിപ്പിച്ചത്. തുടർന്ന് അവർ തന്മാത്രയുടെ കൃത്യമായ റേഡിയോ ഫിംഗർപ്രിന്‍റ് നേടുകയും മേഘത്തിന്റെ നിരീക്ഷണത്തിൽ നിന്നുള്ള നിലവിലുള്ള ദൂരദർശിനി ഡാറ്റയുമായി താരതമ്യം ചെയ്യുകയും ചെയ്തു. സൾഫർ തന്മാത്രകൾ ധാരാളമായി ഉണ്ടായിരുന്ന ഈ തന്മാത്രാ മേഘത്തിൽ അവരുടെ കണ്ടെത്തൽ സ്ഥിരീകരിക്കാൻ ഈ രീതി സഹായിച്ചു.

ഭാവിയിൽ കൂടുതൽ കണ്ടെത്തലുകൾ പ്രതീക്ഷിക്കുന്നു

ബഹിരാകാശത്ത് ഇതുവരെ നിരീക്ഷിച്ച 300ൽ അധികം തന്മാത്രകളുടെ ലിസ്റ്റിലേക്ക് ഈ പുതിയ തന്മാത്രയുടെ കണ്ടെത്തൽ കൂട്ടിച്ചേർക്കുന്നു. ഭാവിയിൽ കൂടുതൽ സൾഫർ അടങ്ങിയ തന്മാത്രകൾ കണ്ടെത്താനാകുമെന്ന് ഇപ്പോഴത്തെ ഈ കണ്ടെത്തൽ സൂചിപ്പിക്കുന്നുവെന്ന് അരാക്കി പറഞ്ഞു. നമ്മുടെ പ്രപഞ്ചത്തിൽ നിലനിൽക്കുന്ന സങ്കീർണ്ണമായ രസതന്ത്രത്തെക്കുറിച്ച് കൂടുതൽ പഠിക്കുന്നതിനും മനസിലാക്കുന്നതിനുമുള്ള സാധ്യതകളും ഈ കണ്ടെത്തൽ തുറക്കുന്നു.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്