പിങ്ക് ഗ്രഹത്തിൽ ഉപ്പുമേഘങ്ങൾ; പുതിയ കണ്ടെത്തലുമായി ഗവേഷക‍‍ർ

Published : Jun 22, 2026, 02:05 PM IST
Pink Planet GJ 504b

Synopsis

ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ്, 'പിങ്ക് പ്ലാനറ്റ്' എന്നറിയപ്പെടുന്ന ജിജെ 504ബി എന്ന ബഹിരാകാശ വസ്‍തുവിന്റെ അന്തരീക്ഷത്തിൽ ഉപ്പുമേഘങ്ങൾ കണ്ടെത്തി.  ഈ വസ്‍തു ഒരു ഭീമൻ ഗ്രഹമാണോ ബ്രൗൺ ഡ്വാർഫാണോ എന്ന തർക്കത്തിനിടയിലാണ് ഈ നിർണായക വിവരം പുതിയ പഠനം പുറത്തുവിട്ടത്.  

ഹിരാകാശ ഗവേഷണ രംഗത്ത് ശ്രദ്ധേയമായ മറ്റൊരു കണ്ടെത്തലുമായി ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് (JWST) വീണ്ടും ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുന്നു. ഭൂമിയിൽ നിന്ന് ഏകദേശം 57 പ്രകാശവർഷം അകലെയുള്ള ജിജെ 504ബി (GJ 504b) എന്ന വസ്‍തുവിന്റെ അന്തരീക്ഷത്തിൽ ഉപ്പുകൊണ്ടുള്ള മേഘങ്ങൾ നിലനിൽക്കുന്നുവെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. പിങ്ക് നിറത്തിലുള്ള രൂപഭാവം കാരണം 'പിങ്ക് പ്ലാനറ്റ്' എന്നറിയപ്പെടുന്ന ഈ വസ്‍തു ഒരു ഭീമൻ ഗ്രഹമാണോ അതോ ബ്രൗൺ ഡ്വാർഫാണോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

അമേരിക്കയിലെ നോർത്ത്‌വെസ്റ്റേൺ സർവകലാശാലയിലെ ഗവേഷകനായ അനീഷ് ബാബുരാജിന്റെ നേതൃത്വത്തിലുള്ള പഠനഫലങ്ങൾ ജൂൺ 18-ന് ദി ആസ്ട്രോണമിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ചു. ജെയിംസ് വെബ് ടെലിസ്കോപ്പിലെ എൻഐആർസ്‌പെക് (NIRSpec) ഉപകരണം ഉപയോഗിച്ചാണ് ജിജെ 504ബിയുടെ മങ്ങിയ പ്രകാശത്തെ അതിന്റെ മാതൃനക്ഷത്രത്തിന്റെ ശക്തമായ പ്രകാശത്തിൽ നിന്ന് വേർതിരിച്ച് വിശകലനം ചെയ്തത്. വെറും രണ്ട് മണിക്കൂർ ദൈർഘ്യമുള്ള നിരീക്ഷണത്തിലൂടെയാണ് ഈ നിർണായക വിവരങ്ങൾ ലഭ്യമായത്.

സ്പെക്ട്രം പഠനത്തിൽ ജലബാഷ്‍പം, കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, അമോണിയ തുടങ്ങിയ വാതകങ്ങളുടെ സാന്നിധ്യം കണ്ടെത്തി. എന്നാൽ സാധാരണ അന്തരീക്ഷ മാതൃകകൾ ഉപയോഗിച്ച് ഈ സ്പെക്ട്രത്തെ വിശദീകരിക്കാൻ ഗവേഷകർക്ക് കഴിഞ്ഞില്ല. തുടർന്ന് വിവിധ തരത്തിലുള്ള മേഘ മാതൃകകൾ പരീക്ഷിച്ചപ്പോൾ, ആഴത്തിലുള്ള ഉപ്പുമേഘങ്ങളാണ് ഏറ്റവും യോജിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. ഈ മേഘങ്ങൾ അന്തരീക്ഷത്തിന്റെ താഴ്ന്ന ഭാഗങ്ങളിലുള്ള ചില രാസഘടകങ്ങളുടെ സിഗ്നലുകൾ മറയ്ക്കുന്നുവെന്നാണ് വിലയിരുത്തൽ.

പഠനഫലങ്ങൾ പ്രകാരം ജിജെ 504ബിയുടെ പ്രായം ഏകദേശം 250 കോടി മുതൽ 400 കോടി വർഷം വരെയായിരിക്കാമെന്ന് കരുതുന്നു. ഇതിന്റെ ഉപരിതല താപനില ഏകദേശം 550 ഡിഗ്രി ഫാരൻഹീറ്റ് (ഏകദേശം 288 ഡിഗ്രി സെൽഷ്യസ്) ആണ്. ഇത്രയും കുറഞ്ഞ താപനിലയുള്ള വസ്‍തുക്കളെ നേരിട്ട് പഠിക്കാൻ കഴിയുന്നത് ജെയിംസ് വെബ് ടെലിസ്കോപ്പിന്റെ സാങ്കേതിക മികവിന്റെ തെളിവായാണ് വിലയിരുത്തപ്പെടുന്നത്.

ജിജെ 504ബി ഗ്രഹമായി രൂപപ്പെട്ടതാണോ, നക്ഷത്രങ്ങളെപ്പോലെ രൂപംകൊണ്ട ബ്രൗൺ ഡ്വാർഫാണോ എന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല. എങ്കിലും, ഈ പുതിയ കണ്ടെത്തൽ ഭാവിയിൽ വ്യാഴത്തെപ്പോലുള്ള തണുത്ത ഗ്രഹങ്ങളുടെയും മങ്ങിയ ബഹിരാകാശ വസ്തുക്കളുടെയും അന്തരീക്ഷ ഘടന മനസ്സിലാക്കാൻ സഹായിക്കുമെന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നു.

 

PREV
Read more Articles on
click me!

Recommended Stories

ആ ന്യൂട്രിനോ രഹസ്യം കണ്ടെത്തി ശാസ്‍ത്രജ്ഞർ; വന്നത് 1100 കോടി പ്രകാശവർഷങ്ങൾക്കപ്പുറത്ത് നിന്നും
ഭീമൻ ബ്ലാക്ക് ഹോളുകൾക്ക് ചുറ്റും ഗ്രഹങ്ങൾ രൂപപ്പെടുന്നുവെന്ന് ശാസ്ത്രജ്ഞർ; കൗതുകമുണർത്തി പുതിയ കണ്ടെത്തൽ