ചാന്ദ്ര പദ്ധതിയിൽ അടിമുടി മാറ്റങ്ങളുമായി അമേരിക്ക, ചന്ദ്രനിൽ ഗവേഷണ നിലയം സ്ഥാപിക്കാനൊരുങ്ങി നാസ

Published : Mar 25, 2026, 03:51 AM IST
blood moon 2026 01

Synopsis

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് നടത്തുന്നത് പോലെ ആറു മാസം കൂടുമ്പോൾ ചാന്ദ്ര നിലയത്തിലേക് മനുഷ്യരെ അയക്കുകയാണ് നാസയുടെ ലക്ഷ്യം.

വാഷിംഗ്ടൺ: ചാന്ദ്ര പദ്ധതിയിൽ അടിമുടി മാറ്റങ്ങളുമായി അമേരിക്ക. പദ്ധതിയിലെ ലക്ഷ്യങ്ങൾ നാസ പുനർനിർവചിച്ചു. ചന്ദ്രനിൽ ഗവേഷണ നിലയം സ്ഥാപിക്കും. അമേരിക്ക ചന്ദ്രനിൽ സ്ഥിരം മനുഷ്യ സാന്നിധ്യം ഉറപ്പാക്കും. ഇക്കാര്യത്തിൽ അമേരിക്ക ആ‍ർക്കും പിന്നിലാകില്ലെന്നാണ് പ്രഖ്യാപനം. പദ്ധതിക്കായി സ്വകാര്യ കമ്പനികളെ കൂടെ കൂട്ടും. ആദ്യ ഘട്ടത്തിൽ കൂടുതൽ റോബോട്ടിക് ദൗത്യങ്ങളും പിന്നീട് നിലയ നിർമ്മാണവും നടക്കുമെന്നും നാസ വ്യക്തമാക്കി. ആർട്ടമിസ് 5ന് ശേഷം സ്ഥിരം കൂടുതൽ ദൗത്യങ്ങൾ ഉറപ്പാക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് നടത്തുന്നത് പോലെ ആറു മാസം കൂടുമ്പോൾ ചാന്ദ്ര നിലയത്തിലേക് മനുഷ്യരെ അയക്കുകയാണ് നാസയുടെ ലക്ഷ്യം. 

2029 ഓടെ ചാന്ദ്ര നിലയത്തിന്റെ പ്രാഥമിക പ്രവർത്തനം തുടങ്ങും. 2032 ഓടെ സ്ഥിരം ക്രൂ സാന്നിധ്യം ലക്ഷ്യമാണെന്നും നാസ വ്യക്തമാക്കി. 2027 മുതൽ. എല്ലാ മാസവും ചന്ദ്രനിലേക്ക് ദൗത്യങ്ങൾ നടത്തും എന്ന് നാസ കൂട്ടിച്ചേർത്തു. സ്വാകാര്യ കമ്പനികളുമായി ചേർന്നായിരുന്നു റോവറുകളും, ലാൻഡറുകളും അയക്കുകയെന്നും നാസ വ്യക്തമാക്കി.

ചൊവ്വാഴ്ചയാണ് നാസ ചാന്ദ്ര പദ്ധതിയിലെ ലക്ഷ്യങ്ങൾ പുന‍‍‍ർ നിർവ്വചിച്ചത്. അടുത്ത ഏഴ് വർഷത്തിനുള്ളിൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് സമീപം മനുഷ്യർക്ക് സ്ഥിരമായി താമസിക്കാൻ കഴിയുന്ന ഒരു കേന്ദ്രം പണിയാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഏകദേശം 20 ബില്യൺ ഡോളറാണ് ചിലവ് പ്രതീക്ഷിക്കുന്നത്. കേവലം ചന്ദ്രനിൽ പോയി മടങ്ങുക എന്നതിലുപരി അവിടെ തങ്ങി ഗവേഷണങ്ങൾ നടത്തുക എന്ന ദീർഘകാല ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളത്. പതാക നാട്ടുകയോ കാൽപ്പാടുകൾ പതിപ്പിക്കുകയോ മാത്രമല്ല, അവിടെ ജീവിക്കുക എന്നതാണ് തങ്ങളുടെ പുതിയ ദൗത്യമെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ വ്യക്തമാക്കി.

ഈ ബൃഹത്തായ പദ്ധതി പ്രധാനമായും മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തിൽ ആവശ്യമായ ഉപകരണങ്ങളും റോവറുകളും പരീക്ഷണാർത്ഥം ചന്ദ്രനിലെത്തിക്കും. രണ്ടാം ഘട്ടത്തിൽ ബഹിരാകാശ സഞ്ചാരികൾക്ക് താമസിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും, മൂന്നാം ഘട്ടത്തോടെ മനുഷ്യർക്ക് ദീർഘകാലം അവിടെ കഴിയാൻ പാകത്തിലുള്ള സ്ഥിരമായ സംവിധാനങ്ങൾ പൂർത്തിയാക്കുകയും ചെയ്യും. ഇതിന്റെ ഭാഗമായി ആർട്ടെമിസ് ദൗത്യത്തിൽ ചില മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാവും പദ്ധതി ഒരുങ്ങുക. അപ്പോളോ ദൗത്യങ്ങൾക്ക് ശേഷം മനുഷ്യൻ ബഹിരാകാശ ഗവേഷണത്തിൽ നടത്തുന്ന ഏറ്റവും വലിയ വിപ്ലവമായാണ് ഈ പദ്ധതിയെ ശാസ്ത്രലോകം വിലയിരുത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

കെപ്ലർ-51 'സൂപ്പർ-പഫ്' ഗ്രഹങ്ങൾ; ശാസ്ത്രലോകത്തെ ഞെട്ടിച്ച് പുതിയ കണ്ടെത്തൽ
ഐഎസ്എസ് വൈദ്യുതി നവീകരണത്തിന് മുന്നൊരുക്കം; ഏഴ് മണിക്കൂർ ബഹിരാകാശ നടത്തം വിജയകരം