സൂര്യന് സമീപമെത്തിയ ധൂമകേതു ആവിയായി! അമ്പരപ്പിക്കുന്ന കണ്ടെത്തൽ

Published : Apr 20, 2026, 09:31 AM IST
comet C/2026 A1 (MAPS)

Synopsis

2026 ഏപ്രിലിൽ സൂര്യനോട് വളരെ അടുത്തുപോയ C/2026 A1 (മാപ്‍സ്) എന്ന 'സൺഗ്രേസർ' ധൂമകേതു പൂർണ്ണമായും ശിഥിലീകരിച്ചു. സൂര്യന്റെ അതികഠിനമായ ചൂടും ഗുരുത്വാകർഷണവുമാണ് ഇതിന് കാരണമായതെന്ന് നാസയുടെ സോഹോ, സ്റ്റീരിയോ തുടങ്ങിയ ബഹിരാകാശ പേടകങ്ങളുടെ നിരീക്ഷണങ്ങൾ വ്യക്തമാക്കുന്നു. 

2026 ഏപ്രിലിൽ സൂര്യന്‍റെ തൊട്ടടുത്ത് എത്തിയ അപൂർവ ‘സൺഗ്രേസർ’ ധൂമകേതുവായ C/2026 A1 (മാപ്‍സ്) പൂര്‍ണമായി ശിഥിലീകരിച്ച സംഭവം ശാസ്ത്രലോകത്ത് വലിയ ശ്രദ്ധ നേടുന്നു. സൂര്യന്‍റെ അതീവ ചൂടും ഗുരുത്വാകർഷണ ശക്തിയും താങ്ങാനാകാതെ ഈ ധൂമകേതു നശിച്ചുവെന്നാണ് നാസയുടെ നിരീക്ഷണം വ്യക്തമാക്കുന്നത്. ക്രോയിറ്റ്‌സ് (Kreutz) സൺഗ്രേസർ കുടുംബത്തിൽപ്പെട്ട ഈ ധൂമകേതുവിനെ അമച്വർ ജ്യോതിശാസ്ത്രജ്ഞരാണ് ആദ്യം കണ്ടെത്തിയത്.

ധൂമകേതുവിനെ കണ്ട് സോഹോ, സ്റ്റീരിയോ പേടകങ്ങള്‍

സൂര്യനോട് ഏറ്റവും അടുത്തുള്ള പെരിഹീലിയത്തിനുമുമ്പ് തന്നെ ദ്രുതഗതിയിൽ സഞ്ചരിക്കുന്ന മാപ്‍സ് ധൂമകേതുവിനെ നാസയുടെ വിവിധ ബഹിരാകാശ പേടകങ്ങൾ നിരീക്ഷിച്ചിരുന്നു. സോഹോ (SOHO) പേടകത്തിലെ ലാസ്‍കോ (LASCO) കൊറോണാഗ്രാഫ് ഉപകരണം ധൂമകേതുവിനെ സൂര്യനെ സമീപിക്കുന്നതിനുമുമ്പ് പൂർണ്ണ രൂപത്തിൽ കണ്ടു. പക്ഷേ, പിന്നീട് ധൂമകേതു പൊടിക്കാറ്റായി മാറിയതായി ലാസ്‍കോ കൊറോണാഗ്രാഫ് രേഖപ്പെടുത്തി. അതേസമയം സ്റ്റീരിയോ പേടകം (STEREO) വ്യത്യസ്‍ത കോണുകളിൽ നിന്നും ധൂമകേതു സൂര്യനെ ചുറ്റിപ്പോയതിനു ശേഷം പൂർണ്ണമായി അപ്രത്യക്ഷമാകുന്നത് രേഖപ്പെടുത്തി.

നാസയുടെ പുതിയ പഞ്ച് ദൗത്യം (PUNCH Mission) ഏപ്രിൽ ഒന്നിന് മുമ്പ് തന്നെ മാപ്‍സിന്റെ ചിത്രങ്ങൾ പകർത്തിയിരുന്നു. ഭാവിയിൽ സൗര വാതങ്ങളുടെ സ്വാധീനത്തിൽ ധൂമകേതുവിന്‍റെ വാലിന്‍റെ മാറ്റങ്ങൾ പഠിക്കാൻ ഈ ദൗത്യം സഹായകരമാകും. ഇതിനുമുമ്പ് പാർക്കർ സോളാർ പ്രോബിലെ WISPR ഉപകരണം 2020-ൽ മറ്റൊരു സൺഗ്രേസർ ധൂമകേതു സൂര്യപ്രകാശത്തിന്‍റെ ശക്തിയിൽ വിഘടിക്കുന്നത് സ്ഥിരീകരിച്ചിരുന്നു.

ധൂമകേതുക്കള്‍ എങ്ങനെ നശിക്കുന്നു

ധൂമകേതുക്കൾ സൂര്യനോട് അടുത്തെത്തുമ്പോൾ അവയുടെ അകത്തെ ഐസ് കനത്ത ചൂടിൽ വാതകമായി മാറുന്നു. ഇതിലൂടെ അകത്തെ സമ്മർദ്ദം കൂടുകയും കേന്ദ്രഭാഗം പിളർന്നുപോകുകയും ചെയ്യുന്നു. കൂടാതെ സൂര്യന്‍റെ ശക്തമായ ടൈഡൽ ഫോഴ്സും (tidal force) മണിക്കൂറിൽ ഏകദേശം 16 ലക്ഷം കിലോമീറ്റർ വേഗതയും ഈ ശിഥിലീകരണത്തെ വേഗത്തിലാക്കുന്നു. ഇതിന്റെ ഫലമായി ധൂമകേതുക്കൾ നശിച്ച് വാതകവും പൊടിയും മാത്രം അവശേഷിക്കുന്നു.

ഇത്തരത്തിലുള്ള സംഭവങ്ങളെ പഠിക്കുന്നത് ശാസ്ത്രജ്ഞർക്ക് പ്രാചീന സൗരയൂഥത്തിന്‍റെ രൂപീകരണ രഹസ്യങ്ങൾ കൂടുതൽ വ്യക്തമായി മനസിലാക്കാൻ സഹായിക്കുന്നു. ധൂമകേതുക്കളുടെ ഘടനയും അവയുടെ വികാസവും വ്യക്തമാക്കുന്നതിൽ ഇത്തരം നിരീക്ഷണങ്ങൾ നിർണായകമാണ്.

 

PREV
Read more Articles on
click me!

Recommended Stories

ഇടിമിന്നല്‍ ബഹിരാകാശ കാലാവസ്ഥയെ എങ്ങനെ സ്വാധീനിക്കുന്നു; രഹസ്യത്തിന്‍റെ ചുരുളഴിക്കാന്‍ നാസ ദൗത്യം
പ്രപഞ്ചത്തിന്‍റെ ഏറ്റവും വലിയ ത്രീഡി മാപ്പ്; ഡാർക്ക് എനർജിയുടെ രഹസ്യത്തിലേക്ക് പുതിയ വഴിത്തിരിവ്