
ഭാവിയിൽ ചന്ദ്രനിലും ചൊവ്വയിലും മനുഷ്യരുടെ ഇടപെടൽ വളരെ കുറച്ച് സ്വയം സഞ്ചരിക്കുന്ന റോബോട്ടിക് വാഹനങ്ങൾ വികസിപ്പിക്കാനുള്ള ശ്രമത്തിൽ നിർണായക മുന്നേറ്റവുമായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി (JPL) വികസിപ്പിച്ച എക്‌സ്‌പ്ലോറേഷൻ റോവർ ഫോർ നാവിഗേറ്റിംഗ് എക്‌സ്ട്രീം സ്ലോപ്പ്ഡ് ടെറൈൻ (ERNEST) എന്ന പുതിയ റോവർ പ്രോട്ടോടൈപ്പാണ് കാലിഫോർണിയയിലെ തെക്കൻ മരുഭൂമിയിൽ നടത്തിയ പരീക്ഷണത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്.
ചന്ദ്രന്റെയും ചൊവ്വയുടെയും കുത്തനെയുള്ള ചരിവുകൾ, പാറക്കെട്ടുകൾ, കുഴികൾ, മണൽപ്രദേശങ്ങൾ എന്നിവ സുരക്ഷിതമായി മറികടക്കാൻ കഴിയുന്ന രീതിയിലാണ് എർണസ്റ്റിനെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൃത്രിമബുദ്ധിയുടെ സഹായത്തോടെ വഴിയിലുള്ള തടസ്സങ്ങൾ തിരിച്ചറിഞ്ഞ് അവ ഒഴിവാക്കാനോ അതിജീവിക്കാനോ റോവറിന് സാധിക്കും. ഇതിലൂടെ ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും പൂർത്തിയാക്കാനാകുമെന്നാണ് നാസയുടെ പ്രതീക്ഷ.
ഏഴ് ദിവസങ്ങളിലായി നടന്ന പരീക്ഷണത്തിൽ എർണസ്റ്റ് 26 കിലോമീറ്റർ ദൂരം പിന്നിട്ടു. 37 മണിക്കൂറിലേറെ ഡ്രൈവിംഗ് സമയം എടുത്ത ഈ ദൗത്യത്തിനിടെ എൻജിനീയർമാരുടെ ഇടപെടൽ വളരെ കുറവായിരുന്നു. യാത്രയുടെ ഭൂരിഭാഗവും റോവർ സ്വന്തം തീരുമാനങ്ങൾ എടുത്ത് പൂർത്തിയാക്കിയതായാണ് നാസ അറിയിച്ചത്.
2022-ലാണ് എർണസ്റ്റിന്റെ വികസനം ആരംഭിച്ചത്. ആയിരക്കണക്കിന് കമ്പ്യൂട്ടർ സിമുലേഷനുകളിലൂടെ 'റീഇൻഫോഴ്‌സ്‌മെന്റ് ലേണിംഗ്' ഉപയോഗിച്ച് റോവറിനെ പരിശീലിപ്പിച്ചു. തുടർന്ന് ജെപിഎല്ലിലെ 'മാർസ് യാർഡ്' പരീക്ഷണകേന്ദ്രത്തിൽ വിവിധ തടസ്സങ്ങൾ നിറഞ്ഞ പാതകളിൽ പരീക്ഷിച്ച ശേഷമാണ് കാലിഫോർണിയൻ മരുഭൂമിയിൽ യഥാർഥ സാഹചര്യത്തിൽ പരീക്ഷണം നടത്തിയത്.
നിലവിൽ ചൊവ്വയിൽ പ്രവർത്തിക്കുന്ന പെർസിവിയറൻസ്, ഒപ്പോർച്യൂണിറ്റി തുടങ്ങിയ റോവറുകൾ ആറ് ചക്രങ്ങളുള്ള 'റോക്കർ-ബോഗി' സംവിധാനമാണ് ഉപയോഗിക്കുന്നത്. എന്നാൽ എർണസ്റ്റിന് നാല് ചക്രങ്ങളും സജീവ സസ്പെൻഷൻ സംവിധാനവുമാണ് ഉള്ളത്. ഓരോ ചക്രവും സ്വതന്ത്രമായി നിയന്ത്രിക്കാനാകുന്നതിനാൽ മുന്നോട്ടും പിന്നോട്ടുമെന്നതിലുപരി വശങ്ങളിലേക്കും നീങ്ങാൻ കഴിയും. മുൻവശത്തെ പ്രത്യേക ജോയിന്റുകൾ ഉപയോഗിച്ച് ശരീരത്തിന്റെ ചലനരീതി മാറ്റി വലിയ പാറകളും തടസങ്ങളും മറികടക്കാനുള്ള കഴിവും ഇതിന് ലഭിക്കുന്നു.
ഏകദേശം 1.2 മീറ്റർ നീളമുള്ള എർണസ്റ്റിന് മണിക്കൂറിൽ ഒരു കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കും. രാത്രിയിലും കുറഞ്ഞ വെളിച്ചത്തിലും നടത്തിയ പരീക്ഷണങ്ങളിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കൂടുതൽ വേഗത്തിലും ദീർഘദൂരത്തിലും സഞ്ചരിക്കാൻ കഴിയുന്ന അടുത്ത തലമുറ ചന്ദ്ര-ചൊവ്വ റോവറുകളുടെ വികസനത്തിന് എർണസ്റ്റ് വഴികാട്ടിയാകുമെന്നാണ് നാസ ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.