
ഭൂമിയിലേക്ക് ഇടിച്ചുകയറാൻ സാധ്യതയുള്ള ഭീമൻ ഛിന്നഗ്രഹങ്ങളെ എങ്ങനെ തടയാം? വർഷങ്ങളായി ശാസ്ത്രലോകം ഉത്തരം തേടുന്ന ഈ ചോദ്യത്തിന് പുതിയ നിർദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈനീസ് ശാസ്ത്രജ്ഞർ. മതിയായ മുന്നറിയിപ്പ് സമയം ലഭിച്ചാൽ ഛിന്നഗ്രഹത്തിന്റെ ഉൾഭാഗത്ത് ആണവ സ്ഫോടനം നടത്തുന്നതാണ് ഏറ്റവും ഫലപ്രദമായ മാർഗമെന്നാണ് പുതിയ പഠനത്തിന്റെ നിഗമനം. 'സ്‌പേസ്: സയൻസ് ആൻഡ് ടെക്‌നോളജി' എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ചൈനീസ് ഗവേഷകരുടെ ഈ കണ്ടെത്തലിനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്.
സൗരയൂഥത്തിൽ ലക്ഷക്കണക്കിന് ഛിന്നഗ്രഹങ്ങൾ ഉണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണക്ക്. ഇവയിൽ വളരെ ചെറിയൊരു വിഭാഗം മാത്രമാണ് ഭൂമിക്ക് ഭീഷണിയാകാൻ സാധ്യതയുള്ളത്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും മറ്റ് നിരീക്ഷണ കേന്ദ്രങ്ങളും ഇത്തരം വസ്‍തുക്കളെ നിരന്തരം നിരീക്ഷിച്ചുവരുന്നുണ്ടെങ്കിലും നിലവിൽ ഭൂമിയെ ഉടൻ ബാധിക്കാനിടയുള്ള വലിയ ഭീഷണിയൊന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ 2013-ൽ റഷ്യയിലെ ചെലിയാബിൻസ്‌കിന് മുകളിലുണ്ടായ ബഹിരാകാശ പാറയുടെ സ്ഫോടനം വലിയ നാശനഷ്‍ടങ്ങൾ സൃഷ്‍ടിച്ചിരുന്നു. അതിനാൽ ഭാവിയിൽ ഇത്തരം അപകടസാധ്യതകൾ നേരിടാനുള്ള മാർഗങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ചൈന അക്കാദമി ഓഫ് ലോഞ്ച് വെഹിക്കിൾ ടെക്‌നോളജിയിലെ ഗവേഷകനായ ഷിയാവെയ് വാങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. 100 മീറ്ററിലധികം വലിപ്പമുള്ള ഒരു ഛിന്നഗ്രഹം ഭൂമിയിലേക്ക് പാഞ്ഞുവരുന്ന സാഹചര്യത്തിൽ രണ്ട് മാർഗങ്ങളാണ് ഗവേഷകർ മുന്നോട്ടുവയ്ക്കുന്നത്. ആദ്യ മാർഗത്തിൽ ഛിന്നഗ്രഹത്തിന്‍റെ ഉപരിതലത്തിൽ ഇടിച്ച് ചെറിയ ഗർത്തം സൃഷ്‍ടിച്ചതിനുശേഷം അതിനുള്ളിൽ ആണവായുധം പൊട്ടിത്തെറിപ്പിക്കും. രണ്ടാമത്തെ മാർഗത്തിൽ പ്രത്യേക ഉപകരണം ഉപയോഗിച്ച് കൂടുതൽ ആഴത്തിലുള്ള ഗർത്തം ഉണ്ടാക്കി അതിന്റെ ഉൾഭാഗത്ത് ആണവ സ്ഫോടനം നടത്തും. ഇതിനെ പ്രീ-എക്‌സ്‌കവേഷൻ ഡിറ്റണേഷൻ എന്നാണ് ഗവേഷകർ വിശേഷിപ്പിക്കുന്നത്.
ഒരു വർഷം മുതൽ ഇരുപത് വർഷം വരെ മുന്നറിയിപ്പ് സമയം ലഭിക്കുന്ന വിവിധ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ചൈനീസ് ഗവേഷകർ പരീക്ഷണങ്ങൾ നടത്തിയത്. ആവശ്യത്തിന് സമയം ലഭിച്ചാൽ ഛിന്നഗ്രഹത്തിന്റെ ഉൾഭാഗത്ത് ആഴത്തിൽ സ്ഫോടനം നടത്തുന്നതാണ് കൂടുതൽ ഫലപ്രദമെന്ന് ഈ പഠനം കണ്ടെത്തി. ഇത്തരത്തിലുള്ള സ്ഫോടനത്തിലൂടെ ഏകദേശം 100 മീറ്റർ വലിപ്പമുള്ള ഛിന്നഗ്രഹങ്ങളെ തകർക്കാനോ, ഒരു കിലോമീറ്റർ വരെ വലിപ്പമുള്ളവയുടെ സഞ്ചാരപാതയിൽ മാറ്റം വരുത്താനോ കഴിയുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
അതേസമയം, ഈ ദൗത്യത്തിൽ നിരവധി വെല്ലുവിളികൾ പരിഗണിക്കേണ്ടിവരുമെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. ഛിന്നഗ്രഹത്തിന്റെ ഘടന എന്താണ്, സ്ഫോടനത്തിന് ശേഷം വേർപെടുന്ന കഷണങ്ങൾ ഭൂമിക്ക് പുതിയ ഭീഷണിയാകുമോ, ആണവായുധം സുരക്ഷിതമായി ബഹിരാകാശത്തേക്ക് എത്തിക്കാനാകുമോ തുടങ്ങിയ നിരവധി സാങ്കേതിക ചോദ്യങ്ങൾക്ക് ഇനിയും വ്യക്തമായ ഉത്തരങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്ന് പഠനം സൂചിപ്പിക്കുന്നു. മുന്നറിയിപ്പ് സമയം വളരെ കുറവാണെങ്കിൽ ഉപരിതല സ്ഫോടന രീതി പ്രായോഗികമായേക്കാമെന്നും എന്നാൽ ആവശ്യത്തിന് സമയം ലഭിക്കുന്ന സാഹചര്യത്തിൽ ഉൾഭാഗത്ത് ആഴത്തിൽ നടത്തുന്ന ആണവ സ്ഫോടനമാണ് ഏറ്റവും മികച്ച പ്രതിരോധ മാർഗമെന്നും ഗവേഷകർ വിലയിരുത്തുന്നു.