റീല്‍സ്, ഷോര്‍ട് വീഡിയോകള്‍ അമിതമായി കാണുന്നവരാണോ നിങ്ങള്‍; ശ്രദ്ധക്കുറവ്, ഉറക്കമില്ലായ്‌മ, വിഷാദരോഗ സാധ്യത- പഠനം

Published : Jul 14, 2025, 11:42 AM ISTUpdated : Jul 14, 2025, 11:44 AM IST
Watching mobile phone reels addict

Synopsis

ഷോര്‍ട് വീഡിയോകള്‍ അമിതമായി കാണുന്നത് ആളുകളില്‍ ശ്രദ്ധക്കുറവ്, ഉറക്കമില്ലായ്‌മ, വിഷാദരോഗ സാധ്യത എന്നിവ വർധിപ്പിക്കുന്നുവെന്നും പഠനം

നിങ്ങൾ ഇൻസ്റ്റഗ്രാം റീലുകളും യൂട്യൂബ് ഷോർട്‌സുകളും തുടർച്ചയായി കാണുന്ന ഒരാളാണോ? ഇത്തരം ചെറുവീഡിയോകളോട് നിങ്ങൾക്ക് അടക്കാനാവാത്ത ആസക്തി ഉണ്ടോ? എങ്കിൽ ഇപ്പോൾ പുറത്തുവരുന്ന ഒരു വാർത്ത നിങ്ങൾക്ക് ആശങ്കാജനകമായ കാര്യമാണ്. തുടർച്ചയായി ഷോർട് വീഡിയോകൾ കാണുന്ന ശീലം നിങ്ങളുടെ തലച്ചോറിനെ ദോഷകരമായി ബാധിക്കുമെന്നാണ് അടുത്തിടെ പുറത്തുവന്ന ഒരു പുതിയ ഗവേഷണം വെളിപ്പെടുത്തുന്നത്. ചൈനയിലെ ടിയാൻജിൻ നോർമൽ യൂണിവേഴ്സിറ്റിയുടെ ഗവേഷണ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് കാണിക്കുന്നത് റീല്‍സുകള്‍ നമ്മുടെ ശ്രദ്ധാശേഷി കുറയ്ക്കുന്നു എന്നാണ്.

ന്യൂറോഇമേജ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വലിയ മുന്നറിയിപ്പാണ് നല്‍കുന്നത്. ഷോർട്-വീഡിയോ പ്ലാറ്റ്‌ഫോമുകളുടെ അമിത ഉപയോഗം മനുഷ്യരുടെ തീരുമാനമെടുക്കൽ പ്രക്രിയയെ തടസ്സപ്പെടുത്തുകയും വ്യക്തികളെ ചൂതാട്ടവും മയക്കുമരുന്നും പോലുള്ള ആസക്തിയിലേക്ക് നയിക്കുകയും ചെയ്യുമെന്ന് പഠനത്തില്‍ പറയുന്നു. ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം റീൽസ്, യൂട്യൂബ് ഷോർട്‌സ് തുടങ്ങിയ ഷോർട്-ഫോം വീഡിയോ പ്ലാറ്റ്‌ഫോമുകൾക്ക് അടിമകളായ ആളുകൾക്ക് സാമ്പത്തിക നഷ്‍ടങ്ങളോട് സംവേദനക്ഷമത കുറവാണെന്നും തിടുക്കപ്പെട്ട് തീരുമാനങ്ങൾ എടുക്കാന്‍ സാധ്യതയുണ്ടെന്നും ബ്രെയിൻ ഇമേജിംഗ് പഠനം കണ്ടെത്തി.

അത്തരം പെരുമാറ്റ മാറ്റങ്ങൾ തലച്ചോറിന്‍റെ പ്രവർത്തനത്തിന്റെ പ്രത്യേക പാറ്റേണുകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ന്യൂറോ ഇമേജ് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണം കാണിക്കുന്നത്. ചൂതാട്ടം, ലഹരിവസ്തുക്കളുടെ ദുരുപയോഗം തുടങ്ങിയ ആസക്തി നിറഞ്ഞ പെരുമാറ്റങ്ങളും ഷോർട്ട് വീഡിയോ ആസക്തിയും തമ്മിലുള്ള സമാനതകൾ പഠനം വരച്ചുകാട്ടുന്നു. രണ്ട് സാഹചര്യങ്ങളിലും വ്യക്തികൾ ദീർഘകാല പ്രത്യാഘാതങ്ങളെക്കാൾ ഉടനടിയുള്ള പ്രതിഫലങ്ങൾക്കാണ് മുൻഗണന നൽകുന്നത് എന്നും പഠനം പറയുന്നു.

മേൽപ്പറഞ്ഞ ഷോർട് വീഡിയോ പ്ലാറ്റ്‌ഫോമുകളിലെ അനന്തമായ സ്‌ക്രോളിംഗും വ്യക്തിഗതമാക്കിയ ഉള്ളടക്കവും നിരന്തരം കാണുന്നത് താല്‍ക്കാലിക സംതൃപ്തിയും വീണ്ടും കാണാനുള്ള ത്വരയും വര്‍ധിപ്പിക്കുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ തലച്ചോറിന്‍റെ പ്രവർത്തനത്തെ ബാധിച്ചേക്കാം എന്ന് ഗവേഷണം മുന്നറിയിപ്പ് നൽകുന്നു. ഇത് സാമ്പത്തിക കാര്യങ്ങളിലടക്കം വ്യക്തികള്‍ക്ക് ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള കഴിവ് കുറയ്ക്കുന്നതിനും ഇടവരുത്തിയേക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.

ഷോർട് വീഡിയോ ആസക്തി ആഗോള പൊതുജനാരോഗ്യ ഭീഷണിയാണെന്ന് ടിയാൻജിൻ നോർമൽ സർവകലാശാലയിലെ സൈക്കോളജി പ്രൊഫസറും പഠനത്തിന്‍റെ മുഖ്യ ഗവേഷകനുമായി ക്വിയാങ് വാങ് പറഞ്ഞു. ചൈനയിലെ ഉപയോക്താക്കൾ പ്രതിദിനം ശരാശരി 151 മിനിറ്റ് ഷോർട് വീഡിയോകൾ കാണുന്നതിനായി ചെലവഴിക്കുന്നു. കൂടാതെ 95.5 ശതമാനം ഇന്‍റർനെറ്റ് ഉപയോക്താക്കളും ഇതിൽ പങ്കാളികളാകുന്നു. ഷോര്‍ട് വീഡിയോകളുടെ ഉയർന്ന ഉപഭോഗം ആളുകളില്‍ ശ്രദ്ധക്കുറവ്, ഉറക്കമില്ലായ്മ, വിഷാദരോഗ സാധ്യത എന്നിവ വർധിപ്പിക്കുന്നുവെന്നും അദേഹം വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ