
ഭൂമിയുടെ ഭ്രമണപഥത്തിൽ പ്രവർത്തിക്കുന്ന മറ്റ് ഉപഗ്രഹങ്ങളെ നിരീക്ഷിക്കാൻ പുതിയ ബഹിരാകാശ പേടക ശ്രേണി വികസിപ്പിച്ച് അമേരിക്കൻ കമ്പനി. സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ആസ്ട്രാനിസ് എന്ന കമ്പനിയാണ് ‘പെർസെപ്റ്റർ’ എന്ന പേരിൽ പുതിയ പേടകങ്ങൾ വികസിപ്പിക്കുന്നത്. ജിയോസ്റ്റേഷനറി ഓർബിറ്റിൽ അഥവാ ജിയോയിൽ പ്രവർത്തിക്കുന്ന ഉപഗ്രഹങ്ങളെയും അവയുടെ ചുറ്റുപാടുകളെയും നിരീക്ഷിക്കുകയാണ് പ്രധാന ലക്ഷ്യം.
ഭൂമിയിൽ നിന്ന് ഏകദേശം 35,786 കിലോമീറ്റർ ഉയരത്തിലാണ് ജിയോസ്റ്റേഷനറി ഭ്രമണപഥം സ്ഥിതി ചെയ്യുന്നത്. ഈ ഉയരത്തിൽ ഒരു ഉപഗ്രഹത്തിന്‍റെ ഭ്രമണ വേഗവും ഭൂമിയുടെ ഭ്രമണ വേഗവും തമ്മിൽ പൊരുത്തപ്പെടുന്നതിനാൽ ഭൂമിയിൽ നിന്നുള്ള നിരീക്ഷണത്തിൽ ഉപഗ്രഹം ഒരേ പ്രദേശത്തിന് മുകളിൽ സ്ഥിരമായി നിൽക്കുന്നതുപോലെ തോന്നും. ആശയവിനിമയം, കാലാവസ്ഥാ നിരീക്ഷണം, രഹസ്യാന്വേഷണം തുടങ്ങിയ ആവശ്യങ്ങൾക്കുള്ള ഉപഗ്രഹങ്ങൾക്കായി ജിയോ പ്രധാനപ്പെട്ട ഭ്രമണപഥമാണ്. ബഹിരാകാശ ശക്തികൾ പരസ്പരം നിരീക്ഷിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ ഈ മേഖല തന്ത്രപ്രധാനമായ ഇടമായി മാറുകയും ചെയ്തിട്ടുണ്ട്.
നിലവിൽ ജിയോ ഭ്രമണപഥത്തിൽ ആസ്ട്രാനിസിന് അഞ്ച് ഉപഗ്രഹങ്ങളുണ്ട്. അമേരിക്കൻ സൈന്യത്തിന് പിന്തുണ നൽകാനും വിദൂര പ്രദേശങ്ങളിൽ കണക്റ്റിവിറ്റി ഉറപ്പാക്കാനും ജിപിഎസ് പോലുള്ള നിർണായക സേവനങ്ങൾക്ക് സഹായം നൽകാനും ഈ ഉപഗ്രഹങ്ങൾ ഉപയോഗിക്കുന്നതായി കമ്പനി പറയുന്നു. ഈ മേഖലയിലെ അനുഭവം ഉപയോഗപ്പെടുത്തിയാണ് പെർസെപ്റ്റർ പേടകങ്ങൾ വികസിപ്പിക്കുന്നത്. അമേരിക്കൻ സർക്കാരിനും മറ്റ് ഉപഭോക്താക്കൾക്കും ജിയോ ഭ്രമണപഥത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുകയാണ് ലക്ഷ്യം.
ആസ്ട്രാനിസിന്റെ ‘മൈക്രോജിയോ’ ഉപഗ്രഹ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പെർസെപ്റ്റർ പേടകങ്ങൾ നിർമിക്കുക. സാധാരണ ജിയോ ഉപഗ്രഹങ്ങളെ അപേക്ഷിച്ച് വലിപ്പം കുറവായിരിക്കും മൈക്രോജിയോ പേടകങ്ങൾക്ക്. മറ്റ് ഉപഗ്രഹങ്ങളെയും അവയുടെ പ്രവർത്തനങ്ങളെയും നിരീക്ഷിക്കാൻ വിവിധ സെൻസറുകൾ പെർസെപ്റ്ററിൽ ഉൾപ്പെടുത്തും. വിവിധ കോണുകളിൽ നിന്നുള്ള സമീപനങ്ങളിലൂടെ മറ്റ് ബഹിരാകാശ പേടകങ്ങളുടെ ശേഷി വിലയിരുത്താനും പ്രശ്‍നങ്ങൾ കണ്ടെത്താനും സുഹൃദ് ഉപഗ്രഹങ്ങളുടെ പ്രവർത്തനത്തിൽ തകരാറുണ്ടായാൽ അവ തിരിച്ചറിയാനും സാധിക്കുമെന്നാണ് കമ്പനിയുടെ വിശദീകരണം.
പെർസെപ്റ്റർ പേടകങ്ങളുടെ മറ്റൊരു പ്രധാന സവിശേഷത ഉയർന്ന ചലനശേഷിയാണ്. വൈദ്യുത പ്രൊപ്പൽഷൻ സംവിധാനം ഉപയോഗിച്ച് ജിയോസ്റ്റേഷനറി ഭ്രമണപഥത്തിന്റെ വലിയൊരു ഭാഗത്ത് സഞ്ചരിക്കാൻ ഇവയ്ക്ക് കഴിയും. ഒരു ദൗത്യകാലയളവിൽ നിരവധി തവണ സ്ഥാനം മാറ്റാനും വിവിധ ഉപഗ്രഹങ്ങളെ സമീപിച്ച് നിരീക്ഷിക്കാനും പേടകങ്ങൾക്ക് സാധിക്കുമെന്ന് ആസ്ട്രാനിസ് വ്യക്തമാക്കുന്നു.
ഇത്തരം നിരീക്ഷണ സംവിധാനത്തിന്റെ ആവശ്യകത വർധിച്ചതായി കമ്പനി പറയുന്നു. റഷ്യയുടെയും ചൈനയുടെയും ചില ഉപഗ്രഹങ്ങളുടെ സമീപകാല നീക്കങ്ങളും ഇതിന് ഉദാഹരണമാണ്. 2020ൽ രണ്ട് റഷ്യൻ ബഹിരാകാശ പേടകങ്ങൾ ഒരു അമേരിക്കൻ രഹസ്യാന്വേഷണ ഉപഗ്രഹത്തിന്റെ 160 കിലോമീറ്റർ പരിധിക്കുള്ളിൽ എത്തിയതായി അമേരിക്കൻ ബഹിരാകാശ സേന ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ഈ നീക്കത്തെ അന്നത്തെ സേനാ മേധാവി അസാധാരണവും ആശങ്കപ്പെടുത്തുന്നതുമെന്നാണ് വിശേഷിപ്പിച്ചത്. 2023ലും ചൈനയുടെ ടി ജെ എസ്-3 ജിയോ ഉപഗ്രഹം അമേരിക്കൻ ബഹിരാകാശ സേനയുടെ രഹസ്യാന്വേഷണ ഉപഗ്രഹങ്ങളാണെന്ന് കരുതപ്പെടുന്ന യു എസ് എ 233, യു എസ് എ 298 എന്നിവയെ അടുത്തുനിന്ന് നിരീക്ഷിച്ചതായി വിദഗ്ധർ റിപ്പോർട്ട് ചെയ്തിരുന്നു.
പെർസെപ്റ്റർ പേടകങ്ങളുടെ ആദ്യ ദൗത്യം എന്ന് ആരംഭിക്കുമെന്ന കാര്യത്തിൽ ആസ്ട്രാനിസ് ഇതുവരെ സമയക്രമം പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ജിയോസ്റ്റേഷനറി ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കാനും സാധ്യതയുള്ള ഭീഷണികൾ തിരിച്ചറിയാനും ഇത്തരം പേടകങ്ങൾ ഭാവിയിൽ നിർണായക പങ്കുവഹിച്ചേക്കുമെന്നാണ് വിലയിരുത്തൽ.