
മലയാളികൾക്ക് ഏറെ സുപരിചിതമായ മുഖമാണ് നടി അന്ന രാജന്റേത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ അന്ന നിലവിൽ ഉദ്ഘാടന വേദികളിലും വളരെ സജീവമാണ്. അന്നയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ വേഷങ്ങളിൽ ഒന്നായിരുന്നു മമ്മൂട്ടി ചിത്രം മധുരരാജയിലേത്. ചിത്രത്തിലെ നായയുമായുള്ള രംഗത്തെ കുറിച്ച് പറയുകയാണ് അന്ന ഇപ്പോൾ. കേൾക്കുന്നവർ ഞെട്ടിപ്പോകുന്ന അനുഭവമാണ് അന്ന പങ്കിട്ടിരിക്കുന്നത്.
"സിനിമയിൽ പട്ടി എന്നെ ചവിട്ടി കയറുന്നൊരു ഷോട്ടുണ്ട്. അതിന്‍റെ നഖം കൊണ്ടിട്ട് മുതുക് മുറിഞ്ഞായിരുന്നു. ട്രയൽ ചെയ്തപ്പോഴായിരുന്നു അത്. നടൻ ജെയ് ഒക്കെ ഭയങ്കര ടെന്‍ഷന്‍ അടിച്ച് നോക്കിയിരുന്നൊരു സീനുണ്ട്. ഞാന്‍ ഒടുമ്പോള്‍ പട്ടിയുടെ കൂട് അഴിച്ച് വിടും. അതാണ് ഷോട്ട്. ഓടിയാല്‍ മതിയല്ലോന്ന് ആയിരുന്നു എന്‍റെ മനസില്‍. അപ്പോഴാണ് പീറ്റര്‍ ഹെയ്ന്‍ സർ ഒരു ഡയലോഗ് പറഞ്ഞത്, 'റണ്‍ ഫോര്‍ യുവര്‍ ലൈഫ്'. വൈശാഖ് സര്‍, നീ ഒന്നും നോക്കണ്ട ഓടിക്കോന്ന് പറഞ്ഞു. എങ്ങാനും വീണ് കഴിഞ്ഞാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല കേട്ടോന്നും പറഞ്ഞു. ഡോഗ് മാസ്റ്ററെ നോക്കിയപ്പോൾ പുള്ളി മുഖവും പൊത്തി ഇരിക്കുവ", എന്ന് അന്ന രാജൻ പറയുന്നു.
"എന്‍റെ തൊടയില്‍ എങ്ങാനും പട്ടി കടിച്ചിരുന്നെങ്കിലോ. അന്നൊക്കെ നല്ല തടിയും ഉണ്ടായിരുന്നു. പട്ടിക്ക് ഒരു മാസത്തേക്കുള്ള ഫുഡ് ആയേനെ. സത്യമാണത്. പിന്നെ ഞാന്‍ ഇട്ട ഡ്രെസ് അവരെ മണപ്പിക്കും. വയലന്‍സ് കൂട്ടാന്‍ വേണ്ടിയിട്ടായിരുന്നു അത്. ഞാന്‍ അടുത്ത് വരുമ്പോള്‍ തന്നെ നായ അരിശം കാണിക്കുന്നുണ്ട്. പട്ടികളെ എനിക്ക് ഇഷ്ടമാണ്. പക്ഷേ ആ സീന്‍ ചെയ്തപ്പോള്‍ പേടിച്ചു", എന്നും അന്ന രാജൻ കൂട്ടിച്ചേർത്തു. ഒരു ഉദ്ഘാടനത്തിന് എത്തിയപ്പോൾ ഓൺലൈൻ മാധ്യമങ്ങളോട് ആയിരുന്നു അന്നയുടെ പ്രതികരണം.