
മലയാളികൾക്കിടയിൽ അല്ലു അർജുനോളം ഫാൻസുള്ള മറ്റൊരു നടൻ ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. അല്ലുവിന്റെ ആദ്യ ചിത്രം സിംഹക്കുട്ടി ആണെങ്കിലും മലയാളികൾ അല്ലുവിനെ ആദ്യം കാണുന്നത് ആര്യയിലൂടെയാണ്. പിന്നീട് ഹാപ്പി, ആര്യ 2, കൃഷ്ണ തുടങ്ങി ഒട്ടനവധി സിനിമകൾ താരത്തിന്റേതായി മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത് എത്തി. ഒരുപക്ഷേ മറുനാടൻ ഭാഷാ സിനിമകളിൽ പെർഫെക്ട് ഡബ്ബിംഗ് വെർഷൻ കേരളത്തിൽ ആദ്യമായി എത്തിയത് അല്ലു അർജുൻ സിനിമകളിലൂടെയാകും. താരത്തിന്റേതായി അവസാനം റിലീസ് ചെയ്ത പുഷ്പ 2 അടക്കം മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.
ഇപ്പോഴിതാ 20 വർഷം പഴക്കമുള്ള അല്ലുവിന്റെ സിനിമ റീ റിലീസ് ചെയ്ത ആവേശത്തിലാണ് മലയാളികൾ. ഹാപ്പി എന്ന ചിത്രമാണ് വീണ്ടും തിയറ്ററിലേക്ക് എത്തിയത്. 2006ൽ ആയിരുന്നു ഹാപ്പി റിലീസ് ചെയ്യുന്നത്. കേരളത്തില്‍ റിലീസ് ചെയ്ത ചിത്രം അന്ന് 150 ദിവസമാണ് ഓടിയത്. ആദ്യമായി സിനിമ കാണുന്ന ആവേശത്തിലാണ് ഇന്ന് തിയറ്ററിൽ ഹാപ്പി കണ്ടപ്പോൾ മലയാളികൾക്ക് ഉണ്ടായിരിക്കുന്നത്. ചിത്രത്തിലെ പാട്ടുകളും സീനുകളില്‍ വരുന്ന അല്ലുവിന്റെ ഡാൻസുകളും സ്ക്രീനിൽ കണ്ടപ്പോൾ ആരാധകരും ഒപ്പം ആർത്തുല്ലസിച്ച് നൃത്തം ചവിട്ടുന്ന വീഡിയോകൾ ഇതിനകം സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. സിനിമയിലെ ഡയലോഗുകളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.
നേരത്തെ മോഹൻലാലിന്റെ ഛോട്ടാ മുംബൈ അടക്കമുള്ള സിനിമകൾ റീ റിലീസ് ചെയ്തപ്പോഴുണ്ടായ ആവേശമാണ് ഹാപ്പിയ്ക്ക് ലഭിക്കുന്നത്. പലരും സിനിമ കഴിഞ്ഞിറങ്ങി അല്ലു അർജുന് ജയ് വിളിക്കുന്നതിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. 'ബണ്ണി കീ ജയ്' എന്ന് വിളിക്കുന്നവരും ധാരാളമാണ്. പഴയ അല്ലുവിന് ഇത്രയും ഫാൻസുണ്ടായിരുന്നോ എന്ന് പറഞ്ഞാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.
Kerala’s #AlluArjun fans turned the theatre into a festival ground! ❤️🔥*
This isn’t just a movie screening.
It’s an emotion. A memory. A celebration of the star loved by millions.
MALLUARJUN ❤️#Happy4K RE-RELEASE in Kerala 🔥 @alluarjun #MalluArjun pic.twitter.com/o1ObUYbaFY— Allu Arjun FC Kerala (@afwa_online) June 11, 2026
എ.കരുണാകരൻ സംവിധാനം ചെയ്ത ചിത്രമാണ് ഹാപ്പി. ബണ്ണി ഭാസ്കർ എന്ന കഥാപാത്രത്തെയാണ് അല്ലു ചിത്രത്തിൽ അവരിപ്പിച്ചത്. ജെനീലിയ ഡിസൂസ നായികയായി എത്തിയ ചിത്രത്തിൽ മനോജ് ബാജ്പേയി പൊലീസ് വേഷത്തിൽ എത്തി മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു.