
പരിക്കില്ലാത്തൊരു ഇന്ത്യൻ ടീം, എത്രകാലമായി! സമീപ വര്‍ഷങ്ങളിലെ ടീം പ്രഖ്യാപനങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലെ. ഒരു താരത്തിന്റെയെങ്കിലും നേർക്ക് സ്റ്റാർ ഉണ്ടാകും, അതിനര്‍ത്ഥം സബ്‌ജക്റ്റ് ടു ഫിറ്റ്നസ് ക്ലിയറൻസ് എന്നാണ്. ശ്രീലങ്കൻ പര്യടനം ആരംഭിക്കുമ്പോള്‍ ശുഭ്‌മാൻ ഗില്ലിന്റെ സംഘത്തില്‍ മൂന്ന് സുപ്രധാന താരങ്ങളുടെ സാന്നിധ്യമുണ്ടാകില്ല. ജസ്പ്രിത് ബുമ്ര, സായ് സുദർശൻ, വാഷിങ്ടണ്‍ സുന്ദര്‍. ബുമ്രയുടെ കാര്യത്തില്‍ ഇത് സ്ഥിരം കാഴ്ചയാണ്. താരങ്ങള്‍ പരിക്കില്‍ നിന്ന് മുക്താമാകാൻ വൈകുന്നതെന്തുകൊണ്ട്, വര്‍ക്ക്‌ലോഡോ അതോ ബിസിസിഐയുടെ സെന്റർ ഓഫ് എക്‌സലൻസിന്റെ വീഴ്ചയാണോ കാരണം?
ഒരു താരത്തിന് പരിക്കേല്‍ക്കുന്നത് മുതല്‍ ബിസിസിഐ സ്വീകരിക്കുന്ന നടപടികള്‍ അറിയാം ആദ്യം. ഇന്ത്യക്കായുള്ള മത്സരത്തില്‍ വെച്ചാണ് ഇഞ്ചുറി സംഭവിക്കുന്നതെങ്കില്‍ ടീം ഫിസിയോയിരിക്കും ആദ്യ ഘട്ട പരിശോധനകള്‍ നടത്തുക. ഇഞ്ചുറിയുടെ ആഴം, എത്രത്തോളം ഗുരുതരമാണ് എന്നിവയെല്ലാം കൃത്യമായി രേഖപ്പെടുത്തും. ഇതിനായി വിദഗ്‌ധരടങ്ങിയ പ്രത്യേക സംഘം തന്നെ ഇന്ത്യക്കുണ്ട്. ശേഷമായിരിക്കും ബെംഗളൂരുവിലുള്ള ബിസിസിഐയുടെ സെന്റർ ഓഫ് എക്‌സൻസിലേക്ക് താരത്തെ അയക്കുക.
സെന്റർ ഓഫ് എക്‌സലൻസില്‍ ബിസിസിഐക്ക് സ്‌പോര്‍ട്ട്സ് സയൻസ് ആൻഡ് മെഡിസിൻ ടീമുണ്ട്. താരങ്ങളുടെ ക്ലിനിക്കല്‍ പരിശോധനകള്‍ നടത്തുന്നത് ഈ സംഘമാണ്. പരിക്ക് കൃത്യമായി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലായിരിക്കും റിക്കവറി പ്ലാൻ തയാറാക്കുക. ഇവിടെ റോള്‍ സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് കോച്ചിനാണ്. പിന്നാലെ സ്കില്‍ ട്രെയിനിങ്ങിലേക്ക് കടക്കും, മുക്തി നേടുന്നതനുസരിച്ച് ട്രെയിനിങ്ങിന്റെ തീവ്രത വർധിപ്പിക്കും. ശേഷം, കായിക ക്ഷമത പരിശോധിക്കാനുള്ള മത്സരപരിശീലനമുണ്ടാകും.
സാവധാനമാണ് പുരോഗതിയുണ്ടാകുന്നതെങ്കില്‍ സെലക്ഷൻ കമ്മിറ്റി ചെയർമാനെയും മുഖ്യപരിശീലകനേയും അറിയിക്കും. ഇതിൻ പ്രകാരമായിരിക്കും ടീം സെലക്ഷൻ നടക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി എന്തെന്നാല്‍ കഴിഞ്ഞ ഒരു വർഷത്തോളമായി സെന്റർ ഓഫ് എക്‌സലൻസിലെ സ്പോർട്ട്‌സ് സയൻസ് ആൻഡ് മെഡിസിൻ വിഭാഗം പ്രവർത്തിക്കുന്നത് ഹെഡ് ഓഫ് ദ ഡിപ്പാർട്ട്മെന്റ് ഇല്ലാതെയാണ്. നിതിൻ പട്ടേലിന് ശേഷം ഒരാളെ കണ്ടെത്താൻ ബിസിസിഐക്ക് സാധിച്ചിട്ടില്ല. അപേക്ഷകള്‍ മുന്നിലെത്തിയെങ്കിലും പല കാരണങ്ങളാലും നിയമനം സംഭവിച്ചില്ല.
2026 ടി20 ലോകകപ്പ് മുതല്‍ തുടരുന്ന പരിക്കാണ് നിലവില്‍ ബുമ്രയ്ക്ക് മൈതാനം നിഷേധിക്കുന്നത്. ഇടതുമുട്ടിനാണ് വലം കയ്യൻ പേസർക്ക് പരിക്ക്. കഴിഞ്ഞ മാസമാണ് സായ്ക്ക് വലതുകാല്‍പ്പാദത്തില്‍ സ്ട്രെസ് റിയാക്ഷൻ സംഭവിക്കുന്നത്. സായി മടങ്ങിയെത്താൻ വൈകില്ലെന്ന് പ്രതീക്ഷിച്ചെങ്കിലും പൂർണമായ ക്ഷമത വീണ്ടെടുക്കാൻ കഴിഞ്ഞില്ല. ബുമ്രയ്ക്ക് പകരം അക്വബ് നബിയേയും സായിയുടെ റീപ്ലേസ്മെന്റായി സർഫറാസ് ഖാനെയും ടീമില്‍ ഉള്‍പ്പെടുത്തി. സുന്ദറിന്റെ പകരക്കാരനില്‍ വ്യക്തത വന്നിട്ടില്ല.
സായിയും സുന്ദറും വൈകാതെ തന്നെ ഫിറ്റ്നസ് വീണ്ടെടുത്തേക്കും. പക്ഷേ, ബുമ്രയുടെ കാര്യം അല്‍പ്പം വ്യത്യസ്തമാണ്. നീണ്ട ഇഞ്ചുറി ഹിസ്റ്ററിയുള്ള പ്ലയറാണ് ബുമ്ര. കരീയറിനെ തന്നെ ബാധിക്കാൻ സാധ്യതയുണ്ടായിരുന്ന ബാക്ക് ഇഞ്ചുറി സര്‍വൈവ് ചെയ്ത താരം. ടി20 ലോകകപ്പില്‍ സംഭവിച്ച പരിക്കില്‍ നിന്നാണ് ഇനിയും മുക്തമാകാൻ കഴിയാതെ തുടരുന്നത്. വണ്‍സ് ഇൻ എ ജനറേഷൻ ബൗളറായി കണക്കാക്കപ്പെടുന്ന ബുമ്രയെ ബിസിസിഐ ഇനി എങ്ങനെ ഉപയോഗിക്കുമെന്നത് നിര്‍ണായകമാകും. സുപ്രധാന പരമ്പരകളിലും ടൂര്‍ണമെന്റുകളിലും മാത്രമായിരിക്കാം ഇനി ബുമ്രയെ കാണാനാകുക, അതായിരിക്കും ടീമിന്റേയും താരത്തിന്റെയും ഭാവിക്ക് ഗുണകരമാകുക.
ഇന്ത്യക്ക് മുന്നില്‍ മൂന്ന് ഐസിസി ടൂര്‍ണമെന്റുകളാണുള്ളത്. ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ്, 2027 ഏകദിന ലോകകപ്പ്, 2028 ടി20 ലോകകപ്പ്. ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഓസ്ട്രേലിയക്കെതിരായ ഹോം സീരീസാണ്. അഞ്ച് മത്സരങ്ങളില്‍ ബുമ്ര മൂന്ന് എണ്ണമായിരിക്കും കളിക്കുക, ഇംഗ്ലണ്ട് പര്യടനത്തിന് സമാനമായിരിക്കും വര്‍ക്ക്‌ലോഡ് മാനേജ്മെന്റ്. അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും വിജയിച്ചാലും ഇന്ത്യക്ക് ഫൈനലിലെത്തണമെങ്കില്‍ മറ്റ് ടീമുകളുടെ ഫലത്തേയും ആശ്രയിക്കേണ്ടതുണ്ട്. അതുകൊണ്ട് ബുമ്രയെ റിസ്ക്കെടുത്ത് കളിപ്പിക്കുമോയെന്നത് ആകാംഷയാണ്.
ബുമ്ര മൈനസ് ഒരു ബൗളിങ് ലൈനപ്പ് ഇന്ത്യ ഒരുക്കേണ്ടത് എത്രത്തോളം അനിവാര്യമാണ് എന്നത് ഓര്‍മിപ്പിക്കുകയാണ് നിലവിലെ സാഹചര്യം. അത്തരം ക്വാളിറ്റിയുള്ള ബൗളര്‍മാര്‍ നിലവില്‍ ഇന്ത്യക്കുണ്ടോയെന്ന് മറ്റൊരു ചോദ്യം. മുഹമ്മദ് സിറാജിനല്ലാതെ ആര്‍ക്കും ടെസ്റ്റില്‍ കണ്‍സിസ്റ്റന്റായി പന്തെറിയാൻ കഴിയില്ലയെന്നത് പോയ സീരീസുകളിലെല്ലാം കണ്ടതാണ്.
സീനിയര്‍ താരങ്ങളായ മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയവരില്‍ നിന്ന് ബിസിസിഐ നീങ്ങിക്കഴിഞ്ഞു. പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ എന്നിവരാണ് അവശേഷിക്കുന്നത്, അര്‍ഷദീപിനെ ടെസ്റ്റില്‍ ഉപയോഗിക്കാൻ ബിസിസിഐ തയാറായിട്ടുമില്ല. രണ്ട് മാസം നീണ്ട ഐപിഎല്ലും, ടെസ്റ്റ് ചാമ്പ്യൻഷിപ്പുമെല്ലാം താരങ്ങളുടെ വര്‍ക്ക് ലോഡ് വര്‍ധിപ്പിച്ച ഘടകങ്ങളാണ്. പാക്ക്ഡായ കലണ്ടറില്‍ ഫ്രഷായിരിക്കുക എന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് ചുരുക്കം.
പരിശോധിക്കുമ്പോള്‍ ബുമ്രയില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഒരു ഐസിസി ടൂര്‍ണമെന്റ് ജയിക്കാനാകുമോയെന്ന വലിയ ആശങ്ക മുന്നിലുണ്ട്. അതുകൊണ്ട് താരത്തെ വ്യക്തമായ പദ്ധതി തയാറാക്കിയായിരിക്കും ബിസിസിഐ ഇനി ഉപയോഗിക്കുക.