സിറ്റിക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്തെല്ലാമാണ്, ഈ വീഴ്ചയിലേക്ക് സിറ്റിയെ നയിച്ച സാഹചര്യം, ക്ലബ്ബിന്റെ ഭാവി ഇനിയെന്തായിരിക്കും, വിശദമായി പരിശോധിക്കാം
ഒരു ക്ലബ്ബിന്റെ സുവർണകാലം മുഴുവൻ ഒറ്റ പകലില്‍ റദ്ദ് ചെയ്യപ്പെടുക എന്നത് ചിന്തിക്കാൻ കഴിയുന്നതാണോ? മൂന്ന് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍, ഒരു എഫ് എ കപ്പ്, മൂന്ന് കരബാവ് കപ്പ് - കഴിഞ്ഞ ഒന്നരപതിറ്റാണ്ടില്‍ ഷെല്‍ഫിലെത്തിയ പല ടൈറ്റിലുകളും നഷ്ടപ്പെട്ടേക്കാം...ലീഗില്‍ നിന്ന് പുറത്തുപോകേണ്ടിയും വന്നേക്കാം. മാഞ്ചസ്റ്റർ സിറ്റി ആരാധകരുടെ വിദൂരമായ ദുസ്വപ്നങ്ങളില്‍ പോലും വരാൻ സാധ്യതയില്ലാത്ത ഒരു വെള്ളിയാഴ്ച സംഭവിച്ചിരിക്കുന്നു. എല്ലാത്തിന്റെയും കാരണം ക്ലബ്ബിന്റെ സാമ്പത്തിക ക്രമക്കേടുകള്‍.
പ്രീമിയർ ലീഗിന്റെ സാമ്പത്തിക ചട്ടങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് സിറ്റിക്കെതിരെ ചുമത്തിയ 115 കുറ്റങ്ങളില്‍ 114 എണ്ണവും നിലനില്‍ക്കുന്നതാണെന്നാണ് കണ്ടെത്തല്‍. ഇംഗ്ലീഷ് ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിയമപോരാട്ടത്തിനൊടുവിലാണ് സിറ്റി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നത്. സിറ്റിക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്തെല്ലാമാണ്, ഈ വീഴ്ചയിലേക്ക് സിറ്റിയെ നയിച്ച സാഹചര്യം, ക്ലബ്ബിന്റെ ഭാവി ഇനിയെന്തായിരിക്കും, വിശദമായി പരിശോധിക്കാം.
98ല്‍ മൂന്നാം ഡിവിഷനിലേക്ക് വരെ പിന്തള്ളപ്പട്ട സിറ്റിയുടെ മൈതാനത്തെ ദുരിതം അവസാനിക്കുന്നത് 2008ലാണ്. ഷെയ്‌ഖ് മൻസൂർ ബി സായദ് ബിൻ സുല്‍ത്താൻ അല്‍ നയാൻ നേതൃത്വത്തിലുള്ള അബുദാബി യുണൈറ്റഡ് ഗ്രൂപ്പ് ക്ലബ്ബിന്റെ ഉടമസ്ഥാവകാശത്തിന്റെ 80 ശതമാനത്തിലധികം ഓഹരികള്‍ ഏറ്റെടുത്തതോടെ. ആരാണ് ഈ ഷെയ്ഖ് മൻസൂർ. നിലവില്‍ യുഎഇയുടെ വൈസ് പ്രസിഡന്റും ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററുമാണ്. യുഎഇ പ്രസിഡന്റും അബുദാബിയുടെ ഭരണാധികാരിയുമായ മുഹമ്മദ് ബിൻ സായദ് അല്‍ നയാൻ ഷെയ്ഖ് മൻസൂറിന്റെ സഹോദരനുമാണ്. 397 ബില്യണ്‍ യുഎസ് ഡോളറാണ് ഇവരുടെ ആസ്തി.
അബുദാബി യുണൈറ്റഡ് ഗ്രൂപ്പ് ഏറ്റെടുത്തതോടെ സിറ്റിയിലേക്ക് സൂപ്പര്‍ താരങ്ങളുടെ ഒഴുക്കായി. അന്നത്തെ റെക്കോര്‍ഡ് തുകയ്ക്ക് ബ്രസീലിയൻ താരം റോബീന്യൊ എത്തി, 2010ല്‍ 100 മില്യണ്‍ പൗണ്ടാണ് താരങ്ങളെ എത്തിക്കാൻ ചിലവഴിച്ചത്, കാര്‍ലോസ് ടെവസും അഡബയോറുമൊക്കെ ക്ലബ്ബിലെത്തിയത് ഇക്കാലത്താണ്. റൊബേര്‍ട്ടോ മാച്ചീനി പരിശീലകനായി, ബലോട്ടല്ലി, യായ ടൂറെ, ഡേവിഡ് സില്‍വ അങ്ങനെ ലോകഫുട്ബോളിലെ വലിയ പേരുകളെല്ലാം സിറ്റിയുടെ നീലയില്‍ എഴുതപ്പെട്ടു...
1976ന് ശേഷമുള്ള ആദ്യ ട്രോഫി സിറ്റിയുടെ ഷെൽഫിലെത്തി, 2011ല്‍ എഫ്എകപ്പ്, ക്ലബ്ബ് ഇതിഹാസമായി പിന്നീട് മാറി സെര്‍ജിയോ അഗ്യൂറോയെ സിറ്റി സൈൻ ചെയ്യുന്നതും 2011ലാണ്...സിറ്റിയുടെ അതിശയിപ്പിക്കുന്ന വളര്‍ച്ച ഇവിടെ നിന്നായിരുന്നു, പെപ് ഗ്വാര്‍ഡിയോള യുഗത്തിനും വൈകാതെ തുടക്കമായി...ട്രെബിള്‍, ചാമ്പ്യൻസ് ലീഗ്, യൂറോപ്പിലെ എലൈറ്റ് ക്ലബ്ബായുള്ള വളര്‍ച്ച...റോഡ്രി, ഹാളണ്ട്,...കമ്പ്ലീറ്റ് ഡൊമിനേഷൻ...
2018ലാണ് ടേണിങ് പോയിന്റ്. ജർമ്മൻ മാധ്യമമായ 'ഡെർ സ്പീഗൽ' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളില്‍ നിന്നാണ് കേസുകളുടെ തുടക്കം. 'ഫുട്ബോൾ ലീക്സ്' എന്ന വിസിൽബ്ലോവർ പ്ലാറ്റ്‌ഫോം നൽകിയ സിറ്റിയുടെ ഇന്റേണല്‍ ഡോക്കുമെന്റ്സിന്റെ അടിസ്ഥാനത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍, 'ഫിനാൻഷ്യൽ ഫെയർ പ്ലേ' ചട്ടങ്ങൾ മറികടക്കുന്നതിനായി സിറ്റി പല വാണിജ്യ കരാറുകളുടെയും മൂല്യത്തിൽ കൃത്രിമം കാണിച്ചതായിരുന്നു ആദ്യത്തെ ആരോപണം.
എത്തിഹാദ്, എറ്റിസലാ തുടങ്ങിയ കമ്പനികളിൽ നിന്നുള്ള സ്പോണ്‍സര്‍ഷിപ്പ് വരുമാനമായി ആയി കാണിച്ച തുകകൾ യഥാർത്ഥത്തിൽ അബുദാബി യുണൈറ്റ് ഗ്രൂപ്പിന്റെ നേരിട്ടുള്ള നിക്ഷേപമാണെന്നായിരുന്നു പുറത്തുവന്ന രേഖകള്‍. ഇത് സാമ്പത്തിക ക്രമക്കേടില്‍ നിന്ന് രക്ഷപ്പെടാൻ വേണ്ടി ചെയ്തതായാണ് ആരോപണം. ഇതിനോടൊപ്പം സിറ്റിയുടെ പരിശീലകനായിരിക്കെ മാൻചീനിയ്ക്ക് ഷെയ്ഖ് മൻസൂറിന്റെ ഉടമസ്ഥതയിലുള്ള യുഎഇ ക്ലബ്ബായ എല്‍ ജസൈറയുടെ കണ്‍സള്‍ട്ടന്റായി സേവനമനുഷ്ടിച്ചതിനും പണം നല്‍കിയിരുന്നതായും ആരോപണമുണ്ട്.
റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ യുറോപ്യൻ ഫുട്ബോള്‍ ഭരണസമിതിയായ യുവേഫ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. അന്ന് മുതല്‍ അന്വേഷണത്തോട് സഹകരിക്കുന്ന സമീപനമായിരുന്നില്ല സിറ്റിയുടേത്, യുവേഫയുടെ നടപടിക്കെതിരെ അപ്പീല്‍ ചെയ്തെങ്കിലും കായിക തര്‍ക്കപരിഹാര കോടതി തള്ളുകയായിരുന്നു. ഇതോടെ രണ്ട് വര്‍ഷത്തെ വിലക്ക് സിറ്റിക്ക് യുവേഫ പ്രഖ്യാപിച്ചു, യൂറോപ്യൻ കോമ്പറ്റീഷനുകളില്‍ നിന്നായിരുന്നു ഇത്, ഒപ്പം 30 മില്യണ്‍ യൂറോയുടെ പിഴയും. പക്ഷേ വിലക്ക് അപ്പീലിലൂടെ നീക്കാൻ സിറ്റിക്ക് കഴിഞ്ഞു.
എന്നാല്‍, സിറ്റിയുടെ ക്രമക്കേടുകളില്‍ പ്രീമിയര്‍ ലീഗ് സ്വതന്ത്രമായി അന്വേഷണം നടത്തുന്നുണ്ടായിരുന്നു, ഈ വിവരങ്ങള്‍ പുറത്ത് വിടുന്നതും ഡെർ സ്പീഗലാണ്. 2023ലാണ് സിറ്റിക്കെതിരെ 115 കുറ്റങ്ങള്‍ കണ്ടെത്തിയത്. ഇതില്‍ 54 എണ്ണവും 2009 മുതല്‍ 18 വരെയുള്ള ക്ലബ്ബിന്റെ കൃത്യമായ സാമ്പത്തിക വിവരങ്ങള്‍ കൈമാറാൻ തയാറാകാത്തതുമായി ബന്ധപ്പെട്ടാണ്.. താരങ്ങള്‍ക്കും മാനേജര്‍മാര്‍ക്കും നല്‍കി തുക സമ്പത്തിച്ചുള്ള കൃത്യമായ കണക്കുകളും നല്‍കിയിട്ടില്ല, ഇതുമായി ബന്ധപ്പെട്ട് 14 കേസുകളാണ്. യുവേഫയുടെ സാമ്പത്തിക നിയമങ്ങള്‍, ഫിനാൻഷ്യല്‍ ഫെയര്‍ ഫ്ലെ റെഗുലേഷനുകള്‍ പാലിക്കാത്തത്, പ്രീമിയര്‍ ലീഗിന്റെ അന്വേഷണവുമായി സഹകരിക്കാത്തതൊക്കെയാണ് മറ്റ് പ്രധാനപ്പെട്ട ചാര്‍ജുകള്‍.
സിറ്റിക്ക് എന്ത് ശിക്ഷയായിരിക്കും ലഭിക്കുക എന്നതില്‍ കൃത്യമായൊരു വ്യക്തതയില്ല. എന്നിരുന്നാലും ചില സാധ്യതകളുണ്ട്. അതില്‍ ഏറ്റവും ഗുരുതരം പ്രീമിയര്‍ ലീഗില്‍ നിന്ന് തഴയപ്പെടാം എന്നതാണ്. സിറ്റിക്ക് പ്രീമിയര്‍ ലീഗ് മെമ്പര്‍ഷിപ്പ് നഷ്ടമാകുകയും ലോവര്‍ ഡിവിഷനിലേക്ക് പിന്തള്ളപ്പെടുകയും ചെയ്താലാണ് ഇത്. മറ്റൊരു തരത്തിലും ഇത് സംഭവിക്കാം. കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തില്‍ സിറ്റിയുടെ പോയിന്റുകള്‍ തിരിച്ചെടുക്കാം, ഇവിടെയും ക്ലബ്ബ് റെലെഗേറ്റ് ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്.
മറ്റൊന്ന് സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയ 2009 മുതല്‍ 18 വരെയുള്ള കാലത്ത് സിറ്റി നേടിയ കിരീടങ്ങളാണ്. ഏഴ് ടൈറ്റിലുകളാണ് നേടിയിട്ടുള്ളത്. മൂന്ന് പ്രീമിയര്‍ ലീഗ്, ഒരു എഫ് എ കപ്പ്, മൂന്ന് കരബാവ് കപ്പ്. ഇത് തൊട്ട് പിന്നിലെത്തുകയും ഫൈനലില്‍ പരാജയപ്പെട്ട ക്ലബ്ബുകള്‍ക്കും നല്‍കാനും തീരുമാനിക്കാം. ഇതും ഒരു സാധ്യത മാത്രമാണ്. വിധിക്കെതിരെ അപ്പീലിന് ശ്രമിച്ചാലും എത്രകാലമെടുക്കുമെന്നതും പറയാനാകില്ല.


