എന്തൊരു പുറത്താകലായിരുന്നു അത്! വിരാട് കോഹ്ലിയുടെ കാലം കഴിഞ്ഞോ?

Published : Oct 23, 2025, 02:11 PM IST
Virat Kohli

Synopsis

പെ‍ര്‍ത്തിന് പിന്നാലെ അഡ്‌ലെയ്‌ഡിലും നിശബ്ദമായി കോഹ്ലിയുടെ ബാറ്റ്. ഐതിഹാസികമായ ഏകദിന കരിയറില്‍ തന്നെ ആദ്യം. 17 വ‍ര്‍ഷം താണ്ടുന്ന തന്റെ കരിയറില്‍ ഉന്നതികള്‍ കണ്ട രണ്ട് മൈതാനങ്ങളിലും സംഭവിച്ചത് അവിശ്വസനീയമായ കാഴ്ച

ലെങ്ത് ബോളാണ്, ഇൻസ്വിങ് ചെയ്ത് മിഡില്‍ സ്റ്റമ്പ് ലൈനില്‍. ഏത് ഉറക്കത്തിലും അയാള്‍ക്ക് അനായാസം ആ പന്ത് ഫ്ലിക്ക് ചെയ്ത് മിഡ് വിക്കറ്റിലൂടെ ബൗണ്ടറിറോപ്പുകള്‍ക്ക് അപ്പുറം എത്തിക്കാനാകും. പക്ഷേ, അഡ്‌ലെയ്‌ഡ് ഓവലില്‍ പാടിപ്പുകഴ്ത്തിയ ആ കൈവേഗമുണ്ടായില്ല, എംആര്‍എഫ് ബാറ്റ് കടന്ന് പന്ത് പാഡില്‍ പതിച്ചിരിക്കുന്നു. ബാ‍ര്‍റ്റ്ലെറ്റ് അപ്പീലിന് തിരിഞ്ഞ മാത്രയില്‍, അമ്പയ‍ര്‍ സാം നൊഗാജ്‌സ്‌കി ചൂണ്ടുവിരല്‍ ഉയര്‍ത്തി. നാല് പന്തില്‍, വിരാട് കോഹ്ലിയുടെ ഇന്നിങ്സ് അവസാനിച്ചിരിക്കുന്നു. പൂജ്യം. അഡ്‌ലെയ്‌ഡില്‍ പൊടുന്നനെ നിശബ്ദത ആഴ്ന്നിറങ്ങി.

മൂന്ന് വര്‍ഷം മുൻപ് മറ്റൊരു ഒക്ടോബ‍ര്‍ 23. നിറഞ്ഞുകവിഞ്ഞു നില്‍ക്കുകയാണ് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്, സമ്മ‍ര്‍ദം കൊടുമ്പിരി കൊണ്ട അന്തരീക്ഷം. അവിടെ പാക്കിസ്ഥാനെതിരെ ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷകളുടെ തീനാളം അയാളായിരുന്നു. നെഞ്ചിന് കുറുകെയെത്തിയ ഹാരിസ് റൗഫിന്റെ ഷോര്‍ട്ട് ബോളില്‍ നൂറ്റാണ്ടിന്റെ ഷോട്ട് ജനിച്ച നിമിഷം. വിരാട് കോഹ്ലിക്ക് മാത്രം കഴിയുന്ന ഒന്ന്. വര്‍ഷങ്ങള്‍ക്കിപ്പുറം തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഷോട്ടുകളിലൊന്നില്‍ കണക്റ്റ് ചെയ്യാൻ കഴിയാതെ അതേ ഓസീസ് ആകാശത്തിന് കീഴില്‍. വൈകാരികമായിരുന്നു പിന്നിടുള്ള 30 സെക്കൻഡുകള്‍.

ഏതൊരു ബാറ്ററും രണ്ട് സെക്കൻഡിനുള്ളില്‍ മനസിലാക്കിയിരിക്കണം തന്റെ ഇന്നിങ്സ് അവസാനിച്ചുവെന്ന്. പക്ഷേ, കോഹ്ലി റിവ്യുവിന് അനുവദിച്ച 15 സെക്കൻഡ് മുഴുവൻ രോഹിതുമായി സംസാരിക്കുകയായിരുന്നു. അയാള്‍ക്ക് അവിടെ തുടരാൻ അത്രമേല്‍ അഗ്രഹമുണ്ടായിരുന്നതുപോലെ. ഒടുവില്‍ റിവ്യു എടുക്കാതെ കോഹ്ലി തലകുനിച്ച് മടങ്ങി. ബൗണ്ടറി റോപ്പിലേക്ക് നടന്നടുത്ത കോഹ്ലിക്കായി അഡ്‌ലെയ്‌ഡിന്റെ ഗ്യാലറി എഴുനേറ്റുനിന്നു, ആദരവോടെ കൈകളടിച്ചു. തലയുയര്‍ത്താതെ കോഹ്ലി തന്റെ ഗ്ലൗ ഉയര്‍ത്തി അവ ഏറ്റുവാങ്ങി നടന്നകന്നു. എന്തൊരു കാഴ്ചയായിരുന്നു അത്.

ചരിത്രത്തില്‍ ആദ്യം

പെ‍ര്‍ത്തിന് പിന്നാലെ അഡ്‌ലെയ്‌ഡിലും നിശബ്ദമായി കോഹ്ലിയുടെ ബാറ്റ്. ഐതിഹാസികമായ ഏകദിന കരിയറില്‍ തന്നെ ആദ്യം. 17 വ‍ര്‍ഷം താണ്ടുന്ന തന്റെ കരിയറില്‍ ഉന്നതികള്‍ കണ്ട രണ്ട് മൈതാനങ്ങളിലും സംഭവിച്ചത് അവിശ്വസനീയമായ കാഴ്ച. 18-ാം തവണയാണ് ഏകദിനത്തില്‍ കോഹ്ലി റണ്ണൊന്നുമെടുക്കാതെ പുറത്താകുന്നത്, പട്ടികയില്‍ സച്ചിൻ തെൻഡുല്‍ക്കറിനും ജവഗല്‍ ശ്രീനാഥിനും മാത്രം പിന്നില്‍. എന്നാല്‍, നിര്‍ണായകമായ ഓസീസ് പര്യടനത്തില്‍ കോഹ്ലി പൂജ്യത്തിന് പുറത്തായ വിധമാണ് ആശ്ചര്യപ്പെടുത്തുന്നതും ആശങ്ക നല്‍കുന്നതും.

2027 ഏകദിന ലോകകപ്പ് ചോദ്യങ്ങളെ നിലവില്‍ ചിരിയോടെ നേരിടുന്ന കോഹ്ലി തന്റെ ലക്ഷ്യങ്ങളില്‍ അത് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പലകുറി തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഈ രണ്ട് പുറത്താകലുകളും കോഹ്ലിയുടെ സ്വപ്നയാത്രയ്ക്ക് കൂട്ടുനില്‍ക്കുന്നതല്ല. പെര്‍ത്തിലെ പുറത്താകല്‍ നോക്കു. കരിയറിലുടനീളം വേട്ടയാടിയ ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ട്രാപ്പ്. മിച്ചല്‍ സ്റ്റാര്‍ക്ക് ആ കെണിയൊരിക്കിയപ്പോള്‍ ഏഴ് പന്തുകള്‍ നീണ്ട സംയമനം കോഹ്ലി വെടിയുകയായിരുന്നു. ഫലം, ഓസീസ് മണ്ണിലെ ആദ്യ ഡക്ക്. സ്റ്റാര്‍ക്കൊരു ആഘോഷത്തിന് പോലും തയാറാകാതെയായിരുന്നു കോഹ്ലിയെ മടക്കിയതും.

കഴിഞ്ഞ ബോര്‍ഡര്‍ - ഗവാസ്ക്കര്‍ ട്രോഫിയുടെ തുടര്‍ച്ച പോലൊരു മടക്കമായിരുന്നു പെ‍ര്‍ത്തില്‍ സംഭവിച്ചത്. ഇത് മറികടക്കാനുള്ള ശ്രമമായിരുന്നു രണ്ടാം ഏകദിനത്തിലെ പുറത്താകലിന് പിന്നില്‍. ബാര്‍റ്റ്ലെറ്റ് പന്ത് എറിയുന്നത് വരെ കോഹ്ലി മിഡില്‍ സ്റ്റമ്പും ലെഗ് സ്റ്റമ്പും കവര്‍ ചെയ്തു. പന്ത് റിലീസിനോട് അടുത്തപ്പോള്‍ ഓഫ് സ്റ്റമ്പും. ഇത് ദീര്‍ഘനാളായി കോഹ്ലി ഉപയോഗിക്കുന്ന ഒരു തന്ത്രമാണ്. പക്ഷേ ഇവിടെ ഇൻസ്വിങ് ചെയ്ത് വന്ന പന്ത് ജഡ്ജ് ചെയ്യുന്നതില്‍ പരാജയപ്പെടുകയായിരുന്നു. ഫ്ലിക്ക് ഷോട്ടിനുള്ള ശ്രമം എല്‍ബിഡബ്ല്യുവില്‍ കലാശിക്കുകയും ചെയ്തു.

കോഹ്ലി ഏത് ദിവസവും ബൗണ്ടറി നേടുമായിരുന്ന ഒരു പന്തായിരുന്നു അത്. ക്രീസിലെത്തുന്നതുവരെ സംഭവിച്ചത് നോക്കിയാല്‍ പന്തുകളുടെ സഞ്ചാരം അണ്‍പ്രെഡിക്റ്റബിള്‍ ആയിരിക്കുമെന്നും വ്യക്തമായിരുന്നു. എന്നിട്ടും വിക്കറ്റിന് മുന്നില്‍ കുടുങ്ങി. രണ്ട് പൂജ്യം കൊഹ്ലിയുടെ ഏകദിന കരിയറിന്റെ അസ്തമയത്തിനോട് അടുത്തിന്റെ സൂചനയാണെന്ന് കരുതേണ്ടതുണ്ടൊയെന്നാണ് ചോദ്യം. മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കര്‍ രോഹിതിന്റേയും കോഹ്ലിയുടേയും സാധ്യതകളെ വിലയിരുത്തുന്നത് മറ്റൊരു തരത്തിലാണ്. സ്റ്റേ ഇൻ ദ പ്രസന്റ്.

മുന്നിലെന്ത്?

ഒരു പരമ്പരകൊണ്ട് അവസാനിക്കുന്നതായിരിക്കില്ല കോഹ്ലിയുടെ കരിയര്‍. അങ്ങനെ അവസാനിപ്പിക്കാനാണെങ്കില്‍ അതൊരു നീതികേടായിരിക്കും. കാരണം ഏകദിന ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റര്‍ അര്‍ഹിക്കുന്ന ചിലതുണ്ട്. തിരിച്ചുവരാനുള്ള അവസരം. അവസാനം കളിച്ച ഏകദിന ടൂര്‍ണമെന്റ് ചാമ്പ്യൻസ് ട്രോഫിയായിരുന്നു. ടൂര്‍ണമെന്റിലുടനീളം സ്ഥിരത പുലര്‍ത്തിയ ബാറ്ററായിരുന്നു കോഹ്ലി. അഞ്ച് കളികളില്‍ 54 ശരാശരിയില്‍ 218 റണ്‍സ് നേടി. മൂന്നാം ഏകദിനം സിഡ്നിയിലാണ്.

സിഡ്നിയില്‍ കോഹ്ലിക്ക് മികച്ച റെക്കോര്‍ഡുള്ള മൈതാനമല്ല. ഏഴ് ഏകദിനങ്ങളില്‍ നിന്ന് 146 റണ്‍സ് മാത്രം. എന്നാല്‍ അവസാനം സിഡ്നിയിലിറങ്ങിയപ്പോള്‍ 89 റണ്‍സ് നേടാൻ വലം കയ്യൻ ബാറ്റര്‍ക്ക് സാധിച്ചിരുന്നു. അതുകൊണ്ട് എളുപ്പം കീഴടങ്ങില്ല കോഹ്ലി. ഓസീസ് മണ്ണില്‍ നിന്ന് വെറും കയ്യോടെ മടങ്ങാനും തയാറായേക്കില്ല. അങ്ങനെ ഒരു ചരിത്രവും അയാളുടെ ബാറ്റിനില്ല.

PREV
Read more Articles on
click me!

Recommended Stories

ഐപിഎല്‍ മിനിലേലം: പണമെറിയാൻ കൊല്‍ക്കത്തയും ചെന്നൈയും; ടീമുകള്‍ക്ക് വേണ്ടത് എന്തെല്ലാം?
മെസി വന്നുപോയി, പിന്നാലെ സംഘർഷം; കൊല്‍ക്കത്തയില്‍ സംഭവിച്ചതെന്ത്?