
ഓസ്ട്രേലിയക്കെതിരെ പെര്‍ത്തില്‍ കഥയറിയാതെ ആടുന്ന ആട്ടക്കാരെപ്പോലെയായിരുന്നു ഇന്ത്യയുടെ ബാറ്റിങ് നിര. വിക്കറ്റിലെ പേസിനും ബൗണ്‍സിനും മൂവ്മെന്റിനും മുന്നില്‍ ഉത്തരമില്ലാതെ നിന്ന പേരുകേട്ട ബാറ്റര്‍മാര്‍. ഇതിഹാസങ്ങള്‍ മുതല്‍ ഭാവി വാഗ്ദാനങ്ങള്‍ വരെയുണ്ട് ആ പട്ടികയില്‍. ആരെക്കുറിച്ചാണ് ഈ പറയുന്നത്. നിലവില്‍ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും കണ്‍സിസ്റ്റന്റായ ടീമിനെക്കുറിച്ച്. ട്വന്റി 20 ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയും ഉയര്‍ത്തിയത് അജയ്യരായി. പക്ഷേ, പെര്‍ത്തില്‍ അടിമുടി അങ്കലാപ്പായിരുന്നു ഇതേ ടീമിന്. അഡ്‌ലെയ‌്ഡില്‍ ഓസീസിനെതിരായ രണ്ടാം പോരില്‍ തിരിച്ചുവരുമോ ഇന്ത്യ
സമീപകാലത്തെ ഇന്ത്യയുടെ നേട്ടങ്ങള്‍ക്കെല്ലാം പിന്നില്‍ സന്തുലിതമായ ടീം തന്നെയായിരുന്നു. അതൊരുക്കിയിരുന്നത് മുന്നില്‍ തെളിയുന്ന വിക്കറ്റുകളുടെ സ്വഭാവം കൊണ്ടും. ട്വന്റി 20 ലോകകപ്പില്‍ നാല് സ്പിന്നര്‍മാരേം കൊണ്ട് വണ്ടി കയറുന്നതിന് മുൻപ് രോഹിത് ശര്‍മയോട് കായിക ലേഖകര്‍ ചോദിച്ചു കാരണം, അതിന് ഉത്തരം മൈതാനത്ത് നിങ്ങള്‍ക്ക് കാണാമെന്നായിരുന്നു രോഹിതിന്റെ മറുപടി. വിൻഡീസിലും അമേരിക്കയിലുമായി നടന്ന ടൂര്‍ണമെന്റ് ഇന്ത്യയുടെ മഹാവിജയത്തോടെയാണ് അവസാനിച്ചത്.
ചാമ്പ്യൻസ് ട്രോഫിയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ജസ്പ്രിത് ബുമ്രയുടെ അഭാവം, സിറാജിന് വിശ്രമം, ഷമിക്ക് അവസരം. നാല് സ്പിന്നര്‍മാര്‍. ഇതായിരുന്നു ഘടന. ദുബായിലെ ഇന്ത്യയുടെ യാത്ര അവസാനിച്ചത് ഒരു പതിറ്റാണ്ടിന് ശേഷം ചാമ്പ്യൻസ് ട്രോഫിയില്‍ മുത്തമിട്ടായിരുന്നു. പക്ഷേ, പെര്‍ത്തിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യ ഒരുക്കിയ ടീം പേസിന് അനുകൂലമായ വിക്കറ്റിന് അനുസരിച്ചായിരുന്നോ എന്നതാണ് ചോദ്യം. ബാറ്റിങ് ഡെപ്ത് വര്‍ധിപ്പിക്കാനായി മൂന്ന് ഓള്‍റൗണ്ടര്‍മാര്‍, ഒരു മീഡിയം പേസറും മറ്റ് രണ്ട് സ്പിന്നര്‍മാരും. ഒഴിവാക്കിയത് അറ്റാക്കിങ് സ്പിന്നറായ കുല്‍ദീപിനെ.
പെര്‍ത്തില്‍ നാല് പേസര്‍മാരും ചേര്‍ന്ന് 15 ഓവറുകളാണ് എറിഞ്ഞത്. നേടിയത് ഒരു വിക്കറ്റ് മാത്രം. 131 എന്ന സ്കോര്‍ പ്രതിരോധിക്കാൻ മാത്രം ഉണ്ടായിരുന്നില്ലെങ്കിലും വിക്കറ്റുകള്‍ വീഴ്ത്തുന്നതില്‍ ഇന്ത്യൻ ബൗളിങ് നിര പരാജയപ്പെടുകയായിരുന്നു. വലിയൊരു സ്കോര്‍ പ്രതിരോധിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ നായകൻ ഗില്‍ ആരുടെ സഹായം തേടുമെന്നാണ് സംശയം. പെര്‍ത്തിലെ വിക്കറ്റില്‍ നിന്ന് മൂവ്മെന്റ് സൃഷ്ടിക്കാനും ചെറിയ തോതില്‍ വെല്ലുവിളി ഉയര്‍ത്താനും പേസ് നിരയ്ക്കായിരുന്നു, എന്നാലത് ഓസീസ് ബാറ്റര്‍ക്ക് ഒരു നിരന്തര പരീക്ഷണമായി മാറിയിരുന്നില്ല.
ഇവിടെയാണ് ജസ്പ്രിത് ബുമ്രയുടെ അസാന്നിധ്യത്തിന്റെ വില അറിയുന്നത്. ഡെത്ത് ഓവറുകളിലും പവര്‍പ്ലെയിലും പകരമാര് എന്ന ചോദ്യത്തിനും ഉത്തരം അവശേഷിക്കുകയാണ്. അര്‍ഷദീപാണ് ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റായി ടീമിലുള്ളത്, ബുമ്രയുടെ അഭാവം നികത്താനാകുമോയെന്ന് തെളിയിക്കേണ്ടതുണ്ട്. എന്തുകൊണ്ട് ഒരു ഓള്‍റൗണ്ടറെ മാറ്റി നിര്‍ത്തി സ്പെഷ്യലിസ്റ്റ് പേസറെ ഉള്‍പ്പെടുത്തിക്കൂടായെന്നും ചിന്തിക്കാം. പ്രത്യേകിച്ചും പ്രസിദ്ധ് കൃഷ്ടണയെപ്പോലെ അറ്റാക്കിങ് എബിലിറ്റിയുള്ള ഒരു പേസറുള്ളപ്പോള്‍. നിരന്തര അവസരങ്ങളിലും തിളങ്ങാത്ത ഹര്‍ഷിത് റാണയുടെ പ്രകടനവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
ഇനി ബാറ്റിങ് നിരയിലേക്ക് വരാം. ഗില്ലിന്റെ സംഘത്തില്‍ നിലവില്‍ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട് വൈറ്റ് ബോള്‍ ബാറ്റര്‍മാരുണ്ട്. രോഹിതും കോഹ്ലിയും. ശരിയാണ് ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടു. അതുകൊണ്ട് മാത്രം എഴുതിത്തള്ളേണ്ടവരല്ല ഇരുവരും. ഒരു എട്ടിനും പൂജ്യത്തിനുമപ്പുറമാണ് ഇരുവരും. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം ഏകദിന ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ഇരുവര്‍ക്കും മുകളില്‍ ഇത്രമേല്‍ സമ്മര്‍ദം നിറയ്ക്കേണ്ടതുമില്ല, പ്രത്യേകിച്ചും ഓസീസ് വിക്കറ്റുകളില്‍ അസാധാരണ പ്രകടനം പുറത്തെടുത്തിട്ടുള്ള രണ്ട് പേരില്‍.
നെറ്റ് സെഷനുകളില്‍ ഇരുവരും മികച്ച രീതിയിലാണ് ബാറ്റ് ചെയ്യുന്നതെന്ന് ബാറ്റിങ് പരിശീലകൻ സിതാൻഷു കോട്ടക്ക് വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് അഡ്‌ലെയ‌്ഡില്‍ തിരിച്ചുവരവ് പ്രതീക്ഷിക്കാം. ഇരുവരുടേയും ഫോം മാത്രമാണ് അല്‍പ്പം തലവേദനയായി നിലനിന്നിരുന്നത്. മറ്റുള്ളവരെല്ലാം സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റിലും അന്താരാഷ്ട്ര തലത്തിലും റണ്‍മല കയറിയവരാണ്. അതുകൊണ്ട്, രോഹിതിന്റേയും കോഹ്ലിയുടേയും സംഭവാനകള്‍ നിര്‍ണായകമാകും വരും മത്സരങ്ങളില്‍.
അഡ്‌ലെയ‌്ഡില്‍ മികച്ച റെക്കോര്‍ഡ് സ്വന്തം പേരില്‍ ഇല്ലാത്ത താരമാണ് രോഹിത്. ഒരു അര്‍ദ്ധ ശതകം പോലും നേടാനും കഴിഞ്ഞിട്ടില്ല. അതുകൊണ്ട് മൈതാനത്ത് ഓര്‍ത്തുവെക്കാൻ ഒരു ഇന്നിങ്സ് സൃഷ്ടിക്കാനുള്ള അവസാന അവസരം കൂടിയായിരിക്കും രണ്ടാം ഏകദിനം. നേര്‍വിപരീതമാണ് കോഹ്ലിയുടെ കാര്യം. അഡ്‌ലെയ‌്ഡില്‍ രണ്ട് ശതകങ്ങള്‍ കോഹ്ലിയുടെ പേരിലുണ്ട്. ഒന്ന് 2015 ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെതിരെയും മറ്റൊന്ന് 2019ല്‍ ഓസ്ട്രേലിയക്കെതിരെയും.
കംഫര്‍ട്ട് സോണ്‍ വെടിഞ്ഞ് ഇന്ത്യ ഓസീസ് സാഹചര്യങ്ങളില്‍ ഇറങ്ങുമ്പോള്‍ ഭാവി ടീം എങ്ങനെയായിരിക്കുമെന്നതുകൂടി തെളിയും. പരമ്പര നഷ്ടപ്പെടാതിരിക്കാൻ രണ്ടാം ഏകദിനത്തില്‍ വിജയവും അനിവാര്യമാണ്.