
തിലക് വര്‍മ, ഇന്ത്യയുടെ ട്വന്റി 20 ടീമിലെ മിസ്റ്റര്‍ കണ്‍സിസ്റ്റന്റ്. ബിഗ് മാച്ച് പ്ലെയര്‍. വില്ലനായി പരുക്ക് അവതരിച്ചിരിക്കുന്നു, ന്യൂസിലൻഡ് പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ വിശ്രമം. ശേഷം കളത്തിലെത്തണമെങ്കില്‍ കായികക്ഷമത പൂര്‍ണമായും കൈവരിക്കേണ്ടതുണ്ട്. ട്വന്റി 20 ലോകകപ്പിലേക്കുള്ള ദൂരം ഒരു മാസം തികച്ചില്ല. തിലക് വര്‍മയുടെ തിരിച്ചുവരവ് സാധ്യമാകുമോ, താരത്തിന്റെ സാന്നിധ്യം എത്രത്തോളം നിര്‍ണായകമാണ് ഇന്ത്യക്ക്, അത് സംഭവിച്ചില്ലെങ്കില്‍ പകരക്കാരനാരായിരിക്കും.
2024 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ട്വന്റി 20 ടീമിലെ സ്ഥിരസാന്നിധ്യമാണ് തിലക് വര്‍മ. മൂന്ന്, നാല് സ്ഥാനങ്ങളിലായി ക്രീസിലെത്തുന്ന താരം. നായകൻ സൂര്യകുമാര്‍ യാദവിന്റെ ഫോമില്ലായ്‌മ ടീമിനെ ബാധിക്കാത്ത വിധമാണ് തിലക് പോയ വര്‍ഷം ബാറ്റ് ചെയ്തത്. ഏഷ്യ കപ്പ്, ഓസ്ട്രേലിയൻ പര്യടനം, ദക്ഷിണാഫ്രിക്കൻ പരമ്പര എന്നിങ്ങനെ ഇന്ത്യക്ക് നിര്‍ണായകമായ എല്ലാ മത്സരങ്ങളിലും ഇടം കയ്യൻ ബാറ്റര്‍ ക്രീസിലെത്തി. ഏഷ്യ കപ്പ് ഫൈനലിലെ പാക്കിസ്ഥാനെതിരായ ഇന്നിങ്സ് മാത്രം മതിയാകും തിലകിന്റെ മൂല്യം തിരിച്ചറിയാൻ.
അഭിഷേക് ശര്‍മ കഴിഞ്ഞാല്‍ 2025ല്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് നേടിയതും തിലകാണ്, 18 ഇന്നിങ്സുകളില്‍ നിന്ന് 567 റണ്‍സ്, ശരാശരി 47. മത്സരത്തിന്റെ ഏത് സാഹചര്യത്തിലും ക്രീസിലെത്തി ടീമിന് അനുകൂലമാക്കി മാറ്റാൻ കഴിയുന്ന ഒരാളുടെ അഭാവം അങ്ങനെ എളുപ്പം മറികടക്കാൻ കഴിയുന്നതല്ല. ശസ്ത്രക്രിയക്ക് വിധേയനായതിന് ശേഷം ആശുപത്രി വിട്ട തിലക് നിലവില്‍ വിശ്രമത്തിലാണ്. ജനുവരി 21, 23, 25 തീയതികളിലാണ് ന്യൂസിലൻഡിനെതിരായ ആദ്യ മൂന്ന് ട്വന്റി 20. 28, 31 തീയതികളില്‍ അവശേഷിക്കുന്ന മത്സരങ്ങളും.
ഈ കാലയളവില്‍ ശാരീരികക്ഷമത വീണ്ടെടുക്കാനായില്ലെങ്കിലാണ് ലോകകപ്പിലേക്ക് ഇന്ത്യ പകരക്കാരെ തേടേണ്ടി വരിക. ഐസിസിയുടെ അനുമതിയില്ലാതെ ജനുവരി 31 വരെ ലോകകപ്പ് ടീമില്‍ അഴിച്ചുപണികള്‍ നടത്താനാകും. ഒരുപക്ഷേ, തിലകില്ലാതെ ആദ്യ ഘട്ടം കടക്കാനും ഇന്ത്യ തയാറായേക്കാം. ഗ്രൂപ്പ് എയിലാണ് ഇന്ത്യ, ഫെബ്രുവരി ഏഴിന് യുഎസ്എ, 12ന് നമീബിയ, 15ന് പാക്കിസ്ഥാൻ, 18ന് നെതര്‍ലൻഡ്‌സ് എന്നീ ടീമുകളുമായാണ് മത്സരം. കാര്യമായ വെല്ലുവിളി നേരിടാൻ സാധ്യതയുള്ളത് പാക്കിസ്ഥാനെതിരായ മത്സരത്തില്‍ മാത്രമാണ്.
അതുകൊണ്ട്, ആദ്യ ഘട്ടത്തില്‍ തിലകിനെ പുറത്തിരുത്തിക്കൊണ്ടും ഇന്ത്യയ്ക്ക് മുന്നേറാനാകും. സൂപ്പര്‍ എട്ടിലേക്ക് എത്തുമ്പോഴായിരിക്കും ഏറ്റവും സന്തുലിതമായ ടീമിനെ ആവശ്യമായി വരിക. ഇക്കാരണത്താലായിരിക്കാം പകരക്കാരനെ പ്രഖ്യാപിക്കാൻ ബിസിസിഐ തയാറാകാത്തതും. തിലകിന്റെ അഭാവത്തില്‍ അന്തിമ ഇലവനിലേക്ക് എത്താൻ ഏറ്റവുമധികം സാധ്യതയുള്ളത് ഇഷാൻ കിഷനാണ്. ന്യൂസിലൻഡ് പരമ്പരയില്‍ തിലകിന്റെ സ്ഥാനത്ത് ഇഷാൻ ക്രീസിലെത്തും. രണ്ട് കാര്യങ്ങളാണ് ഇഷാനെ തുണയ്ക്കുന്നത്, ഒന്ന് അസാധാരണ ഫോം, രണ്ട് തിലകിന് സമാനമായി ഇടം കയ്യൻ ബാറ്ററാണ് താരം.
സെയ്‌ദ് മുഷ്‌താഖ് അലി ട്രോഫിയില്‍ ജാര്‍ഖണ്ഡിനായി 10 മത്സരങ്ങളില്‍ നിന്ന് 517 റണ്‍സാണ് ഇഷാൻ അടിച്ചുകൂട്ടിയത്. ടീമിനെ കിരീടത്തിലേക്ക് എത്തിച്ച ഇഷാൻ രണ്ട് വീതം സെഞ്ചുറികളും അര്‍ദ്ധ സെഞ്ചുറികളും നേടിയപ്പോള്‍ ഇരുനൂറിനടുത്ത് സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് ചെയ്തതും. പിന്നാലെ എത്തിയ വിജയ് ഹസാരെ ട്രോഫിയില്‍ കരുത്തരായ കര്‍ണാടകയ്ക്ക് എതിരെയും ശതകം. മധ്യനിരയില്‍ ക്രീസിലെത്തിയ ഇഷാൻ 39 പന്തില്‍ സ്കോര്‍ ചെയ്തത് 125 റണ്‍സ്. ഈ പ്രകടനങ്ങളായിരുന്നു നീണ്ട ഇടവേളയ്ക്ക് ശേഷം ഇഷാനെ ദേശീയ ടീമിലേക്ക് തിരിച്ചെത്തിച്ചതും.
തിലകിന് പകരക്കാരെ തേടേണ്ടതില്ല ഇന്ത്യക്ക്, കാരണം ഇഷാൻ ലോകകപ്പ് ടീമിന്റേയും ഭാഗമാണ്. തിലകിനേക്കാള്‍ അഗ്രസീവാണ് ഇഷാൻ, എന്നാല്‍ മറ്റൊരു ഓപ്ഷൻ കൂടി ഇന്ത്യക്ക് മുന്നിലുണ്ട്. തിലകിന് സമാനമായി ഇന്നിങ്സിന് മുന്നോട്ട് നയിക്കാൻ കഴിയുന്ന താരം, ശ്രേയസ് അയ്യര്‍. പക്ഷേ, ശ്രേയസിന്റെ സാധ്യതകള്‍ വിരളമാണ്. കാരണം ദീര്‍ഘകാലമായി ഇന്ത്യയുടെ ട്വന്റി 20 പദ്ധതികളില്‍ ഇല്ലാത്ത താരമാണ് ശ്രേയസ്. അവസാനമായി ഇന്ത്യക്കായി ശ്രേയസ് ഫോര്‍മാറ്റിലെത്തിയത് 2023 ഡിസംബറില്‍ ഓസ്ട്രേലിയക്ക് എതിരെയാണ്.
പരുക്കില്‍ നിന്ന് തിരിച്ചെത്തിയ ശ്രേയസ് വിജയ് ഹസാരയില്‍ മുംബൈക്കായി കളത്തിലെത്തിയ രണ്ട് മത്സരങ്ങളിലും തിളങ്ങി. ഹിമാചല്‍ പ്രദേശിനെതിരെ 82 റണ്‍സും പഞ്ചാബിനെതിരെ 45 റണ്‍സും സ്കോര്‍ ചെയ്തു. ന്യൂസിലൻഡ് പരമ്പരയിലൂടെ അന്താരാഷ്ട്ര തലത്തിലും തിരിച്ചുവരവ് ലക്ഷ്യമിടുകയാണ് താരം. തിലകിനായി ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം വരെയെങ്കിലും കാത്തിരിക്കാൻ ഇന്ത്യ തയാറായേക്കും, അതുവരെ ഇഷാന് തന്നെയായിരിക്കും സാധ്യതകള്‍.