
The only time you truly fail, is when you decide to give up.
നിങ്ങള്‍ യഥാർത്ഥത്തില്‍ പരാജയപ്പെടുന്നത്, പ്രയത്നം അവസാനിപ്പിക്കാൻ തീരുമാനിക്കുമ്പോഴാണ്.
22 വാരയ്ക്കിടയിലെ മാരത്തണ്‍ കരിയർ, അതിന്റെ സായാഹ്നത്തോട് അടുക്കുമ്പോള്‍ അയാളൊരു സൂചന നല്‍കിയിരിക്കുന്നു. ഒന്നും അവസാനിച്ചിട്ടില്ല. അയാളുടെ വിയർപ്പിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ഉയര്‍ന്ന ഒന്നരപതിറ്റാണ്ടാണ് കടന്നുപോയത്, അതിന്റെ പൂർണതയിലേക്ക് എത്താൻ ഇനിയും ഒരുപാട് അസ്തമയങ്ങള്‍ താണ്ടാനുണ്ട്. മുന്നിലുള്ള ലക്ഷ്യം 2027 ഏകദിന ലോകകപ്പ് തന്നെ. വിരാട് കോഹ്ലി വരുന്നു, അയാളുടെ ഏറ്റവും വലിയ ഉയർത്തെഴുന്നേല്‍പ്പുകള്‍ക്കണ്ട ഓസീസ് മണ്ണില്‍, Sunday, the King plays.
ഓസ്ട്രേലിയയിലെ പരിചതമായ ബൗണ്‍സി വിക്കറ്റുകളില്‍ ആലസ്യം പിടികൂടിയ ആ ഒന്നരമാസം ഓര്‍മയില്ലെ. ഏറ്റവും പ്രിയപ്പെട്ട വെള്ളക്കുപ്പായം അകറ്റിനിര്‍ത്താൻ പ്രേരിപ്പിച്ച ദിവസങ്ങള്‍. അതേ, മൈതാനങ്ങളിലാണ് ഇതിഹാസത്തിന് മുന്നില്‍ മറ്റൊരു പരീക്ഷണം ഉയര്‍ന്നിരിക്കുന്നത്. ശരിയാണ്, കോഹ്ലിയുടെ കരിയറിന്റെ സഞ്ചാരം അയാളുടെ പ്രതാപകാലത്തിനൊപ്പമല്ല. പക്ഷേ, കോഹ്ലി ഇനിയും തെളിയിക്കണമെന്ന് പറയുന്നവരുടെ ക്രിക്കറ്റ് ജീവിതം മുപ്പതുകളുടെ പാതിവഴിയില്‍ അവസാനിച്ചിരുന്നു. പക്ഷേ, അയാളിന്നും ടോപ് ലെവലില്‍ തന്നെയാണ്.
ആ ബാറ്റിന് കുറുകെ അവസാനിക്കാൻ സമയമായി എന്ന് കളിയെഴുത്തുകാര്‍ കുറിച്ചപ്പോഴെല്ലാം അത് വെട്ടിത്തിരുത്തേണ്ടി വന്നിട്ടുണ്ട്. അത്തരമൊന്നായിരിക്കുമോ ഓസീസ് പര്യടനമെന്നാണ് ആകാംഷ.
ഓസ്ട്രേലിയക്കെതിരെയും അവര്‍ക്കെതിരെ അവരുടെ മൈതാനങ്ങളിലും അസാധാരണ പ്രകടനങ്ങളുടെ പര്യായമായ ബാറ്റാണ് കോഹ്ലിയുടേത്. 2012 മെല്‍ബണിലായിരുന്നു കോഹ്ലിയുടെ ഓസീസ് അധ്യായത്തിന്റെ ആരംഭം. അന്ന് ക്രിക്കറ്റ് ദൈവത്തിന്റെ സാന്നിധ്യത്തിലും ഇന്ത്യ തകര്‍ന്നടിഞ്ഞപ്പോള്‍ 31 റണ്‍സുമായി ടോപ് സ്കോററായിരുന്നു വലം കയ്യൻ ബാറ്റര്‍.
നാല് വര്‍ഷം പിന്നീട് കാത്തിരുന്നു ഓസ്ട്രേലിയയില്‍ അവര്‍ക്കെതിരെ ഒരു സെഞ്ച്വറി നേടാൻ. 2016ലെ പര്യടനം. മൂന്നാം ഏകദിനത്തില്‍, മെല്‍ബണില്‍ 117 പന്തില്‍ 117 റണ്‍സ്, വിഫലമായ ഇന്നിങ്സ്. തൊട്ടടുത്ത മത്സരത്തില്‍ കാൻബറയില്‍ ഓസീസ് ഉയര്‍ത്തിയ റണ്‍മലയ്ക്ക് കുറുകെ ശിഖര്‍ ധവാനൊപ്പമൊരു പോരാട്ടം, സെഞ്ച്വറി. പക്ഷേ, വിജയം അകന്നുനിന്നു. ഒടുവില്‍ 2019ലെ പര്യടനത്തിലാണ് കോഹ്ലി ഏകദിനത്തില്‍ ഓസീസ് മണ്ണില്‍ മൂന്നക്കം പിന്നിടുന്നത്, അഡ്‌ലെയ്‌ഡില്‍. ചേസ് മാസ്റ്ററുടെ മികവിനൊപ്പം ധോണിയും കാര്‍ത്തിക്കും ചേര്‍ന്നപ്പോള്‍ ഇന്ത്യയ്ക്ക് ജയം.
ഓസ്ട്രേലിയയില്‍ സ്ഥിരത മുതല്‍കൂട്ടാണ് കോഹ്ലിക്ക്. അവസാനം കളിച്ച അഞ്ച് ഏകദിനത്തിലെ സ്കോറുകള്‍ 104, 46, 21, 89, 63 എന്നിങ്ങനെയാണ്. ഓസ്ട്രേലിയയില്‍ 18 ഇന്നിങ്സുകളില്‍ നിന്ന് 802 റണ്‍സ്. നാല് അര്‍ദ്ധ ശതകങ്ങള്‍, മൂന്ന് സെഞ്ച്വറി. ഇതുവരെ ഒരു ഓസീസ് പേസര്‍ക്കോ സ്പിന്നര്‍ക്കൊ കോഹ്ലിയെ ഏകദിനത്തില്‍ ഓസ്ട്രേലിയയില്‍ ബൗള്‍ഡാക്കാനൊ വിക്കറ്റിന് മുന്നില്‍ക്കുടുക്കാനോ കഴിഞ്ഞിട്ടില്ല. ഓസീ വിക്കറ്റുകളില്‍ കോഹ്ലി എത്രത്തോളം മികവ് പുലര്‍ത്തുന്നുണ്ട് എന്നതിന്റെ ഉദാഹരണമാണ് ഇത്.
ഓസ്ട്രേലിയയില്‍ മാത്രമല്ല, പുറത്തും ലോക ചാമ്പ്യന്മാര്‍ക്കെതിരെ കോഹ്ലി കിങ് ലെവലില്‍ തന്നെയാണ്. ഏകദിന ക്രിക്കറ്റില്‍ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ സെഞ്ച്വറി കോഹ്ലി കുറിക്കുന്നത് ഓസ്ട്രേലിയക്കെതിരെ തന്നെയാണ്. ഏകദിന കരിയറില്‍ ഓസ്ട്രേലിയക്കെതിരെ 48 ഇന്നിങ്സുകളില്‍ നിന്ന് 2451 റണ്‍സാണ് നേട്ടം. എട്ട് തവണ മൂന്നക്കം കടന്നു. 15 അര്‍ദ്ധ സെഞ്ച്വറികള്‍. ശരാശരി 54നും സ്ട്രൈക്ക് റേറ്റ് 90നും മുകളിലാണ്.
ഓസ്ട്രേലിയക്കെതിരെ ഏകദിനത്തില്‍ രണ്ടായിരത്തിലധികം റണ്‍സ് നേടിയിട്ടുള്ള അഞ്ച് ബാറ്റര്‍മാര്‍ മാത്രമാണ് ലോക ക്രിക്കറ്റിലുള്ളത്. അതില്‍ രണ്ടാമനാണ് കോഹ്ലി. ഒന്നാമത് സച്ചിൻ തെൻഡുല്‍ക്കറും മൂന്നാമത് രോഹിത് ശര്‍മയുമുണ്ട്. ഏറ്റവും ഒടുവില്‍ ഓസ്ട്രേലിയക്കെതിരെ കോഹ്ലി ഏകദിനത്തില്‍ കളിച്ചത് 2025 ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിലായിരുന്നു. അന്ന്, ദുര്‍ഘടമായ സാഹചര്യത്തില്‍ 84 റണ്‍സുമായി ഇന്ത്യയെ ഫൈനലിലെത്തിച്ച് തന്റെ ക്ലാസ് ഒരിക്കല്‍ക്കൂടി കോഹ്ലി തെളിയിച്ചിരുന്നു. കളിയിലെ താരമായാണ് ആ രാത്രി അയാള്‍ അവസാനിപ്പിച്ചതും.
പക്ഷേ, ഈ ഓസീസ് പര്യടനം കോഹ്ലിക്ക് അങ്ങനെ അനായാസം കടന്നുപോകാനാകുന്ന ഒന്നല്ല. സമ്മര്‍ദം അതിന്റെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ നിഴലുപോലെയുണ്ടാകും. മൂന്ന് അവസരങ്ങളുണ്ട്, മൂന്നിലും വീണാല്‍ സെലക്ടര്‍മാര്‍ ആ പേരിന് ചുറ്റും വട്ടം വരച്ചുതുടങ്ങും, ദിവസങ്ങള്‍ എണ്ണപ്പെടും. സച്ചിന്റെ ചുമലില്‍ ആ ഉത്തരവാദിത്തം പേറുമ്പോള്‍ അത് പങ്കുവെക്കാൻ രോഹിതിന്റെ തോളുമുണ്ടായിരുന്നു. ഈ പരീക്ഷണക്കയത്തിലും ഒപ്പം നീന്താൻ രോഹിതുമുണ്ട്. കടന്നാല്‍ സുവര്‍ണകാലത്തിനൊരു ടെയിലെൻഡുകൂടിയുണ്ടാകും. ഒക്ടോബര്‍ 19, പര്യവസാനത്തിന്റെ യാത്രയുടെ തുടക്കം. കാത്തിരിക്കാം.