വഡോദരയില്‍ കിവീസിന്റെ ഓപ്പണിങ് കൂട്ടുകെട്ട് അവസാനിപ്പിക്കാൻ ഇന്ത്യക്ക് കാത്തിരിക്കേണ്ട വന്നത് 21 ഓവറുകളാണ്. ബുമ്രയുടെ അഭാവം അനുഭവപ്പെട്ട തിരിച്ചറിഞ്ഞ മത്സരം

284 റണ്‍സ് പ്രതിരോധിക്കാൻ കഴിയാത്ത ഇന്ത്യയുടെ ബൗളിങ് നിര. മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, നിതീഷ് കുമാ‍ര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവരടങ്ങിയ ലോകോത്തര സംഘത്തിന് 285 പന്തുകളെറിഞ്ഞിട്ട് നേടാനായത് മൂന്ന് വിക്കറ്റുകള്‍ മാത്രം. പിച്ചുകള്‍ക്കും മത്സരത്തിന്റെ സാഹചര്യങ്ങള്‍ക്കും അധീതമായി വിക്കറ്റെടുക്കാൻ കഴിയുന്ന ബൗളര്‍മാര്‍ നിലവിലെ ഇന്ത്യയുടെ ഏകദിന ടീമില്‍ ഇല്ലാ എന്നത് ആശങ്കകളല്ലാതെ മറ്റൊന്നും നല്‍കുന്നില്ല. ജസ്പ്രിത് ബുമ്ര എന്ന വലിയ പേരിന്റെ അഭാവം പ്രകടമാകുമ്പോള്‍, അര്‍ഷദീപ് സിങ്ങിനെപ്പോലൊരു പേസറെ ബെഞ്ചിലിരുത്തി വിശ്രമം അനുവദിക്കുന്നതാണ് ഗൗതം ഗംഭീറിന്റെ തന്ത്രം.

ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഡെവൊണ്‍ കോണ്‍വെ - ഹെൻറി നിക്കോള്‍സ് ഓപ്പണിങ് കൂട്ടുകെട്ട് അവസാനിപ്പിക്കാൻ ഇന്ത്യക്ക് കാത്തിരിക്കേണ്ട വന്നത് 21 ഓവറുകളാണ്. ഹ‍ര്‍ഷിത് നിക്കോള്‍സിനെ രാഹുലിന്റെ കൈകളിലെത്തിച്ചപ്പോഴേക്കും ന്യൂസിലൻഡ് 117 എന്ന ശക്തമായ നിലയിലേക്ക് എത്തിയിരുന്നു. മുഹമ്മദ് സിറാജും ഹര്‍ഷിതും ചേരുന്ന ഓപ്പണിങ് ബൗളിങ് ദ്വയം കൃത്യതയോടെ പന്തെറിഞ്ഞെങ്കിലും ഒരു വിക്കറ്റ് ടേക്കിങ് മൊമന്റ് സൃഷ്ടിക്കാൻ കഴിയാതെ പോയി. ഇതിന്റെ ആവര്‍ത്തനമായിരുന്നു രണ്ടാം ഏകദിനത്തിലും സംഭവിച്ചത്. റായ്പൂരില്‍ വിക്കറ്റ് വരള്‍ച്ച അനുഭവിച്ചത് 13 ഓവറുകള്‍ക്ക് ശേഷമായിരുന്നെന്ന് മാത്രം.

സമീപകാലത്ത് എതിരാളികളുടെ മധ്യനിരയെ തകര്‍ക്കാൻ ഇന്ത്യ പ്രയോഗിച്ച പ്രധാന അസ്ത്രം കുല്‍ദീപ് യാദവായിരുന്നു. എന്നാല്‍, കുല്‍ദീപ് യാദവിനെ എങ്ങനെ മറികടക്കണമെന്നതില്‍ കൃത്യമായ പദ്ധിതകളോടെയായിരുന്നു വില്‍ യങ്ങും ഡാരില്‍ മിച്ചലും ബാറ്റ് ചെയ്തത്. റിവേഴ്‌സ് സ്വീപ്പുകള്‍, ക്രീസുവിട്ടിറങ്ങിയുള്ള കൂറ്റനടികള്‍, കണ്‍വെൻഷണല്‍ സ്വീപ്പുകള്‍...അങ്ങനെ കുല്‍ദീപിന്റെ റിഥവും ആത്മവിശ്വാസവും തകര്‍ത്ത് സമ്മര്‍ദത്തിലാക്കാൻ കിവി സഖ്യത്തിന് കഴിഞ്ഞു. അവിടെ നിന്നൊരു തിരിച്ചുവരവ് കുല്‍ദീപിനും സാധ്യമായില്ല. ‍രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും മോശം ബൗളറായി കുല്‍ദീപ് മാറി, പത്ത് ഓവറില്‍ വഴങ്ങിയത് 82 റണ്‍സായിരുന്നു.

25 ഓവറായിരുന്നു മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് നീണ്ടു നിന്നത്. 162 റണ്‍സ് ഡാരില്‍ മിച്ചല്‍ - യങ് സഖ്യം ചേര്‍ത്തു. യങ്ങിനെ മടക്കാൻ കുല്‍ദീപിന് തന്നെ സാധിച്ചിരുന്നെങ്കിലും അപ്പോഴേക്കും മത്സരം ഇന്ത്യയുടെ കൈകളില്‍ നിന്ന് നഷ്ടപ്പെട്ടിരുന്നു. പരമ്പരയില്‍ പ്രസിദ്ധ് കൃഷ്ണയും ഹര്‍ഷിത് റാണയും മൂന്ന് വിക്കറ്റ് വീതം, സിറാജും കുല്‍ദീപും രണ്ട് വിക്കറ്റ് വീതവും. നാല്‍വരില്‍ എക്കണോമിക്കലായി പന്തെറിയുന്നത് സിറാജ് മാത്രവുമാണ്. ഇവിടെയാണ് ജസ്പ്രിത് ബുമ്ര, അര്‍ഷദീപ് സിങ് എന്നിവരുടെ പ്രസക്തി വര്‍ധിക്കുന്നതും. മുഹമ്മദ് ഷമിയുടെ ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങി വരവ് ഏറെക്കുറെ അസ്തമിച്ച സ്ഥിതിയിലാണുള്ളതും.

ട്വന്റി 20 ലോകകപ്പിന് ശേഷം മാത്രമായിരിക്കും ബുമ്രയുടെ സേവനങ്ങള്‍ ഏകദിനത്തിലുണ്ടാകുക. 2027 ഏകദിന ലോകകപ്പുമുന്നില്‍ക്കണ്ടുള്ള തയാറെടുപ്പുകളുടെ ട്വന്റി 20 ലോകകപ്പിന് ശേഷമായിരുന്നു പൂര്‍ണമായും ആരംഭിക്കുക. പക്ഷേ, ഇവിടെ ടീമില്‍ ഭാഗമായിട്ടും തന്റെ മികവ് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ തെളിയിച്ചിട്ടും അര്‍ഷദീപിന് അവസരം ഒരുങ്ങുന്നില്ല എന്നതാണ് അതിശയം.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയില്‍ മൂന്ന് കളികളില്‍ നിന്ന് അ‍ഞ്ച് വിക്കറ്റുകള്‍ നേടാൻ അര്‍ഷദീപിന് സാധിച്ചിരുന്നു. മൂന്ന് ഏകദിനങ്ങളിലും പവര്‍പ്ലേയില്‍ വിക്കറ്റെടുക്കാനും ഇടം കയ്യൻ പേസര്‍ക്ക് സാധിച്ചു. ട്വന്റി 20യില്‍ പവര്‍പ്ലേയിലും ഡെത്തിലും കൃത്യമായ സ്വാധീനം ചെലുത്താൻ സാധിച്ചിട്ടുള്ള ബൗളറാണ് അ‍ര്‍ഷദീപ്. ബുമ്രയുടെ അഭാവം ഏകദിനത്തില്‍ ഒരുപരിധിവരെ നികത്താൻ പോന്നതാരവും അര്‍ഷദീപാണ്. പക്ഷേ, പ്രസിദ്ധ് കൃഷ്ണയെ മറികടന്ന് അന്തിമ ഇലവനില്‍ എത്താനാകുന്നില്ലെന്ന് മാത്രം.

പ്രസിദ്ധാകട്ടെ, വിക്കറ്റ് വീഴ്ത്തുന്നുണ്ടെങ്കിലും വളരെ എക്സ്പെൻസീവായി പന്തെറിയുന്ന ബൗളറാണ്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പയിലെ വിക്കറ്റ് ടേക്കര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന പ്രസിദ്ധിന്റെ എക്കണോമി എട്ടിനടുത്തായിരുന്നു. ട്വന്റി 20 ക്രിക്കറ്റിന് സമാനമായുള്ള കണക്കുകള്‍. ഏകദിന ലോകകപ്പ് നടക്കുന്ന ദക്ഷിണാഫ്രിക്കയിലെ വിക്കറ്റുകള്‍ കരുതി പ്രസിദ്ധിന് അവസരങ്ങള്‍ കൊടുക്കുമ്പോള്‍ വിട്ടുനല്‍കുന്ന റണ്‍സിന്റെ എണ്ണം ചെറുതല്ല എന്നത് വസ്തുതയായും നിലനില്‍ക്കുന്നു.