
ഹാര്‍ദിക്ക് പാണ്ഡ്യ റിട്ടേണ്‍സ് ടു മുംബൈ ഇന്ത്യൻസ്. 2023 നവംബര്‍ മാസത്തിന്റെ അവസാന വാരം കായികപേജുകളില്‍ ഈ തലക്കെട്ട് പ്രത്യക്ഷപ്പെട്ടു. ഐപിഎല്‍ ചരിത്രം കണ്ട ഏറ്റവും സെൻസേഷണലായ ഒരു ട്രേഡ്, ഒരു തിരിച്ചുവരവ്. ഇതുപോലൊന്നിനായി ഏറെക്കാലമായി ഒരു കളമൊരുങ്ങുന്നുണ്ട്. അവിടെ തെളിയുന്ന പേര് സഞ്ജു വിശ്വനാഥ് സാംസണ്‍. 2026 ഐപിഎല്ലിന് മുന്നോടിയായി മിനി താരലേലത്തിന് വൈകാതെ ഹാമര്‍ ഉയരും, രാജസ്ഥാൻ റോയല്‍സ് അവരുടെ ചേട്ടനെ കൈവിടുമോ, സഞ്ജുവിനെ കാത്തിരിക്കുന്നത് ചെന്നൈ സൂപ്പര്‍ കിങ്സിലേക്കൊരു മാസ് എൻട്രിയോ, ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് ഒരു മടങ്ങിപ്പോക്കൊ.
രാജസ്ഥാൻ റോയല്‍സിനൊപ്പം ഒരു ഐപിഎല്‍ കിരീടം നേടുക എന്നത് വേറൊരു ഫീലാണ് എന്ന് ഒരിക്കല്‍ സഞ്ജു പറഞ്ഞതോര്‍ക്കുന്നു. എന്നാല്‍, അങ്ങനെയൊന്ന് സ്വപ്നമായി മാത്രം തുടരുമോയെന്ന ചോദ്യം ഉയര്‍ന്ന് തുടങ്ങുന്നത് 2025 ഐപിഎല്‍ സീസണിന്റെ അവസാനത്തോടെയായിരുന്നു. മാനേജ്മെന്റും ടീം ക്യാപ്റ്റനായ സഞ്ജുവും തമ്മില്‍ അഭിപ്രായഭിന്നതകള്‍ സംഭവിച്ചതായും, സഞ്ജു ആവശ്യപ്പെട്ട താരങ്ങളെ നിലനിര്‍ത്താൻ ടീം തയാറായില്ല എന്നുമൊക്കെ റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. പ്രത്യേകിച്ചും ജോസ് ബട്ട്ലറിനെപോലുള്ള താരങ്ങളെ.
പ്രമുഖ താരങ്ങളെ വിട്ടുകളഞ്ഞുള്ള മാനേജ്മെന്റിന്റെ കണക്കുകൂട്ടലുകള്‍ തെറ്റുകയും അത് സീസണില്‍ പ്രതിഫലിക്കുകയും ചെയ്തു. സഞ്ജു പരുക്കുമൂലം നിരവധി മത്സരങ്ങളില്‍ പുറത്തിരിക്കുകയും ബാറ്റിങ്ങിന് മാത്രമെത്തുകയും ചെയ്ത സീസണില്‍ രാജസ്ഥാന് നേടാനായത് കേവലം നാല് ജയം മാത്രമായിരുന്നു. പോയിന്റ് പട്ടികയിലെ സ്ഥാനം ഒൻപതാമതും. സമീപകാലത്തെ ഏറ്റവും മോശം സീസണുകളിലൊന്നായിരുന്നു രാജസ്ഥാന് 2025. ഇതിന് പിന്നാലെയാണ് റിപ്പോര്‍ട്ടുകള്‍ക്ക് കൂടുതല്‍ ജീവൻ വെച്ചുതുടങ്ങിയതും.
എട്ട് സീസണുകളായുള്ള രാജസ്ഥാനൊപ്പമുള്ള യാത്രക്ക് ഫുള്‍ സ്റ്റോപ്പിടാൻ സഞ്ജു താല്‍പ്പര്യപ്പെടുന്നുവെന്നും പുതിയ സീസണിന് മുന്നോടിയായി റിലീസ് ചെയ്യാൻ ആവശ്യപ്പെട്ടുവെന്നും ദേശീയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടു. എങ്കിലും ഇതിലൊരു ഔദ്യോഗിക സ്ഥിരീകരണം നല്‍കാൻ സഞ്ജുവോ രാജസ്ഥാനോ തയാറാകാതെ സസ്പൻസ് തുടരുകയാണ്. എന്നാല്‍, ഈ സസ്പെൻസ് അവസാനിക്കാൻ ഇനി അധിക നാള്‍ അവശേഷിക്കുന്നില്ല. നവംബര്‍ പകുതിയോടെ റീട്ടെയിൻ ചെയ്യുന്നവരുടേയും റിലീസ് ചെയ്യുന്നവരുടേയും പട്ടിക ടീമുകള്‍ പുറത്ത് വിടേണ്ടി വരും, മിനി ലേലം ഡിസംബര്‍ പകുതിയോടെയും സംഭവിക്കുമെന്നാണ് സൂചന.
ഇതോടെയാണ് ഇന്ത്യയുടെ ദേശീയ ടീമില്‍ ട്വന്റി 20 ഫോര്‍മാറ്റിലെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറും ഹൈ അഗ്രസീവ് ശൈലിക്കുടമയുമായുള്ള സഞ്ജുവിനെ റാഞ്ചാൻ ടീമുകള്‍ വലവിരിച്ചിരിക്കുന്നത്. 2025 സീസണിന് ശേഷം വൈകാതെ തന്നെ സഞ്ജുവിനോട് ചേര്‍ന്ന് നിന്നിരുന്ന പേര് ചെന്നൈ സൂപ്പര്‍ കിങ്സിന്റേതായിരുന്നു. അതിന്റെ പ്രധാന കാരണം ഇതിഹാസ താരം എം എസ് ധോണിയുടെ ഐപിഎല്‍ കരിയര്‍ അതിന്റെ അസ്തമയത്തിലേക്ക് കടക്കുന്നതും ചെന്നൈ പകരക്കാരനെ തേടുന്നതുമാണ്. ധോണിയുടെ പകരക്കാരനായി സഞ്ജുവിനേക്കാള്‍ മികച്ചൊരു ഓപ്ഷൻ ചെന്നൈക്ക് മുന്നിലില്ല.
റുതുരാജ് ഗെയ്ക്ക്വാദ് എന്ന നായകന് കീഴില്‍ ചെന്നൈക്ക് കാര്യമായൊരു കുതിപ്പിന് വഴിവെട്ടാനും കഴിഞ്ഞിട്ടില്ല. ഒടുവില്‍ ധോണി തന്നെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട സ്ഥിതിയായിരുന്നു. ഇനി മറ്റൊരു സീസണ്‍ കൂടി ധോണി ചെന്നൈക്കായി വിക്കറ്റിന് പിന്നില്‍ നിലയുറപ്പിക്കുമോ എന്നതിലും സ്ഥിരീകരണമില്ല. നായകനായും മികവ് തെളിയിച്ചിട്ടുള്ള സഞ്ജുവിന്റെ കീഴില്‍ ചെന്നൈ ഒരു യുവനിരയെ ഒരുക്കുകയാണെങ്കില്‍ അതൊരു ഫിയര്‍ലെസ് സംഘമായി മാറുമെന്നതില്‍ സംശയിക്കേണ്ടതില്ല.
എന്നാല്‍, ചെന്നൈക്ക് അപ്പുറം നിലവില്‍ ഡല്‍ഹിയും സഞ്ജുവിനെ രാജസ്ഥാനില്‍ നിന്ന് ട്രേഡ് ചെയ്യാൻ രംഗത്തുണ്ടെന്നാണ് സൂചന. ഡല്‍ഹിക്കായി രണ്ട് സീസണുകള്‍ കളിച്ചിട്ടുള്ള താരമാണ് സഞ്ജു. 677 റണ്‍സും നേടി. 22-ാം വയസിലായിരുന്നു സഞ്ജു ഡല്‍ഹി വിടുന്നത്, അന്ന് ഒരു സെഞ്ച്വറിയും മൂന്ന് അര്‍ദ്ധ ശതകങ്ങളും സഞ്ജുവിന്റെ പേരിലുണ്ടായിരുന്നു ഡല്‍ഹിയുടെ കുപ്പായത്തില്‍. പക്ഷേ, സഞ്ജുവിനെ ടീമിലെത്തിക്കണമെങ്കില്‍ ഡല്‍ഹി മുടക്കേണ്ട തുക വലുതാണ്. 18 കോടി രൂപ നല്‍കിയായിരുന്നു രാജസ്ഥാൻ സഞ്ജുവിനെ നിലനിര്‍ത്തിയത്. 2024 വരെ ഇത് 24 കോടിയായിരുന്നു. ട്രേഡ് ചെയ്യുമ്പോള്‍ സൂപ്പര്‍ താരങ്ങളെ തന്നെ കൈവിടേണ്ടി വരും ഡല്‍ഹിക്ക്.
രാജസ്ഥാനായി 11 സീസണുകള്‍ കളിച്ച സഞ്ജു 4,027 റണ്‍സാണ് നേടിയത്. രണ്ട് സെഞ്ച്വറിയും 23 അര്‍ദ്ധ സെഞ്ച്വറിയും നേടി. 192 സിക്സറുകളും ഈ കാലയളവില്‍ സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നു.