ട്രംപിനെ തോല്‍പിച്ച ആപ്പിളിന്‍റെ ബുദ്ധിപരമായ നീക്കം; ഫോക്സ്‌കോണ്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച 97 ശതമാനം ഐഫോണുകളും പോയത് യുഎസിലേക്ക്

Published : Jun 14, 2025, 12:37 PM ISTUpdated : Jun 14, 2025, 12:43 PM IST
iPhone 16 Price Cut

Synopsis

2025 മാര്‍ച്ച്-മെയ് കാലയളവില്‍ 3.2 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഐഫോണുകളാണ് ഫോക്സ്‌കോണ്‍ ഇന്ത്യ യുഎസിലേക്ക് അയച്ചത്

ദില്ലി: ഈ വര്‍ഷം മാര്‍ച്ച് മാസം മുതല്‍ മെയ് വരെ ഫോക്‌സ്‌കോണ്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ഭൂരിഭാഗം ഐഫോണുകളും കയറ്റുമതി ചെയ്തത് അമേരിക്കയിലേക്ക്. ട്രംപിന്‍റെ താരിഫ് പ്രതിസന്ധി മറികടക്കാന്‍ ഫോക്‌സ്‌കോണ്‍ ഇന്ത്യയുടെ 97 ശതമാനം ഐഫോണുകളും ആപ്പിള്‍ യുഎസിലേക്ക് കൊണ്ടുവരികയായിരുന്നു എന്നാണ് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്‍റെ റിപ്പോര്‍ട്ട്.

ചൈനീസ് നിര്‍മ്മിത ഉല്‍പന്നങ്ങള്‍ക്ക് കുത്തനെ ഇറക്കുമതി തീരുവ കൂട്ടുമെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രഖ്യാപനം ആപ്പിളിനെ ഉലച്ചിരുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ ഇക്കഴിഞ്ഞ മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലയളവില്‍ ഇന്ത്യയെ ആപ്പിള്‍ കൂടുതലായി ആശ്രയിക്കുകയായിരുന്നു. ഇക്കാലയളവില്‍ ഫോക്‌സ്‌കോണ്‍ ഇന്ത്യ, ഇന്ത്യയില്‍ നിര്‍മ്മിച്ച ആകെ ഐഫോണുകളുടെ 97 ശതമാനവും യുഎസിലേക്ക് കയറ്റുമതി ചെയ്തു എന്നാണ് കസ്റ്റംസ് ഡാറ്റകള്‍ അധികരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2024ല്‍ അമേരിക്കയിലേക്ക് ഇന്ത്യയിലാകെ നിര്‍മ്മിത ഐഫോണുകളുടെ കയറ്റുമതി ശരാശരി 50 ശതമാനമായിരുന്ന സ്ഥാനത്താണ് താരിഫ് പ്രതിസന്ധിയെ തുടര്‍ന്ന് കയറ്റുമതി 97 ശതമാനത്തിലേക്ക് ആപ്പിള്‍ ഉയര്‍ത്തിയത്. മുമ്പ് യുഎസിന് പുറമെ നെതര്‍ലന്‍ഡ്‌സിലേക്കും ചെക്ക് റിപ്പബ്ലിക്കിലേക്കും യുകെയിലേക്കും ഫോക്സ്‌കോണ്‍ ഇന്ത്യ ഐഫോണുകള്‍ കയറ്റുമതി ചെയ്തിരുന്നു.

2025 മാര്‍ച്ച്-മെയ് കാലയളവില്‍ 3.2 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഐഫോണുകളാണ് ഫോക്സ്‌കോണ്‍ ഇന്ത്യ യുഎസിലേക്ക് അയച്ചത്. മെയ് മാസം മാത്രം ഒരു ബില്യണ്‍ ഡോളര്‍ വില വരുന്ന ഐഫോണുകള്‍ അമേരിക്കയിലേക്ക് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തു. മാര്‍ച്ച് മാസം 1.3 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഐഫോണുകള്‍ യുഎസിലേക്ക് അയച്ചതാണ് സര്‍വ്വകാല റെക്കോര്‍ഡ്. 2024-ലാകെ 3.7 ബില്യണ്‍ ഡോളര്‍ വില വരുന്ന ഐഫോണുകള്‍ ഫോക്സ്‌കോണ്‍ ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്ത സ്ഥാനത്ത് 2025-ന്‍റെ ആദ്യ അഞ്ച് മാസം കൊണ്ടുതന്നെ 4.4 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഐഫോണുകള്‍ കയറ്റുമതി ചെയ്യാന്‍ കമ്പനിക്കായി.

ചൈനയ്ക്കുള്ള താരിഫ് വര്‍ധിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയിലെ ഐഫോണ്‍ ഉത്പാദനം ആപ്പിള്‍ വര്‍ധിപ്പിച്ചിരുന്നു. ചൈനയില്‍ നിന്ന് ഐഫോണുകള്‍ ഇറക്കുമതി ചെയ്യുന്നത് ചിലവേറുമെന്ന അനുമാനത്തെ തുടര്‍ന്നായിരുന്നു ഇന്ത്യയിലെ നിര്‍മ്മാണം വര്‍ധിപ്പിക്കാന്‍ ആപ്പിള്‍ സിഇഒ ടിം കുക്ക് നിര്‍ദേശം നല്‍കിയത്. മാര്‍ച്ച് മാസം 2 ബില്യണ്‍ ഡോളറോളം മൂല്യം വരുന്ന ഐഫോണ്‍ 13, 14, 16, 16ഇ മോ‍ഡലുകള്‍ യുഎയിലേക്ക് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തിരുന്നു. ആഗോള ഐഫോണ്‍ കയറ്റുമതിയുടെ 25- 30 ശതമാനം മെയ്‌ഡ് ഇന്‍ ഇന്ത്യ ഐഫോണുകള്‍ 2025ല്‍ സ്വന്തമാക്കുമെന്നാണ് കൗണ്ടര്‍പോയിന്‍റ് റിസര്‍ച്ചിന്‍റെ കണക്കുകൂട്ടല്‍. ഫോക്‌സ്‌കോണിന് പുറമെ ടാറ്റ ഇലക്ട്രോണിക്‌സാണ് ഇന്ത്യയില്‍ ആപ്പിളിനായി ഐഫോണുകള്‍ അസംബിള്‍ ചെയ്യുന്ന മറ്റൊരു കമ്പനി.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാജ്യത്തെ ആദ്യ തദ്ദേശീയ 64-ബിറ്റ് ഡ്യുവൽ കോർ മൈക്രോപ്രൊസസർ വികസിപ്പിച്ച് ഇന്ത്യ
എന്നാലൊരു പവര്‍ബാങ്കായി പ്രഖ്യാപിച്ചൂടേ; 10000 എംഎഎച്ച് ബാറ്ററിയുമായി റെഡ്‍മി കെ90 അൾട്ര വരുന്നു