ജോലി ലിങ്ക്‌ഡ്‌ഇന്നില്‍ തിരയുന്നതൊക്കെ പണ്ട്, ഇപ്പോള്‍ ട്രെന്‍ഡ് ടിന്‍ഡര്‍ പോലുള്ള ഡേറ്റിംഗ് ആപ്പുകള്‍!

Published : Jan 02, 2026, 10:35 AM IST
LinkedIn Logo

Synopsis

ഉയര്‍ന്ന പ്രൊഫഷണലുകള്‍ അടക്കം പലരും ഡേറ്റിംഗ് ആപ്പുകൾ വഴിയാണ് ഇപ്പോൾ ജോലി കണ്ടെത്താൻ ശ്രമിക്കുന്നതെന്ന് സര്‍വേ ഫലം പറയുന്നു. പ്ലെയ്‌സ്‌മെന്‍റ്, റഫറലുകൾ, അഭിമുഖങ്ങൾ, പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് എന്നിവയ്ക്കായി ഇത്തരം ആപ്പുകളെ ആശ്രയിക്കുന്നു.

ന്യൂയോര്‍ക്ക്: അമേരിക്കൻ തൊഴിൽ വിപണി കടുത്ത പ്രതിസന്ധികൾക്കിടയിലൂടെയാണ് കടന്നുപോകുന്നത്. ഇതിനിടെ ഒരു അപ്രതീക്ഷിത പ്രവണത ഉയർന്നുവന്നിരിക്കുന്നതായി പുതിയ സർവ്വേ റിപ്പോർട്ട് വ്യക്തമാക്കുന്നു. ലിങ്ക്ഡ്‌ഇൻ ഉൾപ്പെടെയുള്ള പതിവ് തൊഴിൽ അന്വേഷണ പ്ലാറ്റ്‌ഫോമുകള്‍ക്ക് പകരം ഡേറ്റിംഗ് ആപ്പുകൾ വഴിയാണ് ഇപ്പോൾ പലരും ജോലി കണ്ടെത്താൻ ശ്രമിക്കുന്നതെന്നാണ് സർവ്വേ റിപ്പോർട്ടില്‍ പറയുന്നത്. റെസ്യൂം ബിൽഡർ ഡോട്ട് കോം അടുത്തിടെ നടത്തിയ ഒരു സർവ്വേയാണ് ഈ അമ്പരപ്പിക്കുന്ന കണ്ടെത്തൽ നടത്തിയിരിക്കുന്നതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. അതായത് ഡേറ്റിംഗ് ആപ്പുകൾ ഇപ്പോൾ സുഹൃത്തുക്കളെ ഉണ്ടാക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല എന്നും മറിച്ച് പ്ലെയ്‌സ്‌മെന്‍റ്, റഫറലുകൾ, അഭിമുഖങ്ങൾ, പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് എന്നിവയ്ക്കും ഉപയോഗിക്കുന്നു എന്നും ഈ സർവ്വേ പറയുന്നു.

ജോലി തേടാന്‍ പുതു വഴികള്‍: ഡേറ്റിംഗ് ആപ്പുകള്‍

ടിൻഡർ, ബംബിൾ, ഹിൻഗ് തുടങ്ങിയ ഡേറ്റിംഗ് ആപ്പുകൾ ഇപ്പോൾ സുഹൃത്തുക്കളെ ഉണ്ടാക്കാൻ മാത്രമുള്ളതല്ലെന്നാണ് സർവ്വേ തെളിയിക്കുന്നത്. കഴിഞ്ഞ വർഷം യുഎസിലെ ഡേറ്റിംഗ് ആപ്പ് ഉപയോക്താക്കളിൽ ഏകദേശം മൂന്നിലൊന്ന് പേരും ജോലി അവസരങ്ങൾ, അഭിമുഖങ്ങൾ, റഫറലുകൾ അല്ലെങ്കിൽ പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് എന്നിവയ്ക്കായി ഈ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചു. ഡേറ്റിംഗ് ആപ്പുകളിൽ ജോലി തിരയുന്ന ഈ പുതിയ രീതി പലർക്കും വിജയിച്ചിട്ടുണ്ടെന്നും സർവ്വേ പറയുന്നു.

ഈ ആപ്പുകൾ വഴി ഉപയോഗപ്രദമായ കരിയർ ബന്ധങ്ങൾ കണ്ടെത്തിയതായി സർവേയിൽ പങ്കെടുത്ത പലരും പറഞ്ഞു. ഇതുവഴി നിരവധി ഉപയോക്താക്കൾ അഭിമുഖങ്ങൾക്ക് അവസരങ്ങൾ നേടി. ചിലർക്ക് ജോലി ഓഫറുകളോ റഫറലുകളോ ലഭിച്ചു. ചിലർക്ക് മെന്‍റർഷിപ്പ്, പ്രൊഫഷണൽ മാർഗ്ഗനിർദ്ദേശം പോലുള്ള വിലപ്പെട്ട പിന്തുണകളും ലഭിച്ചു എന്നും സർവ്വേ പറയുന്നു.

ഡേറ്റിംഗ് ആപ്പുകളിലെ ജോലി തിരയല്‍ ഇങ്ങനെ

ഡേറ്റിംഗ് ആപ്പുകൾ വഴിയുള്ള ഇടപെടലുകൾ വ്യക്തിപരവും നേരിട്ടുള്ളതുമാണെന്ന് ആളുകൾക്ക് തോന്നുന്നതായും സർവ്വേ പറയുന്നു. ജോലിയുടെ പേരുകൾ, കമ്പനി പേരുകൾ അല്ലെങ്കിൽ പ്രൊഫൈലുകളിൽ ലിസ്റ്റ് ചെയ്‌തിരിക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയെ അടിസ്ഥാനമാക്കി ആളുകൾക്ക് സംഭാഷണങ്ങൾ ആരംഭിക്കാൻ കഴിയും. ഇത് ഒരുതരം അനൗപചാരിക നെറ്റ്‌വർക്കിംഗ് അന്തരീക്ഷം സൃഷ്‌ടിക്കുന്നു. പരമ്പരാഗത ജോബ് പോർട്ടലുകളിൽ നിന്നും തികച്ചും വ്യത്യസ്‌തമാണിത്. ഇത്തരം ഡേറ്റിംഗ് ആപ്പുകളിൽ ഉദ്യോഗാർഥികളുടെ തൊഴിൽ പരിചയം വെറുമൊരു റെസ്യൂമെയിൽ മാത്രം ഒതുങ്ങുന്നില്ല എന്നും മറിച്ച് അവരുടെ വ്യക്തിത്വവും കാഴ്‌ചപ്പാടും കൊണ്ട് മറ്റുള്ളവരെ ആകർഷിക്കാൻ കഴിയും എന്നും സർവ്വേ പറയുന്നു.

ഈ പ്രവണത പുതിയ ബിരുദധാരികളിൽ മാത്രം ഒതുങ്ങുന്നില്ല. പരിചയസമ്പന്നരായ പ്രൊഫഷണലുകൾ മെന്‍റർമാരെ കണ്ടെത്തുന്നതിനും കരിയർ മാറ്റങ്ങളെക്കുറിച്ച് ഉപദേശം തേടുന്നതിനും വ്യവസായത്തിലെ ആന്തരിക നെറ്റ്‌വർക്കുകളിലേക്ക് ആക്‌സസ് നേടുന്നതിനും ഡേറ്റിംഗ് ആപ്പുകൾ ഉപയോഗിക്കുന്നുവെന്നും സർവ്വേ പറയുന്നു. വർധിച്ചുവരുന്ന മത്സരത്തിന്‍റെയും എഐ അധിഷ്‍ഠിത നിയമന സംവിധാനങ്ങളുടെയും ഈ പുതിയ യുഗത്തിൽ, പലർക്കും ആൾക്കൂട്ടത്തിൽ നിന്ന് വ്യത്യസ്‍തരാകാനും കൂടുതൽ മാനുഷികമായ രീതിയിൽ സ്വയം അവതരിപ്പിക്കാനുമുള്ള ഒരു വേദിയായി ഡേറ്റിംഗ് ആപ്പുകൾ മാറുകയാണ് എന്നാണ് ഈ സർവ്വേയുടെ കണ്ടെത്തൽ.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മൊബൈലിൽ നെറ്റ്‌വര്‍ക്ക് കിട്ടുന്നില്ലേ? ഈ അഞ്ച് വഴികൾ പരീക്ഷിക്കൂ, എളുപ്പം പരിഹാരം
വ്യാജ ബിരുദക്കാർ ഇനി കുടുങ്ങും; ഡിഗ്രി സർട്ടിഫിക്കറ്റുകളിൽ ക്യുആർ കോഡുമായി രാജസ്ഥാൻ സർക്കാർ