മൊബൈലിൽ നെറ്റ്‌വര്‍ക്ക് കിട്ടുന്നില്ലേ? ഈ അഞ്ച് വഴികൾ പരീക്ഷിക്കൂ, എളുപ്പം പരിഹാരം
ഓരോ വർഷവും സാങ്കേതികവിദ്യ അതിവേഗം വളരുകയാണ്. അതിനാല്‍, മോശം മൊബൈൽ സിഗ്നലുകൾ നമ്മെ ഒരു പതിറ്റാണ്ട് എങ്കിലും പിന്നോട്ടടിക്കും. മൊബൈല്‍ നെറ്റ്‌വര്‍ക്കില്‍ പ്രശ്‌നം വന്നാല്‍ എന്തൊക്കെ ചെയ്യണം എന്ന് നിങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം.

നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍
മൊബൈല്‍ നെറ്റ്‌വര്‍ക്ക് കുറഞ്ഞാല്‍ കോളുകൾ വിച്ഛേദിക്കപ്പെടാറുണ്ട്. ഇന്‍റര്‍നെറ്റ് ബ്രൗസിംഗും തടസപ്പെടും. ഇതിന് പലപ്പോഴും നമ്മൾ സിം കാർഡ് കമ്പനികളെ കുറ്റപ്പെടുത്താറുണ്ട്. പക്ഷേ, നിങ്ങളുടെ മൊബൈലില്‍ റേഞ്ച് കുറയുന്നത് എപ്പോഴും മൊബൈല്‍ ഓപ്പറേറ്റര്‍മാരുടെ മാത്രം കുറ്റമല്ല എന്നതാണ് യാഥാർഥ്യം. ചിലപ്പോൾ നിങ്ങളുടെ ഫോണിലെ ഒരു ലളിതമായ സജ്ജീകരണമോ സിം കാർഡിലെ പൊടിപടലമോ ഒക്കെ നെറ്റ്‌വര്‍ക്ക് കരുത്ത് കുറയാന്‍ കാരണമാകാം.
1. എയർപ്ലെയിൻ മോഡ്
ഇതാണ് ഇക്കാര്യത്തിൽ ഏറ്റവും പഴക്കമേറിയതും ഫലപ്രദവുമായ പ്രതിവിധി. നിങ്ങളുടെ സിഗ്നൽ മങ്ങുന്നത് കാണുമ്പോഴെല്ലാം, നിങ്ങളുടെ ഫോണിന്‍റെ എയർപ്ലെയിൻ മോഡ് ഓണാക്കുക. ഏകദേശം 15 സെക്കൻഡ് അത് ഓണാക്കി വച്ച ശേഷം അത് ഓഫ് ചെയ്യുക. ഇത് നിങ്ങളുടെ ഫോണിനെ അടുത്തുള്ള നെറ്റ്‌വർക്ക് ടവറുമായി വീണ്ടും ബന്ധിപ്പിക്കാൻ നിർബന്ധിതരാക്കുന്നു. ഇങ്ങനെ ചെയ്യുന്നത് പലപ്പോഴും സിഗ്നൽ ശക്തി വർധിപ്പിക്കുന്നു.
2. ഫോൺ റീസ്റ്റാർട്ട് ചെയ്യുക
ക്ഷീണിതനാകുമ്പോൾ നമുക്ക് ഉറക്കം ആവശ്യമുള്ളതുപോലെ, നമ്മുടെ ഫോണുകൾക്കും ചെറിയ വിശ്രമം ആവശ്യമായി വരും. എയ്‌റോപ്ലെയിൻ മോഡ് പ്രവർത്തിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ ഫോൺ റീ സ്റ്റാർട്ട് ചെയ്യുക. ഇത് ഹാർഡ്‌വെയറിനെ പുതുക്കുകയും ഏറ്റവും ശക്തമായ സിഗ്നലുള്ള ടവർ കണ്ടെത്താൻ ഫോണിനെ അനുവദിക്കുകയും ചെയ്യുന്നു.
3. ഓട്ടോ മോഡ് ഓഫാക്കുക
ഇക്കാലത്ത്, നമ്മുടെയെല്ലാം ഫോണുകൾ 5ജി അല്ലെങ്കിൽ ഓട്ടോ മോഡിലേക്ക് സജ്ജീകരിച്ചിരിക്കുന്നു. എന്നാൽ പല മേഖലകളിലും 5ജി കവറേജ് ഇപ്പോഴും ദുർബലമാണ്. ഇത് ആവർത്തിച്ച് സിഗ്നലുകൾ മാറ്റുന്നതിനാൽ ഫോൺ നെറ്റ്‌വർക്കില്‍ പ്രശ്‍നങ്ങൾക്ക് കാരണമാകും. നിങ്ങളുടെ പ്രദേശത്ത് 5ജി കവറേജ് ദുർബലമാണെങ്കിൽ, സെറ്റിംഗ്‍സിൽ നെറ്റ്‌വർക്ക് മോഡ് 4ജി ആയി സജ്ജമാക്കുക. ഇത് നിങ്ങളുടെ കോളിന്‍റെയും ഇന്‍റർനെറ്റിന്‍റെയും ഗുണനിലവാരം ഏറെ മെച്ചപ്പെടുത്തും.
4. കട്ടിയുള്ള ചുമരുകളും അടച്ചിട്ട മുറികളും
സിഗ്നലുകൾക്ക് ചുവരുകളിലൂടെയും കോൺക്രീറ്റിലൂടെയും സഞ്ചരിക്കാൻ പ്രയാസമാണ്. നിങ്ങൾ ഒരു ബേസ്മെന്‍റിലോ, ലിഫ്റ്റിലോ, അല്ലെങ്കിൽ കട്ടിയുള്ള ചുവരുകളുള്ള മുറിയിലോ ആണെങ്കിൽ, നിങ്ങളുടെ സിഗ്നൽ ദുർബലമായിരിക്കും. മികച്ച നെറ്റ്‌വർക്ക് പ്രകടനത്തിന്, ഒരു ജനാലയുടെ അടുത്തേക്ക് നീങ്ങുകയോ തുറന്ന മുറിയിൽ വച്ച് മൊബൈല്‍ ഉപയോഗിക്കുകയോ ചെയ്യുക. ഇത് നിങ്ങളുടെ ഫോണില്‍ ഡാറ്റ വേഗത്തില്‍ ലഭിക്കാന്‍ ഇടയാക്കും.
5. സിം കാർഡ് വൃത്തിയാക്കുക
നിങ്ങളുടെ സിം കാർഡിലെ പൊടിപടലങ്ങൾ നെറ്റ്‌വർക്ക് പെർഫോമൻസിനെ തടസപ്പെടുത്തുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതേ, സിം ട്രേയിലെ അഴുക്കും പൊടിയും മറ്റും സിം തകരാറിലാക്കാൻ കാരണമാകും. നിങ്ങളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്യുക, സിം കാർഡ് നീക്കം ചെയ്യുക, മൃദുവായ തുണി ഉപയോഗിച്ച് സിം കാര്‍ഡ് സൗമ്യമായി വൃത്തിയാക്കുക. തുടർന്ന് വീണ്ടും ഇടുക. ഈ ലളിതമായ പ്രവൃത്തി നെറ്റ്‌വർക്ക് പ്രകടനം മെച്ചപ്പെടുത്താന്‍ സഹായകമാണ്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

