
ഓരോ ജീവിവര്‍ഗ്ഗത്തിനും ഇരപിടിക്കുന്നതിനും ശത്രുവിനെ പ്രതിരോധിക്കുന്നതിനും സ്വന്തമായി ചില മാര്‍ഗ്ഗങ്ങളുണ്ട്. അവ ഓരോ മൃഗത്തെ സംബന്ധിച്ചും വ്യത്യസ്തവുമാണ്. അത്തരത്തിലൊരു വ്യത്യസ്തമായ എന്നാല്‍, ഏറെ തന്ത്രപരമെന്ന് തോന്നിക്കുന്ന ഒരു ഇരപിടിത്തത്തിന്‍റെ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ രണ്ട് തട്ടിലാക്കി. ഒരു മുതല തന്‍റെ ഇരയെ വെള്ളത്തിലേക്ക് ക്ഷണിക്കാനായി സ്വയം മുങ്ങിത്താഴുന്നത് പോലെ അഭിനയിക്കുന്നു എന്ന് അവകാശപ്പെട്ടൊരു വീഡിയോയാണ് സമൂഹ മാധ്യമ ഉപയോക്താക്കളെ രണ്ട് അഭിപ്രായക്കാരായി തിരിച്ചത്.
ട്രാവല്ലി എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഇന്തോനേഷ്യയിലെ ബോർണിയോയിലെ ബാരിറ്റോ നദിയിൽ മുങ്ങിത്താഴുന്നതിന് സമാനമായി മുന്നിലെ ഇരുകാലുകളും നദിയിലെ വെള്ളത്തിന് വെളിയില്‍ വായുവില്‍ പ്രത്യേക രീതിയില്‍ കറക്കിക്കൊണ്ട് ഒരു മുതല മുങ്ങിത്താഴുന്നതായി വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നു. മനുഷ്യ ഇരകളെ വെള്ളത്തിലേക്ക് ആകര്‍ഷിക്കുന്നതിനാണ് മുതലകൾ ഇത്തരത്തില്‍ വെള്ളത്തില്‍ വ്യാജമായി മുങ്ങിത്താഴുന്നതായി അഭിനയിക്കുന്നതെന്ന് വീഡിയോയ്ക്കൊപ്പം വിവരിക്കുന്നു.
'എന്‍റെ അച്ഛന് ഒരു ജോലി നല്‍കാമോ?'; മകളുടെ ഹൃദയഹാരിയായ ലിങ്ക്ഡ്ഇന്‍ കുറിപ്പ് വൈറൽ
എട്ട് കോടി നാൽപ്പത്തിയേഴ് ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്. വീഡിയോ വൈറലായതോടെ ഇരയെ പിടിക്കാൻ മുതലകൾ ഇത്തരം ബുദ്ധിപരമായ തന്ത്രം ഉപയോഗിക്കുന്നുണ്ടാകാമെന്ന് പലരും എഴുതി. മുതല തന്‍റെ ഇരകളെ ആകര്‍ഷിക്കാന്‍ സ്വയം മുങ്ങിത്താഴല്‍ അഭിനയിക്കും എന്ന നിരീക്ഷണത്തോട് പ്രതികരിക്കാന്‍ മുതലകളെ കുറിച്ച് പഠിക്കുന്ന വിദഗ്ദരും എത്തി. അത്തരം നിരീക്ഷണങ്ങള്‍ മണ്ടത്തരമാണെന്നായിരുന്നു അവരുടെ അഭിപ്രായം. മുതലകൾ ബോധപൂർവ്വം ഇരകളെ ആകര്‍ഷിക്കുന്നതിനായി സ്വയം മുങ്ങിത്താഴുമെന്ന് പറയുന്നത് 'ഉന്മാദ'മാണെന്നായിരുന്നു മിസോറി സർവകലാശാലയിലെ പാത്തോളജി ആൻഡ് അനാട്ടമിക്കൽ സയൻസസ് പ്രൊഫസർ കേസി ഹോളിഡേ അഭിപ്രായപ്പെട്ടത്.
യാതൊരു വസ്തുതയുമില്ലാത്ത നിരീക്ഷണമാണ് അതെന്ന് സുവോളജിസ്റ്റ് ഗ്രഹാം വെബും അഭിപ്രായപ്പെട്ടു. ഇരയെ പിടികൂടിയ മുതല ആദ്യം അതിനെ കൊല്ലുന്നതിനായി സ്വയം കറങ്ങുന്നു. ഈ സമയം പാതി മുതലയുടെ വായിലായ ഇര പ്രാണരക്ഷാര്‍ത്ഥം കിടന്ന് പിടയ്ക്കുന്നു. ഇത് ഇരയുടെ മരണം ഉറപ്പിക്കുന്നതിനുള്ള മുതലകളുടെ ഒരു രീതിയാണ്. അതായിരിക്കാം വീഡിയോയിലെ കാഴ്ചയെന്ന് ഓസ്ട്രേലിയയിലെ ചാൾസ് ഡാർവിന്‍ സർവകലാശാലയിലെ മനുഷ്യ മുതല സംഘർഷത്തെക്കുറിച്ച് ഗവേഷണം ചെയ്യുന്ന ബ്രാണ്ടന്‍ സൈഡ്ല്യൂ അഭിപ്രായപ്പെട്ടത്.