മരണാസന്നയായ അമ്മയെ കാണാന്‍ ഫ്ലൈറ്റ് പിടിച്ച് പോവുകയായിരുന്നു മകൾ. എന്നാല്‍ സാങ്കേതിക തകരാര്‍ മൂലം വിമാനം ഒരു മണിക്കൂര്‍ വൈകി. അവസാനമായി അമ്മയെ കാണാന്‍ കഴിയില്ലെന്ന തിരിച്ചറിവ് അവരെ വല്ലാതെ വേദനപ്പിച്ചു.
മരിക്കാന്‍ കിടക്കുന്ന അമ്മയുടെ അടുത്തെത്താന്‍ മകളെ സഹായിച്ച വിമാനക്കമ്പനിയുടെ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡെൽറ്റ് എയര്‍ലൈനാണ് ഇത്തരമൊരു അസാധാരണ സഹായം നല്‍കിയതിനെ തുടർന്ന് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയത്. ഹന്ന വൈറ്റ് എന്ന യുവതിയാണ്, മരിക്കാന്‍ കിടക്കുന്ന അമ്മയുടെ അരികിലേക്ക് തന്നെ എത്തിക്കാന്‍ ഡെല്‍റ്റ എയര്‍ലൈന്‍സ് തന്നെ സഹായിച്ച ഹൃദയസ്പര്‍ശിയായ കഥ പുറത്ത് വിട്ടത്. സംഭവം വൈറലായതോടെ സിഎന്‍എന്‍ അടക്കമുള്ള മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു.
ന്യുമോണിയ ബാധിച്ച് ഹന്ന വൈറ്റിന്‍റെ അമ്മ കാത്ലീൻ നെൽസൺ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്നു. അമ്മയ്ക്ക് മണിക്കൂറുകൾ മാത്രമേ ആയുസൊള്ളൂവെന്ന് ഡോക്ടർമാർ ഹന്നയെ അറിയിച്ചു. ഇതിന് പിന്നാലെ ഹന്ന ടെക്സസിലെ ഡാളസിൽ നിന്ന് നോർത്ത് ഡക്കോട്ടയിലേക്കുള്ള ഒരു ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു. എന്നാല്‍, സാങ്കേതിക തകരാര്‍ മൂലം ഡാളസ് ഫോര്‍ട്ട് വർത്ത് ഇന്‍റര്‍നാഷണല്‍ എയർപോർട്ടിലെ ആദ്യ വിമാനം ഒരു മണിക്കൂറോളം വൈകി. ഇതോടെ തനിക്ക് ഡക്കോട്ടയിലേക്കുള്ള കണക്റ്റിംഗ് ഫ്ലൈറ്റ് നഷ്ടപ്പെടുമെന്ന് ഹന്നയ്ക്ക് ഉറപ്പായി.
എയർലൈനിന്‍റെ ഓട്ടോമാറ്റിക് റീബുക്കിംഗ് സംവിധാനം അടുത്ത ദിവസത്തേക്കാണ് ഹന്നയ്ക്കായി ഒരു പുതിയ ഫ്ലൈറ്റ് ടിക്കറ്റ് ശരിയാക്കിയത്. ഇതോടെ അമ്മയെ അവസാനമായി കാണാൻ കഴിയില്ലെന്ന ചിന്ത ഹന്നയെ ഏറെ വിഷമിപ്പിച്ചു. സങ്കടം സഹിക്കാനാകാതെ തന്‍റെ അസ്വസ്ഥയെ കുറിച്ച് ഹന്ന, ഒരു ഫ്ലൈറ്റ് അറ്റന്‍ഡന്‍റിനോട് പറഞ്ഞു. 'അമ്മയ്ക്ക് വിട നല്‍കാന്‍ എനിക്ക് കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഞാൻ സീറ്റിൽ കിടന്ന് കരഞ്ഞു' ഹന്ന വീഡിയോയില്‍ പറയുന്നു.
'പൊതപ്പ് പോലെയുണ്ട്'; വെറും കൈ കൊണ്ട് 12 അടിയുള്ള റൊട്ടിയുണ്ടാക്കുന്ന വീഡിയോ വൈറൽ
ഹന്നയുടെ സങ്കടകരമായ അവസ്ഥ ഫ്ലൈറ്റ് പൈലറ്റ് ക്യാപ്റ്റൻ കീത്ത് നാപോളിറ്റാനോയും അറിഞ്ഞു. ഇതോടെ അദ്ദേഹം മിനിയാപൊളിസിലെ കണക്റ്റിംഗ് ഫ്ലൈറ്റിന്‍റെ പൈലറ്റുമായി ബന്ധപ്പെട്ടു. ഹന്ന വൈറ്റ് എയര്‍പോര്‍ട്ടിൽ എത്തുന്നത് വരെ കണക്ടിംഗ് ഫ്ലൈറ്റിന് കാത്തിരിക്കാന്‍ പറ്റുമോ എന്ന് അദ്ദേഹം ചോദിച്ചു. ഹന്നയുടെ കഥ കേട്ട പൈലറ്റ് വിമാനം 30 മിനിറ്റ് വൈകിയേ പറക്കൂവെന്ന് ഉറപ്പ് നല്‍കി. അതോടെ വിമാനത്താവളത്തിലെത്തുമ്പോൾ ആദ്യം ഇറങ്ങുന്നതിനായി ഹന്നയ്ക്ക് വാതിലിന് സമീപത്തെ സീറ്റ് നല്‍കി.
മറ്റൊരു സഹയാത്രക്കാരന്‍ ഹന്നയ്ക്ക് പെട്ടെന്ന് തന്‍റെ കണക്ഷന്‍ ഫ്ലൈറ്റ് കണ്ടെത്തുന്നതിനായി നിയാപൊളിസ് വിമാനത്താവളത്തിന്‍റെ ഒരു മാപ്പ് നൽകി. 'ഡെൽറ്റയുടെ ദയ എന്നെ അമ്മയോടൊപ്പം അവസാനത്തെ 24 മണിക്കൂർ ഇരിക്കാന്‍ സഹായിച്ചു. അവസാനമായി ഒരിക്കൽ 'ഞാൻ നിന്നെ സ്നേഹിക്കുന്നു' എന്ന് പറയാനും എന്‍റെ ജീവിതകാലം മുഴുവൻ അവർ എനിക്ക് നൽകിയ ആശ്വാസം തിരികെ നൽകാനും എനിക്ക് കഴിഞ്ഞു. അടുത്ത ദിവസം എന്‍റെ അമ്മ മരിച്ചു'. ഹന്ന വികാരാധീനയായി പറഞ്ഞു. ഹന്നയുടെ വൈകാരികമായ വീഡിയോ കണ്ട സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഡെല്‍റ്റ എയര്‍ലൈനെയും ക്യാപ്റ്റൻ കീത്ത് നാപോളിറ്റാനോയെയും അഭിനന്ദിച്ചു.
'റഷ്യക്കാരിയായ ഭാര്യയുമായി നാട്ടില്‍ നടക്കാന്‍ വയ്യെന്ന്' ഇന്ത്യന്‍ യുവാവ്, വീഡിയോ വൈറൽ
