
യാത്ര ചെയ്യുക എന്നാൽ ചിലരെ എങ്കിലും സംബന്ധിച്ച് വലിയ തലവേദനയാണ്. ട്രെയിനാണെങ്കിൽ കൃത്യസമയത്തിന് എത്തുമോ? ആവശ്യമുള്ളതെല്ലാം പാക്ക് ചെയ്തോ, ബുക്ക് ചെയ്തത് ആണെങ്കിലും സുരക്ഷിതവും സമാധാനപൂർണവുമായ യാത്ര ആയിരിക്കുമോ, ഇങ്ങനെ നീളും അത്. എന്നാൽ, ആ യാത്രയിൽ തങ്ങളുടെ നായയെ കൂടി കൊണ്ടുപോവുക എന്നാൽ എന്താവും അവസ്ഥ? അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്.
ഒരു യുവതി തന്റെ ലാബ്രഡോറുമായി ട്രെയിനിൽ യാത്ര ചെയ്യുന്നതാണ് വീഡിയോ. വളരെ കൂളായിട്ടാണ് ഇരുവരുടേയും യാത്ര. ഒരു പെറ്റുമായി ട്രെയിനിൽ യാത്ര ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒന്നായി പലരും കണക്കാക്കുമെങ്കിലും ഇത് കാണുന്നവർ ശരിക്കും അത്ഭുതപ്പെടും. കാണുമ്പോൾ ട്രെയിനിലെ എസി ഫസ്റ്റ് ക്ലാസ് കോച്ചിലാണ് യുവതിയുടേയും നായയുടേയും യാത്ര എന്നാണ് മനസിലാവുന്നത്. അപ്പർ ബർത്തിൽ ഉറങ്ങുകയാണ് രണ്ടുപേരും.
വീഡിയോ തുടങ്ങുമ്പോൾ യുവതി ഉറങ്ങുന്നതായാണ് കാണുന്നത്. പുതപ്പ് കൊണ്ട് ആകെ പുതച്ചിട്ടുണ്ട്. എന്നാൽ, ഒരാൾ വന്ന് അവരെ തട്ടിവിളിക്കുന്നു. അപ്പോൾ അവർ പുതപ്പ് മാറ്റുന്നു. ആ നേരത്താണ് യുവതിയുടെ കൂടെ ഉള്ളത് ഒരു നായയാണ് എന്ന് മനസിലാവുന്നത്. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കുറിച്ചത് 'മുഴുവൻ സമയവും ഇന്ത്യൻ റെയിൽവേ നിങ്ങളുടെ സേവനത്തിന് സന്നദ്ധമാണ്' എന്നാണ്.
എന്നാൽ, സാമൂഹിക മാധ്യമങ്ങളിൽ എല്ലാവരും വീഡിയോ കണ്ട് അത്ര ഹാപ്പി ആയില്ല. പലരും ഇതിനെ വിമർശിക്കുകയും ചെയ്തു. ഇതൊക്കെ കൊണ്ടാണ് ട്രെയിനിലെ പുതപ്പടക്കം വളരെ വൃത്തികേടായിരിക്കുന്നത്. അടുത്ത ആളിന് കൊടുക്കുമ്പോൾ ഇത് കഴുകും എന്ന് പ്രതീക്ഷിക്കുന്നു തുടങ്ങിയ കമന്റുകളാണ് അവർ വീഡിയോയ്‍ക്ക് നൽകിയത്. അതേ സമയം വീഡിയോ ഇഷ്ടപ്പെട്ടവരും ഒട്ടും കുറവല്ല.