അപസ്മാരത്തിന് ചികിത്സ തേടിയെത്തി, സ്കാനിംഗിൽ കണ്ടെത്തിയത് 23 വർഷം പഴക്കമുള്ള വെടിയുണ്ട; അതും തലച്ചോറിൽ !

Published : May 01, 2026, 11:36 AM IST
23 year old bullet was found in head

Synopsis

അപസ്മാരത്തിന് ചികിത്സ തേടിയെത്തിയ ചൈനീസ് യുവാവിന്‍റെ തലയോട്ടിക്കുള്ളിൽ 23 വർഷം പഴക്കമുള്ള വെടിയുണ്ട കണ്ടെത്തി. കുട്ടിക്കാലത്ത് സംഭവിച്ച അപകടത്തിൽ തലയിൽ തറച്ച വെടിയുണ്ടയാണ് അപസ്മാരത്തിന് കാരണമെന്ന് സ്കാനിംഗിലൂടെയാണ് തിരിച്ചറിഞ്ഞത്. എന്നാൽ, ശസ്ത്രക്രിയ അപകടകരമായതിനാൽ വെടിയുണ്ട നീക്കം ചെയ്യാൻ സാധിച്ചില്ല.

 

കുട്ടിക്കാലത്തോ കൗമാരത്തിന്‍റെ തുടക്കത്തിലോ ഉണ്ടാകുന്ന അപകടങ്ങൾ പലപ്പോഴും നമ്മൾ മറന്ന് പോകും. എന്നാൽ, പ്രായമാകുമ്പോൾ ഈ അപകടങ്ങൾ ഉണ്ടാക്കിയ ശാരീരിക പ്രശ്നങ്ങൾ പതുക്കെ തലപൊക്കും. അങ്ങനെ വേദന സഹിക്കാതാകുമ്പോൾ ഡോക്ടറെ കാണുമ്പോഴാകും പണ്ട് സംഭവിച്ച അപകടത്തിന്‍റെ അനന്തര ഫലമാണെന്ന് നമ്മുക്ക തിരിച്ചറിവുണ്ടാവുക. അത്തരമൊരു അസാധാരണ സംഭവം ചൈനയിൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അപസ്മാരത്തിന് ചികിത്സ തേടിയെത്തിയ യുവാവിന്‍റെ തലയോട്ടിക്കുള്ളിൽ വെടിയുണ്ട. അതും 23 വർഷം മുമ്പ് തുളച്ച് കയറിയത്. പക്ഷേ, തന്‍റെ തലയ്ക്കുള്ളിൽ ഒരു വെടിയുണ്ട ഉണ്ടെന്നും അതാണ് തന്‍റെ അപസ്മാരത്തിന് കാരണമെന്നും യുവാവ് തിരിച്ചറിഞ്ഞത് സ്കാനിംഗ് റിപ്പോര്‍ട്ട് വന്നപ്പോളാണെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അപസ്മാരത്തിന് ചികിത്സ

 

2011 - നാണ് സംഭവം നടക്കുന്നത്. ചൈനയിലെ ഹെബെയ് പ്രവിശ്യയിലെ ഷാങ്ജിയാകോ നഗരത്തിൽ ജീവിക്കുന്ന വാങ് ടിയാൻക്വിങിന് അപസ്മാര രോഗം സ്ഥിരീകരിച്ചു. ഇടയ്ക്കിടയ്ക്ക് വരുന്ന അപസ്മാരത്തിന് ചില ചികിത്സകളൊക്കെ ചെയ്തെങ്കിലും മാറ്റമൊന്നുമില്ല. ഒടുവിൽ, വാങ് ഡോക്ടർമാരെ തേടിയെത്തി. അവർ തലയോട്ടിയുടെ സ്കാനിംഗ് നിർദ്ദേശിച്ചു. അങ്ങനയാണ് വാങ് സ്കാനിംഗിന് വിധേയനാകുന്നത്. സ്കാനിംഗ് റിപ്പോര്‍ട്ട് കണ്ട ഡോക്ടർമാരും പിന്നാലെ വാങും ഞെട്ടി. അയാളുടെ തലയോട്ടിക്ക് ഏറെ ആഴത്തിലായി ഒരു ബുള്ളറ്റ്! തലയ്ക്കുള്ളിൽ അങ്ങനെയൊരു ബുള്ളറ്റ് ഉള്ള കാര്യം വാങിന് അറിയില്ലായിരുന്നു. പിന്നാലെ നടത്തിയ കൗൺസിലിംഗിൽ വാങ് ഒരു പഴയ സംഭവം ഓർത്തെടുത്തു. 1988-ൽ തന്‍റെ വീടിന് സമീപത്ത് കൂടി നടക്കുമ്പോൾ തലയിൽ എന്തോ ശക്തമായി വന്നിടിച്ചു. തെറ്റാലിയിൽ നിന്നും തെറിച്ച കല്ലാണെന്നാണ് കരുതിയത്. അപ്പോൾ തന്നെ അടുത്തുള്ള പാരമ്പര്യ ചികിത്സകനെ കണ്ട് മരുന്ന് വച്ച രക്തപ്രവാഹം നിർത്തി. പിന്നെ മുറിവുണങ്ങിയതോടെ വാങ് അക്കാര്യം തന്നെ മറന്ന് പോയി.

വെടിയുണ്ട കണ്ടെത്തി, പക്ഷേ...

23 വർഷത്തോളം തലയോട്ടിയിൽ ആഴത്തിൽ തറച്ച് കയറിയ വെടിയുണ്ട സുരക്ഷിതമായി ഇരുന്നു. മറ്റ് അസ്വസ്ഥതകളോ രക്തസ്രാവനോ വെടിയുണ്ട കാരണം ഉണ്ടായില്ല. എന്നാൽ, കാലം കടന്ന് പോയോടെ വെടിയുണ്ട വാങിൽ അപസ്മാരത്തിന്‍റെ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങി. അപ്പോഴും അത്രയും കാലം ഒരു വെടിയുണ്ട തലച്ചോറിനുള്ളിൽ ഒരു പ്രശ്നവും ഉണ്ടാക്കാതെ സുരക്ഷിതമായി ഇരുന്നതെങ്ങനെയെന്ന കാര്യത്തിൽ ഡോക്ടർമാരും അമ്പരന്നു. വെടിയുണ്ടയുടെ സാന്നിധ്യവും രോഗകാരണവും കണ്ടെത്തിയെങ്കിലും ചികിത്സ മാത്രം നടത്താൻ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. കാരണം തലയോട്ടിക്ക് ഏറെ ഉള്ളലായി തലച്ചോറിനിടയിലാണ് വെടിയുണ്ട കിടക്കുന്നത്. ഇത്രയും ആഴത്തിൽ ശസ്ത്രക്രിയ ചെയ്താൽ അത് രോഗിയുടെ ജീവൻ തന്നെ അപകടത്തിലാക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. വെടിയുണ്ടയുടെ സാന്നിധ്യം തിരിച്ചറിയാൻ കഴിഞ്ഞെങ്കിലും തുടർ ചികിത്സകൾ നടത്താൻ അദ്ദേഹത്തിനായില്ലെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

 

PREV
Read more Articles on
click me!

Recommended Stories

മൂന്ന് ലക്ഷം ഫോളോവേഴ്സുള്ള ഇന്‍സ്റ്റാഗ്രാം ഇൻഫ്ലവൻസർ; ഭർത്താവിനാൽ കൊല്ലപ്പെട്ട നാഗലക്ഷ്മി ആരായിരുന്നു?
വിമാനയാത്രയിൽ കുഞ്ഞിന് കഴിക്കാൻ അല്പം പച്ചക്കറി കിട്ടുമോയെന്ന് ചോദിച്ചു, കിട്ടിയത് 'ക്യാപ്റ്റൻസ് മീൽ'; പെട്ടുപോയെന്ന് യുവതിയുടെ കുറിപ്പ്