വായു മലിനീകരണം; ദില്ലിയിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു

Published : Oct 29, 2025, 12:03 PM IST
rain artificially in Delhi

Synopsis

ദില്ലി സർക്കാരും ഐഐടി കാൺപൂരും ചേർന്ന് നടത്തിയ ക്ലൗഡ് സീഡിംഗ് മഴ പരീക്ഷണം കാര്യമായ ഫലം കണ്ടില്ല. മേഘങ്ങളിൽ ഈർപ്പം കുറവായതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.'

ന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാൺപൂരും (IIT-Kanpur) ദില്ലി സർക്കാരും ചേർന്ന് ചൊവ്വാഴ്ച നടത്തിയ ക്ലൗഡ് സീഡിംഗ് വഴിയുള്ള മഴ പരീക്ഷണം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. തലസ്ഥാനത്ത് കാര്യമായ മഴയൊന്നും രേഖപ്പെടുത്തിയില്ല. മേഘങ്ങളിലെ ഈർപ്പം കുറവായിരുന്നതാണ് ഇതിന് കാരണമായി കാണ്‍പൂര്‍ ഐഐടി ചൂണ്ടി കാണിക്കുന്നത്.

 

 

ഈർപ്പാംശം കുറഞ്ഞ മേഘം

ഐഐടി - കാൺപൂർ ഡയറക്ടർ മണീന്ദ്ര അഗർവാളിന്‍റെ അഭിപ്രായത്തിൽ, പദ്ധതി പരാജയപ്പെടാനുള്ള ഒരു പ്രധാന കാരണം, മേഘങ്ങളിലെ ഈർപ്പാംശം തീരെ കുറവായിരുന്നു എന്നതാണ്. മേഘങ്ങളിലെ ഈർപ്പാംശം 15–20 ശതമാനം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇത് മഴ ലഭിക്കാനുള്ള സാധ്യത വളരെയധികം കുറച്ചു. കൂടാതെ ഈ പ്രക്രിയ മലിനീകരണ പ്രശ്‌നത്തിന് ഒരു മാന്ത്രിക പരിഹാരമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

 

 

മറിച്ച് ഒരു അടിയന്തിര താൽക്കാലികാശ്വാസം മാത്രമാണന്നും മണിന്ദ്ര അഗർവാൾ കൂട്ടിച്ചേർത്തു. മലിനീകരണം അതിന്‍റെ ഉറവിടത്തിൽ തന്നെ തടയുന്നതിലാണ് യഥാർത്ഥ പരിഹാരം കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വീണ്ടും സമാനമായ ശ്രമങ്ങൾ നടത്തുമെന്നും കൂടുതൽ മികച്ച ഫലം പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

ക്ലൗഡ് സീഡിംഗ് പരീക്ഷണം

ദില്ലി സർക്കാരുമായി സഹകരിച്ച് വിമാനങ്ങളിൽ പറന്ന് കൊണ്ട് ദില്ലിയുടെ പുറം ഭാഗങ്ങളിലാണ് പരീക്ഷണം നടത്തിയത്. ഉപയോ​ഗിച്ച ഫ്ളെയറുകളിൽ 20 ശതമാനം സിൽവർ അയോഡൈഡും ബാക്കി കല്ലുപ്പും കറിയുപ്പും (rock salt and common salt) അടങ്ങിയ മിശ്രിതവുമാണ് ഉണ്ടായിരുന്നതെന്നും മണീന്ദ്ര അഗർവാൾ വ്യക്തമാക്കി. അനുകൂലമായ മേഘാവസ്ഥയും ഈർപ്പവും ഉണ്ടെങ്കിൽ ബുധനാഴ്ച രണ്ട് പരീക്ഷണങ്ങൾ കൂടി ആസൂത്രണം ചെയ്തിട്ടുണ്ട്.

ക്ലൗഡ് സീഡിംഗ് പരീക്ഷണം പ്രതീക്ഷിച്ച മഴ നൽകിയില്ലെങ്കിലും, ദില്ലിയിലെ അന്തരീക്ഷ സാഹചര്യങ്ങളിൽ ഈ സാങ്കേതികവിദ്യയുടെ പരിമിതികളെക്കുറിച്ച് വിലപ്പെട്ട വിവരങ്ങൾ ലഭിച്ചെന്ന് റിപ്പോര്‍ട്ടുകൾ ചൂണ്ടിക്കാട്ടുന്നു. മേഘങ്ങളിൽ ആവശ്യത്തിന് ഈർപ്പം ഇല്ലാതെ, കൃത്രിമ മഴയുണ്ടാക്കാനുള്ള ശ്രമങ്ങൾ അനിശ്ചിതമായിരിക്കുമെന്നതാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടതെന്നും സംഘം വിശദീകരിച്ചു. 1.2 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് കണക്കാക്കിയത്.

PREV
Read more Articles on
click me!

Recommended Stories

രണ്ട് മക്കളടങ്ങുന്ന കുടുംബം, ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ടു, എങ്ങനെ ജീവിക്കും, ഇന്ത്യൻ ടെക്കിയുടെ പോസ്റ്റ്
ആറ് കിലോ കുറഞ്ഞു, മാനസികവും ശാരീരികവുമായി തളർന്നു, തൊഴിലുടമ ചൂഷണം ചെയ്യുകയാണ്, ജോലിക്കാരിയുടെ പോസ്റ്റ്