ചൈനയിൽ പല്ലുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ 63-കാരന് ദാരുണാനുഭവം. സൗജന്യ പരിശോധനയുടെ പേരിൽ ക്ലിനിക്കിലെത്തിച്ച ഇദ്ദേഹത്തിന്‍റെ പല്ലുകൾ പിഴുതെടുക്കുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്തു. വ്യാജരേഖ ചമച്ച ക്ലിനിക്കിനെതിരെ അധികൃതർ നടപടി സ്വീകരിച്ചു.
ചൈനയിൽ പല്ലുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ അറുപത്തിമൂന്നുകാരന്‍റെ വായയിലെ അവശേഷിച്ച പല്ലുകളെല്ലാം പിഴുതെടുക്കുകയും, ബാങ്ക് അക്കൗണ്ടിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ ഡെന്‍റൽ ക്ലിനിക്കിനെതിരെ കടുത്ത നടപടിയുമായി അധികൃതർ. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിലുള്ള ബയോജി സ്വദേശിയായ ലി എന്ന 63 -കാരനാണ് ദതുവാൻയുവാൻ ഡെന്‍റൽ ക്ലിനിക്കിൽ ക്രൂരമായ തട്ടിപ്പിനിരയായത്. 'സൗത്ത് ചൈന മോണിംഗ് പോസ്റ്റ്' ആണ് ഈ ഞെട്ടിക്കുന്ന വാർത്ത പുറത്തുവിട്ടത്.
സൗജന്യ പരിശോധന, വമ്പൻ പരസ്യം
"രാവിലെ ഇംപ്ലാന്‍റ് ചെയ്യൂ, ഉച്ചയ്ക്ക് ഇറച്ചി കഴിക്കൂ", "പല്ലുകൾ സ്വന്തമാക്കൂ, നൂറിലധികം കാലം ജീവിക്കൂ" തുടങ്ങിയ ആകർഷകമായ പരസ്യങ്ങളിൽ വീണാണ് താൻ ഈ ക്ലിനിക്കിൽ എത്തിയതെന്ന് ലി മാധ്യമങ്ങളോട് പറഞ്ഞു. സൗജന്യ പരിശോധന വാഗ്ദാനം ചെയ്ത് ക്ലിനിക് ജീവനക്കാർ വണ്ടിയയച്ചാണ് ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടുവന്നത്. എന്നാൽ, പരിശോധനയ്ക്കിടെ ക്ലിനിക്കധികൃതർ ഇദ്ദേഹത്തിന്‍റെ വായിൽ അവശേഷിച്ചിരുന്ന 12 പല്ലുകളും ഒന്നിച്ച് പിഴുതെടുക്കുകയും 10 ഇംപ്ലാന്‍റുകൾ ഘടിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ലിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഡിജിറ്റൽ വാലറ്റുകളിൽ നിന്നുമായി 18,800 യുവാൻ (ഏകദേശം 2.6 ലക്ഷം രൂപ) ക്ലിനിക്കുകാർ ബലമായി തട്ടിയെടുത്തു. ഒപ്പം 6,200 യുവാൻ (ഏകദേശം 87,000 രൂപ) കൂടി ഇദ്ദേഹം ഇനിയും അടയ്ക്കാനുണ്ടെന്നും ക്ലിനിക് അധികൃതർ വാശിപിടിച്ചു.
ബാക്കിയുണ്ടായിരുന്നത് വെറും 430 രൂപ!
"എന്‍റെ മകൻ എന്നെ വന്നു കാണുമ്പോൾ എന്‍റെ വായ മുഴുവൻ ചോരയൊലിക്കുന്ന അവസ്ഥയിലായിരുന്നു. നാട്ടിലേക്ക് മടങ്ങാൻ ബസ് ചാർജിനായി വെറും 30 യുവാൻ (ഏകദേശം 420 രൂപ) മാത്രമാണ് എന്‍റെ കൈയിൽ അവർ ബാക്കി വെച്ചിരുന്നത്," ലി വേദനയോടെ ഓർക്കുന്നു. ഹൃദ്രോഗം, പ്രമേഹം, അമിത രക്തസമ്മർദ്ദം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ആളായിരുന്നു ലി. അദ്ദേഹത്തിന്‍റെ ഹൃദയത്തിൽ നാല് സ്റ്റെന്‍റുകളും ഇട്ടിട്ടുണ്ടായിരുന്നു. ഇത്തരം രോഗാവസ്ഥയുള്ളവരിൽ പല്ല് പിഴുതെടുക്കുന്നതിന് മുൻപ് അതീവ ജാഗ്രത പുലർത്തണമെന്ന മെഡിക്കൽ ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തിയായിരുന്നു ക്ലിനിക്കിന്‍റെ ഈ ക്രൂരത.
വ്യാജരേഖ ചമയ്ക്കലും ലിംഗമാറ്റവും!
ചികിത്സയിൽ ഗുരുതരമായ ക്രമക്കേടുകൾ ആരോപിച്ച് ലിയുടെ കുടുംബം ആരോഗ്യ വകുപ്പിന് പരാതി നൽകിയതോടെയാണ് ക്ലിനിക്കിന്‍റെ കൂടുതൽ തട്ടിപ്പുകൾ പുറത്തുവന്നത്. ക്ലിനിക് നൽകിയ മെഡിക്കൽ രേഖകളെല്ലാം അപൂർണ്ണമായിരുന്നു. രേഖകളിലെ അപാകതകൾ കുടുംബം ചൂണ്ടിക്കാണിക്കുമ്പോഴൊക്കെ ക്ലിനിക്കധികൃതർ പുതിയ വ്യാജരേഖകൾ നിർമ്മിച്ച് നൽകി. അതിനുപുറമേ പുരുഷനായ ലിയുടെ മെഡിക്കൽ റെക്കോർഡുകളിൽ 'സ്ത്രീ' എന്നാണ് ക്ലിനിക്കുകാർ രേഖപ്പെടുത്തിയിരുന്നത്. പല്ല് പിഴുതെടുക്കുന്നതിന് മുൻപ് നടത്തേണ്ട ഹൃദയസംബന്ധമായ പരിശോധനയുടെ രേഖകൾ, ചികിത്സ കഴിഞ്ഞ് ആറ് മാസങ്ങൾക്ക് ശേഷമാണ് ക്ലിനിക് കുടുംബത്തിന് കൈമാറിയത്. സംഭവം വിവാദമായതോടെ ചൈനീസ് ആരോഗ്യ വകുപ്പ് അധികൃതർ ക്ലിനിക്കിനെതിരെ ശക്തമായ നടപടി സ്വീകരിച്ചു. ലിയിൽ നിന്ന് ഈടാക്കിയ ചികിത്സാ തുക മുഴുവൻ ഉടനടി തിരികെ നൽകാൻ അധികൃതർ ക്ലിനിക്കിന് നിർദ്ദേശം നൽകി. അന്വേഷണത്തിന്‍റെ ഭാഗമായി ക്ലിനിക്കിന്‍റെ പ്രവർത്തനം പൂർണ്ണമായും നിർത്തിവച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.


