Asianet News MalayalamAsianet News Malayalam

'അമ്മയുടെ 31 വര്‍ഷത്തെ പോരാട്ടത്തിന്‍റെ ജയം': പേരറിവാളന്‍

പിന്തുണയ്ക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത മുഖ്യമന്ത്രി എം കെ സ്റ്റാലിനോടും മറ്റ് നേതാക്കളോടും നന്ദി പറയുന്നുവെന്നായിരുന്നു പേരറിവാളന്‍റെ അമ്മ അര്‍പ്പുതമ്മാളിന്‍റെ പ്രതികരണം

Mother s struggle won says A G Perarivalan
Author
Chennai, First Published May 18, 2022, 1:36 PM IST

ചെന്നൈ: മുപ്പത്തിയൊന്ന് വര്‍ഷത്തെ ജയില്‍വാസം അവസാനിപ്പിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവില്‍ സന്തോഷം പ്രകടിപ്പിച്ച് പേരറിവാളന്‍ (A G Perarivalan). അമ്മയുടെ 31 വര്‍ഷത്തെ പോരാട്ടത്തിന്‍റെ ജയമെന്നായിരുന്നു പേരറിവാളന്‍റെ പ്രതികരണം. തങ്ങളെ പിന്തുണയ്ക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത മുഖ്യമന്ത്രി എം കെ സ്റ്റാലിനോടും മറ്റ് നേതാക്കളോടും നന്ദി പറയുന്നുവെന്നായിരുന്നു പേരറിവാളന്‍റെ അമ്മ അര്‍പ്പുതമ്മാളിന്‍റെ പ്രതികരണം. സമ്പൂർണ്ണ നീതി ഉറപ്പാക്കാൻ ഭരണഘടന സുപ്രീംകോടതിക്ക് നല്‍കുന്ന അധികാരം ഉപയോഗിച്ചാണ് പേരറിവാളനെ മോചിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിച്ചത്.

മോചനത്തിനുള്ള അപേക്ഷ പേരറിവാളൻ തമിഴ്നാട് ഗവർണ്ണർക്ക് 2015 ലാണ് നല്‍കിയത്. എന്നാൽ തീരുമാനം എടുക്കാതെ ഗവർണ്ണർ ഇതു നീട്ടിക്കൊണ്ട് പോയപ്പോഴാണ് പേരറിവാളൻ സുപ്രീംകോടതിയിൽ എത്തിയത്. പിന്നീട് തമിഴ്നാട് സർക്കാർ മോചനത്തിന് ശുപാർശ നല്‍കിയെങ്കിലും ഗവർണ്ണർ തീരുമാനം രാഷ്ട്രപതി എടുക്കട്ടെ എന്ന നിലപാട് സ്വീകരിച്ചു. കേന്ദ്രസർക്കാരും ഗവർണ്ണറുടെ നിലപാടിനോട് യോജിച്ചു. ഈ വാദം തള്ളിയാണ് സുപ്രീംകോടതി മോചനത്തിന് ഉത്തരവ് നല്‍കിയത്. സംസ്ഥാന സർക്കാർ ശുപാർശ നല്‍കിയാല്‍ ഗവർണ്ണർക്ക് തീരുമാനിക്കാം. അത് രാഷ്ട്രപതിക്ക് വിട്ടത് എന്തിനെന്ന് കോടതി ചോദിച്ചു. 

ഭരണഘടനയുടെ 142 ആം അനുച്ഛേദം നല്‍കുന്ന അധികാരം ഉപയോഗിച്ച് കോടതി തന്നെ മോചനത്തിന് ഉത്തരവിടുകയാണെന്നും ജസ്റ്റിസ് എൽ നാഗേശ്വർ റാവു അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. രാജീവ് ഗാന്ധി വധക്കേസിൽ 25 പേർക്കാണ് ആദ്യം വിചാരണ നടത്തിയ ടാഡ കോടതി വധശിക്ഷ നല്‍കിയത്. ഇതിൽ പേരറിവാളൻ ഉൾപ്പടെ എഴുപേരുടെ ശിക്ഷ സുപ്രീംകോടതി ശരിവച്ചു. ദയാഹ‍ർജിയിലെ തീരുമാനത്തിന് കാലതാമസം ഉണ്ടയത് ചൂണ്ടിക്കാട്ടി വധശിക്ഷ ജീവപര്യന്തമാക്കി. ഈ വർഷം മാർച്ചിൽ കോടതി പേരറിവാളന് ജാമ്യം നല്‍കിയിരുന്നു. ഗവർണ്ണറുടെ അധികാരം പോലുള്ള ഭരണഘടന വിഷയങ്ങളിൽ കോടതി 142ആം അനുച്ഛേദം പ്രയോഗിക്കുന്നത് അസാധാരണമാണ്. 
 

Follow Us:
Download App:
  • android
  • ios