
ഇന്ത്യന്‍ പരമ്പരാഗത വിവാഹങ്ങളില്‍, കുടുംബാംഗങ്ങളാണ് പെണ്‍കുട്ടിയുടെ വരനെ കണ്ടെത്തുന്നതും തീരുമാനിക്കുന്നതും. പലപ്പോഴും അവിടെ പെണ്‍കുട്ടിയുടെ താത്പര്യങ്ങളോ ഇഷ്ടാനിഷ്ടങ്ങളോ ആരും അന്വേഷിക്കാറ് പോലുമില്ല. ഇത്തരം വിവാഹങ്ങളില്‍ ഒന്നെങ്കില്‍ വിവാഹത്തിന് തൊട്ട് മുമ്പ് അല്ലെങ്കില്‍ വിവാഹത്തിന് പിന്നാലെ പെണ്‍കുട്ടി തന്‍റെ കാമുകനൊപ്പം ഒളിച്ചോടി എന്ന വാര്‍ത്തകളോ അതല്ലെങ്കില്‍ അസ്വസ്ഥകരമായ ഒരു ദാമ്പത്യമോ ആയിരിക്കും അവസാനം. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ബുണ്ഡി ജില്ലയിലെ നൈൻവ പട്ടണത്തിലും സമാനമായൊരു സംഭവം നടന്നു.
വരന്‍റെയും വധുവിന്‍റെയും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ജനുവരി 22 നായിരുന്നു വിവാഹ നിശ്ചയം കഴിഞ്ഞത്. കഴിഞ്ഞ ഞായറാഴ്ച, വസന്ത പഞ്ചമി ദിവസം ആര്‍ഭാടമായി സംഘടിപ്പിച്ച വിവാഹമായിരുന്നു അത്. വിവാഹ സമയത്തിന് മുമ്പ് തന്നെ വരനും വരന്‍റെ ബന്ധുക്കളും വിവാഹ പന്തലിലേക്ക് എത്തിചേര്‍ന്നു. എല്ലാവരും വധുവിനായി കാത്തിരുന്നു. നിമിഷങ്ങൾ മണിക്കൂറുകൾക്ക് വഴി മാറി. എന്നാല്‍, വധു മാത്രം വിവാഹ പന്തലിലേക്ക് എത്തിയില്ല. അന്വേഷിച്ചപ്പോൾ, തലേന്ന് രാത്രി വരെ വധു വീട്ടിലുണ്ടായിരുന്നു. രാത്രിയി ഭക്ഷണം എല്ലാവരും ഒന്നിച്ചാണ് കഴിച്ചതും കിടക്കാന്‍ പോയതും. പക്ഷേ, രാവിലെ എഴുന്നേറ്റപ്പോൾ വധുവിനെ വീട്ടില്‍ കാണാനില്ലായിരുന്നു.
വധുവിന്‍റെ അച്ഛന്‍ പോലീസ് സ്റ്റേഷനിലെത്തി തന്‍റെ മകളെ ആരോ തട്ടിക്കൊണ്ട് പോയതായി പരാതി നല്‍കി. പിന്നാലെ വരന്‍റെ അച്ഛനും കുടുംബാംഗങ്ങളും നൈൻവ പോലീസ് സ്റ്റേഷനിലെത്തി. ഇത് കുറച്ച് സമയത്തേക്ക് പോലീസ് സ്റ്റേഷനിൽ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. വരന്‍റെ ബന്ധുക്കളും വധുവിനെ കാണാനില്ലെന്ന് സ്ഥിരീകരിച്ചു. പോലീസ് അന്വേഷണത്തില്‍ തലേന്ന് രാത്രി വീട്ടില്‍ കിടന്നുറങ്ങിയ വധു, അതിരാവിലെ കാമുകനൊപ്പം ഒളിച്ചോടിയതാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ വരനും കുടുംബാംഗങ്ങളും തിരികെ പോയി. ഗ്രാമത്തിലെ ഒരു യുവാവ് മകളെ തട്ടിക്കൊണ്ട് പോയതായി വധുവിന്‍റെ അച്ഛന്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇരുവരും എത്രയും പെട്ടെന്ന് കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു.